തിരുവനന്തപുരം: ആലപ്പുഴ ജില്ലയിൽ സി.പി.എമ്മിലെ വിഭാഗീയതയിൽ നേതാക്കൾക്കെതിരായ അച്ചടക്ക നടപടി ഉടൻ. വിഭാഗീയത അന്വേഷിച്ച ടി.പി. രാമകൃഷ്ണൻ, പി.കെ. ബിജു എന്നിവരടങ്ങിയ കമീഷൻ സമർപ്പിച്ച റിപ്പോർട്ട് വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്തു.
പി.പി. ചിത്തരഞ്ജൻ എം.എൽ.എ, മുൻ എം.എൽ.എമാരായ സി.കെ. സദാശിവൻ, ടി.കെ. ദേവകുമാർ എന്നിവരുൾപ്പെടെ മുപ്പതോളം പേർക്കെതിരായ നടപടി അംഗീകരിച്ചതായാണ് സൂചന.
ജൂൺ 19, 20 തീയതികളിൽ നടക്കുന്ന ജില്ല നേതൃയോഗത്തിൽ നേതാക്കൾക്കെതിരായ നടപടി റിപ്പോർട്ട് ചെയ്യും. ജില്ല യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരിട്ട് പങ്കെടുക്കും. കഴിഞ്ഞ പാർട്ടി സമ്മേളന കാലത്ത് കടുത്ത വിഭാഗീയത അരങ്ങേറിയത് ജില്ലയിലെ ആലപ്പുഴ സൗത്ത്, നോർത്ത്, തകഴി, ഹരിപ്പാട് ഏരിയ കമ്മിറ്റികളിലാണ്.
പ്രതിനിധികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. തോൽപിക്കേണ്ടവരുടെ പട്ടിക തയാറാക്കി വിതരണം ചെയ്തത് മുതൽ വോട്ടിനായി വാഗ്ദാനങ്ങൾ നൽകൽവരെ നടന്നു.
കുറ്റാരോപിതരെ പദവികളിൽനിന്ന് തരംതാഴ്ത്താനാണ് സാധ്യത. നടപടിക്ക് മുന്നോടിയായി സംസ്ഥാന സെക്രട്ടറി ഇവർക്ക് നോട്ടീസ് നൽകിയിരുന്നു. ആലപ്പുഴ സൗത്ത്, നോർത്ത് ഏരിയ കമ്മിറ്റികൾ പിരിച്ചുവിട്ടേക്കും.
തകഴി, ഹരിപ്പാട് ഏരിയ കമ്മിറ്റി സമ്മേളനങ്ങളിൽ ഗൂഢാലോചന നടത്തി തോൽപിച്ചവരെ കമ്മിറ്റിയിൽ ഉൾപ്പെടുത്തും. ലഹരി വസ്തുക്കൾ കടത്തിയ സംഭവത്തിൽ ഉൾപ്പെട്ട ആലപ്പുഴ നഗരസഭ കൗൺസിലർ എ. ഷാനവാസിനെതിരായ നടപടിയിലും തീരുമാനമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.