തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിനെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികളിലേക്കിറങ്ങാൻ സി.പി.എം ഒരുങ്ങുന്നു. ഇതിനായി നിക്ഷേപം സ്വീകരിക്കുന്ന പ്രവൃത്തികൾക്ക് സി.പി.എം നേതാക്കൾതന്നെ രംഗത്തിറങ്ങും. നിലവിലെ നിക്ഷേപകരെ ജില്ല-സംസ്ഥാന നേതാക്കൾ നേരിൽ കണ്ട് പണം മടക്കിനൽകുമെന്ന് ഉറപ്പുനൽകും. കരുവന്നൂർ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലുള്ള പാർട്ടി റിപ്പോർട്ടിങ്ങിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. കരുവന്നൂരിലെ ഗുരുതര പിഴവ് പാർട്ടിയെ കടുത്ത പ്രതിസന്ധിയിലാക്കിയെന്നും കരകയറാൻ എല്ലാവരുടെയും ഭാഗത്തുനിന്ന് തീവ്രശ്രമം ഉണ്ടാകണമെന്നും യോഗത്തിൽ നിർദേശിച്ചു.
നിക്ഷേപകർക്ക് പണം തിരികെ നൽകാനുള്ള പദ്ധതികൾ വേഗത്തിലാക്കാൻ നിർദേശിച്ചിട്ടുണ്ട്. 50 ശതമാനം തുക അടിയന്തരമായി വിതരണം ചെയ്യാനാണ് ആലോചന. ഇതിനായുള്ള പണം കണ്ടെത്താനാണ് നേതാക്കൾതന്നെ രംഗത്തിറങ്ങുന്നത്. റവന്യൂ റിക്കവറി വേഗത്തിലാക്കിയും നിക്ഷേപം സ്വീകരിച്ചും പണം സ്വരൂപിക്കലാണ് ലക്ഷ്യം. ഇതിന് അഡ്മിനിസ്ട്രേറ്റിവ് ഭരണസമിതിക്ക് പിന്തുണ നൽകി കൂടുതൽ നിക്ഷേപകരെ കണ്ടെത്തും. വിവാദങ്ങൾക്കിടയിലും 110 കോടിയുടെ സ്ഥിരനിക്ഷേപം പുതുക്കാനായത് ആശ്വാസകരവും പ്രതീക്ഷ നൽകുന്നതുമാണെന്നാണ് പാർട്ടി വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് കൂടുതൽ നിക്ഷേപം സ്വീകരിക്കാൻ നേതാക്കൾതന്നെ രംഗത്തിറങ്ങുന്നത്.
കരുവന്നൂർ തട്ടിപ്പിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് പാർട്ടി സംസ്ഥാന നേതാക്കൾക്കെതിരെ ഇ.ഡി ആരോപണം ശക്തമായിരിക്കെ നടന്ന ആദ്യ മേഖല റിപ്പോർട്ടിങ് ആയിരുന്നു തൃശൂരിലേത്. കേന്ദ്ര-സംസ്ഥാന കമ്മിറ്റി തീരുമാനങ്ങളും സമകാലീന രാഷ്ട്രീയവും കരുവന്നൂർ സഹകരണ ബാങ്ക് പ്രതിസന്ധിയും പാർട്ടി ഇടപെടലും എന്നിങ്ങനെ രണ്ട് റിപ്പോർട്ടിങ്ങുകളാണ് നടത്തിയത്. 10 ഏരിയ കമ്മിറ്റികളുടേത് രാവിലെ 11ന് തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിലും ഏഴെണ്ണത്തിന്റേത് വൈകീട്ട് നാലിന് ഇരിങ്ങാലക്കുടയിലുമാണ് നടന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശൻ കേന്ദ്ര-സംസ്ഥാന കമ്മിറ്റി തീരുമാനങ്ങളും സമകാലീന രാഷ്ട്രീയവും ജില്ല സെക്രട്ടറി എം.എം. വർഗീസ് കരുവന്നൂർ വിഷയത്തിൽ പാർട്ടി സ്വീകരിച്ച നിലപാടുകളും കഴിഞ്ഞ ജില്ല കമ്മിറ്റി യോഗം തീരുമാനിച്ച രാഷ്ട്രീയ വിശദീകരണ റാലികളും വീട് കയറിയുള്ള ബോധവത്കരണ പരിപാടികളുമടക്കമുള്ളവ വിശദീകരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ബേബി ജോൺ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.