കുത്തകകളുടെ പിറകെ പോകുന്ന ബി.ജെ.പി കർഷകരെ രക്ഷിക്കുമെന്ന് ധരിക്കുന്നവർ പാഠം പഠിക്കുമെന്ന് സി.പി.എം

തിരുവനന്തപുരം: അദാനിയും അംബാനിയും ഉൾപ്പെടെയുള്ള കുത്തകൾക്ക്‌ അനുകൂലമായ നിലപാട്‌ സ്വീകരിക്കുന്ന ബി.ജെ.പി സർക്കാർ കർഷകരെ രക്ഷിക്കുമെന്ന്‌ ധരിക്കുന്നവർ പാഠം പഠിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. റബ്ബറിന്‌ വിലകൂടുമെന്ന്‌ പറഞ്ഞ്‌ ബി.ജെ.പിക്ക്‌ പിറകെ പോകുന്നവർ വഞ്ചിക്കപ്പെടും. ആരെങ്കിലും പറയുന്നതിനോ, ചെയ്യുന്നതിനോ അനുസരിച്ച്‌ റബ്ബറിന്റെ വില മാറില്ല. ആസിയാൻ കരാറിന്റെ ഭാഗമായാണ്‌ റബ്ബറിന്‌ വില ഇടിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ റബ്ബറിന് 300 രൂപ തറവില പ്രഖ്യാപിച്ചാൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സഹായിക്കുമെന്ന സീറോ മലബാർ സഭ തലശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസംഗത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രസ്താവന.

കേരളത്തിലെ മതമൈത്രിയിൽ വിഷം കലർത്താനാണ്‌ ബി.ജെ.പി ശ്രമിക്കുന്നതെന്ന് എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി. കേരളത്തെപോലെ പ്രധാനപ്പെട്ട മൂന്ന്‌ മതങ്ങൾ ഇത്രയും ഐക്യത്തോടെ ജീവിക്കുന്ന പ്രദേശം ലോകത്ത്‌ എവിടെയും ഉണ്ടാവില്ല. ഹിന്ദു, മുസ്ലിം, ക്രിസ്‌ത്യൻ മതവിഭാഗങ്ങൾ രമ്യതയോടെ കഴിയുന്നത്‌ ബി.ജെ.പിക്കും ആർ.എസ്‌.എസിനും ദഹിക്കുന്നില്ല. ആർ.എസ്‌.എസും ന്യൂനപക്ഷ വർഗീയ വാദികളും കേരളത്തിന്റെ മതനിരപേക്ഷത തകർക്കാനാണ്‌ ശ്രമിക്കുന്നത്‌.

വർഗീയതക്കെതിരെ സന്ധിയില്ലാ പോരാട്ടം നടക്കേണ്ട കാലമാണിത്‌. കേരളത്തിൽ മതധ്രുവീകരണത്തിലൂടെ നേട്ടം കൊയ്യാനാണ്‌ ബി.ജെ.പി നീക്കം. ഇതിനിടയിൽ ന്യൂനപക്ഷങ്ങളെ തങ്ങൾക്ക്‌ അനുകൂലമാക്കി മാറ്റാനും ശ്രമമുണ്ട്‌. ഇതിന്റെ ഭാഗമായാണ്‌ മുസ്ലിം, ക്രിസ്‌ത്യൻ സംഘടനകളമായുള്ള ചർച്ചകൾ. 21 സംസ്ഥാനങ്ങളിൽ 598 കലാപങ്ങൾ നടത്തിയ പട്ടികയുമായാണ്‌ ക്രിസ്‌ത്യൻ സംഘടനകൾ ഡൽഹിയിൽ പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. 

Tags:    
News Summary - CPM secretary MV Govindan statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.