കണ്ണൂർ: ഭരണത്തുടർച്ചയിലൂടെ കേരളത്തിൽ എൽ.ഡി.എഫ് കൈവരിച്ച ചരിത്രനേട്ടം സി.പി.എമ്മിന് ശക്തിയും പെരുമയും നൽകിയെന്ന് 23ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട സംഘടനാ റിപ്പോർട്ട്. അതേസമയം, കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് ഭൂരിപക്ഷ സമുദായത്തിൽ ഒരുവിഭാഗവും ന്യൂനപക്ഷ വിഭാഗവും സി.പി.എമ്മിൽ വിശ്വാസം അർപ്പിക്കാതിരുന്നത് കാരണം വലിയ തിരിച്ചടിയാണ് നേരിട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു. സംഘടനാ റിപ്പോർട്ട് പി.ബിയും കേന്ദ്ര കമ്മിറ്റിയും അംഗീകരിക്കും മുമ്പ് ചാനലിന് ചോർന്നത് കേന്ദ്രനേതൃത്വത്തിന് ക്ഷീണവുമായി.

പരിമിതികൾക്കുള്ളിൽനിന്ന് ഒരു സംസ്ഥാന സർക്കാറിന് ജനകേന്ദ്രീകൃതമായ ബദൽനയങ്ങൾ എങ്ങനെ നടപ്പാക്കാനാവുമെന്നതാണ് ഭരണത്തുടർച്ച കാണിക്കുന്നതെന്ന് കേന്ദ്രനേതൃത്വം വ്യക്തമാക്കുന്നു. ഈ ബദൽ നയങ്ങൾക്കാണ് ജനങ്ങൾ അംഗീകാരം നൽകിയത്. വിജയം വലിയ ഉത്തരവാദിത്തമാണ് നൽകിയിരിക്കുന്നത്. ബി.ജെ.പി, ആർ.എസ്.എസിന് എതിരായ പോരാട്ടത്തിന്റെ രാഷ്ട്രീയ ലൈൻ ഉയർത്തിക്കാട്ടാനായതും കോൺഗ്രസിന്റെ ബി.ജെ.പിയോടുള്ള അവസരവാദ നിലപാടുകൾ തുറന്നുകാട്ടിയതുമാണ് 2021ലെ വലിയ വിജയത്തിന് ഇടയാക്കിയതെന്നും വിശദീകരിക്കുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ദേശീയതലത്തിലുണ്ടായ തകർച്ച വിവരിക്കുന്നിടത്താണ് കേരളത്തിലെ തിരിച്ചടി എടുത്തുപറയുന്നത്. 2019ലെ പാർലമെൻറ് തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ ചരിത്രത്തിലെ ഏറ്റവും ദയനീയ പ്രകടനമായിരുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. കേവലം മൂന്ന് സീറ്റും 1.37 ശതമാനം വോട്ടും മാത്രമാണ് പാർട്ടിക്ക് ലഭിച്ചത്. പാർട്ടിയുടെ സ്വതന്ത്ര ശക്തിയിലും രാഷ്ട്രീയമായി ഇടപെടാനുള്ള കഴിവിലും വലിയ ചോർച്ചയുണ്ടായി. കേരളം, പശ്ചിമ ബംഗാൾ, ത്രിപുര സംസ്ഥാനങ്ങളിലെ തോൽവിയാണ് ഇതിന് ആക്കം കൂട്ടിയത്. ബംഗാളിൽ വോട്ടർമാർക്കിടയിലുണ്ടായ ഭൂരിപക്ഷ അനുകൂല ധ്രുവീകരണം സി.പി.എമ്മിനാണ് തിരിച്ചടിയായത്. പാർട്ടി കേഡർമാർ ബി.ജെ.പിക്ക് അനുകൂലമായി നിലപാട് എടുത്തു. ബംഗാളിലെ തോൽവി കനത്ത തകർച്ചയാണ് പാർട്ടിക്ക്. തോൽവിയിൽ സംസ്ഥാനഘടകം സ്വയംവിമർശനാത്മകമായി വിലയിരുത്തൽ നടത്തുകയും പാഠങ്ങൾ ഉൾക്കൊള്ളുകയും ചെയ്തിട്ടുണ്ട്. ഇത് സ്വാംശീകരിച്ച് തിരുത്തൽ നടപടി സ്വീകരിക്കണമെന്ന് പി.ബി നിർദേശിക്കുന്നു.

കേരളത്തിൽ പാർലമെൻറ് തെരഞ്ഞെടുപ്പിൽ ദേശീയതലത്തിൽ ബി.ജെ.പിയെ നേരിടാൻ സി.പി.എമ്മിനാവില്ലെന്ന നിലപാടിൽ സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗം എത്തിച്ചേർന്നു. അതിനാൽ ആ വിഭാഗത്തിന്റെ വോട്ട് ലഭിച്ചില്ല. ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ എടുത്ത നിലപാട് പാർട്ടിയുടെ അടിസ്ഥാന വോട്ട് വിഭാഗത്തിൽ ഒരുവിഭാഗത്തെ സി.പി.എമ്മിൽനിന്ന് അകറ്റിയെന്നും ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - CPM Party Congress with evaluation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.