പാലക്കാട്: സി.പി.എം നേതാക്കളെപറ്റി മിണ്ടിയാൽ വി.ടി ബൽറാം എം.എൽ.എയുടെ നാവു പിഴുതെടുക്കുമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എം. ചന്ദ്രൻ. വി.എസ് അച്യുതാനന്ദനെതിരെ അസംബ്ലിയിൽ നാവുയർത്താൻ ബൽറാമിന് ധൈര്യമുണ്ടോ എന്നും ചന്ദ്രൻ വെല്ലുവിളിച്ചു. മറ്റുള്ളവരെ തെറി പറയുന്നവരുടെ അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിന് പരിധിയുണ്ടെന്നും ചന്ദ്രൻ വ്യക്തമാക്കി.
ബൽറാമിനെ കൊണ്ട് മാപ്പു പറയിപ്പിക്കലല്ല സി.പി.എമ്മിന്‍റെ ലക്ഷ്യമെന്ന് ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രൻ പ്രതികരിച്ചു. ബൽറാം വേണമെങ്കിൽ മാപ്പു പറയട്ടെ. ബൽറാം തെറ്റുകാരനാണോയെന്ന് തൃത്താലയിലെ ജനങ്ങൾ തീരുമാനിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.
കുടുംബാംഗങ്ങളേക്കാൾ സി.പി.എം അണികൾ മൺമറഞ്ഞ പാർട്ടി നേതാക്കളെ സ്നേഹിക്കുന്നു. അവരെ ആക്ഷേപിച്ചാൽ ഞങ്ങൾ പ്രതികരിക്കും. സമാധാനപരമായി പ്രതികരിക്കും. തണ്ടു പറഞ്ഞ് രക്ഷപ്പെടാമെന്ന് ബൽറാം കരുതേണ്ട. ബൽറാം പോകുന്നിടത്തെല്ലാം അമ്മമാർ ചൂലുമായെത്തുമെന്നും രാജേന്ദ്രൻ പറഞ്ഞു.
ബൽറാമിനെതിരായ സമരം തുടരും. എം.എൽ.എ എന്ന നിലയിൽ ബൽറാം പങ്കെടുക്കുന്ന എല്ലാ പരിപാടികൾക്കു മുമ്പിലും പ്രതിഷേധമുണ്ടാകും. തൃത്താല മണ്ഡലത്തിലെ ഒരു പരിപാടിയിലും ബൽറാമിനോട് സഹകരിക്കില്ല. മന്ത്രിമാർ ഉൾപ്പടെ ബൽറാമിന്‍റെ ചടങ്ങുകൾ ബഹിഷ്കരിക്കുമെന്നും രാജേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.