കോഴിക്കോട്: താത്കാലിക രാഷ്ട്രീയ നേട്ടങ്ങൾക്കായി മുഖ്യമന്ത്രിയും സി.പി.എമ്മും നടത്തുന്ന വർഗീയ പ്രചാരണം സംസ്ഥാനത്ത് സംഘപരിവാറിനെ ശക്തിപ്പെടുത്താൻ ഹേതുവാകുമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്. സംഘപരിവാർ ഉയർത്തുന്ന രാഷ്ട്രീയ പ്രൊപഗണ്ടയുടെ പ്രചാരകരാവുകയാണ് സമീപകാലത്തായി സി.പി.എമ്മെന്നും കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു.
കേരളത്തിലെ മുസ്ലീം സമൂഹത്തെയും സംഘടനകളെയും പൈശാചികവത്കരിച്ച് ശത്രുപക്ഷത്ത് നിർത്താനാണ് സി.പി.എം ശ്രമിക്കുന്നത്. ഹൈന്ദവ ക്രൈസ്തവ വോട്ടുകൾ തങ്ങൾക്കനുകൂലമായി മാറ്റാനുള്ള ഹീനവും ജനാധിപത്യ വിരുദ്ധവുമായ ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
ആഗോള തലത്തിൽ സാമ്രാജ്യത്വ ശക്തികളും ദേശീയ തലത്തിൽ ബി.ജെ.പിയും സംഘപരിവാറും എടുത്തുപയോഗിക്കുന്ന 'ഇസ്ലാം ഭീതി' ബോധപൂർവം പടർത്തുകയാണ് സി.പി.എം. പരസ്പരം തിരിച്ചറിയാനാകാത്ത വിധം ഒരേ തരത്തിലാണ് സി.പി.എമ്മും സംഘപരിവാറും സംസാരിക്കുന്നത്. മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും ഇപ്പോൾ പറയുന്നത് തങ്ങൾ നേരത്തെ പറഞ്ഞ സത്യങ്ങളാണെന്നാണ് ബി.ജെ.പി ഭാഷ്യം. ഇൗ ശൈലി തെരഞ്ഞെടുപ്പിൽ വിജയം നൽകിയേക്കാമെങ്കിലും കേരളം ഇതുവരെ ഉയർത്തിപ്പിടിച്ച ഫാഷിസ്റ്റ് വിരുദ്ധവും മതനിരപേക്ഷവുമായ നിലപാടിനെ തകർക്കുമെന്നും അമീർ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനു വേണ്ടി 1980കളിലും മുസ്ലിം വിരുദ്ധ നിലപാട് സി.പി.എം പരസ്യമായി സ്വീകരിച്ചിട്ടുണ്ട്. അന്നതിന്റെ മുതലെടുപ്പിന് കേരള രാഷ്ട്രീയാന്തരീക്ഷത്തിൽ സി.പി.എം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ, ഇന്നത്തെ സാഹചര്യം തീർത്തും വ്യത്യസ്തമാണ്. കേന്ദ്ര അധികാരത്തിന്റെ ബലത്തിൽ ബി.ജെ.പി സംസ്ഥാനത്ത് വേരുറപ്പിക്കാൻ കഠിനയത്നം നടത്തിക്കൊണ്ടിരിക്കെ, ഇൗ നിലപാട് െകാണ്ട് ബി.ജെ.പിയാണ് നേട്ടം കൊയ്യുകയെന്ന സാമാന്യ രാഷ്ട്രീയ ബുദ്ധി സി.പി.എമ്മിന് ഉണ്ടാകണം. മതനിരപേക്ഷതയോട് കാണിക്കുന്ന കാപട്യം സി.പി.എമ്മിന് ദോഷം മാത്രമേ ചെയ്യൂ.
ന്യൂനപക്ഷക്ഷേമ പ്രവർത്തനങ്ങളുടെയെല്ലാം നേട്ടം കൊയ്യുന്നത് മുസ്ലിം സമുദായമാണെന്ന ക്രൈസ്തവ സമൂഹത്തിന്റെ തെറ്റിദ്ധാരണ കേരളത്തിലെ സാമുദായികാന്തരീക്ഷത്തെ അപകടപ്പെടുത്തും. എന്നാൽ യഥാർഥ വസ്തുത വ്യക്തമാക്കി തെറ്റിദ്ധാരണ തിരുത്താൻ മുന്നിട്ടിറങ്ങേണ്ട സർക്കാറും ന്യൂനപക്ഷ വകുപ്പും കാണിക്കുന്ന അലംഭാവം വർഗീയ ധ്രുവീകരണത്തിന് ഹേതുവാകും. ഈ വിഷയത്തിൽ സർക്കാറിന്റെത് കുറ്റകരമായ അനാസ്ഥയാണെന്നും അമീർ കുറ്റപ്പെടുത്തി.
മുസ്ലിം ലീഗിനെതിരെ മുഖ്യമന്ത്രി നടത്തിയ രാഷ്ട്രീയ വിമർശനം സാമുദായികവത്കരിക്കാനല്ലേ ജമാഅത്ത് ശ്രമിക്കുന്നതെന്ന ചോദ്യത്തിന് ഒരിക്കലുമല്ല എന്നായിരുന്നു അമീറിന്റെ മറുപടി. 'യു.ഡി.എഫിനെ നയിക്കുന്നത് കുഞ്ഞൂഞ്ഞ്, കുഞ്ഞുമാണി, കുഞ്ഞാപ്പ കുട്ടുകെട്ടാണെന്നയിരുന്നു സി.പി.എമ്മിന്റെ മുൻപത്തെ ആരോപണം. ഇപ്പോൾ ഹസ്സൻ, കുഞ്ഞാലിക്കുട്ടി, അമീർ കൂട്ടുകെട്ടാണ് യു.ഡി.എഫിനെ നയിക്കുന്നതെന്നാണ് ആരോപിക്കുന്നത്. യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ ചുമതലയേറ്റപ്പോൾ സമുദായ നേതാക്കളെ കണ്ട കൂട്ടത്തിൽ എന്നെയും വന്ന് കണ്ടിരുന്നു. ഇതിലൊക്കെ വർഗീയത പ്രചരിപ്പിച്ചാണ് സി.പി.എം വിമർശനം തുടരുന്നത്'- അദ്ദേഹം പറഞ്ഞു. ഇത് രാഷ്ട്രീയ ലാഭത്തിന്റെ പ്രശ്നമല്ല, കേരളത്തിന്റെ സാമൂഹിക അന്തരീക്ഷം തകരുമെന്ന ആശങ്ക കൊണ്ടാണ് തങ്ങൾ സി.പി.എമ്മിന്റെ നിലപാടിനെ വിമർശിക്കുന്നതെന്നും അമീർ വ്യക്തമാക്കി.
അസിസ്റ്റൻറ് അമീർ പി. മുജീബ് റഹ്മാൻ, ജനറൽ സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ, സെക്രട്ടറിമാരായ ശൈഖ് മുഹമ്മദ് കാരക്കുന്ന്, ശിഹാബ് പൂക്കോട്ടൂർ, സമദ് കുന്നക്കാവ് എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.