പത്തനംതിട്ട: കാപ്പ കേസ് പ്രതിക്കൊപ്പം സി.പി.എമ്മിലേക്ക് മന്ത്രിയും ജില്ല സെക്രട്ടറിയും ചേര്‍ന്ന് മാലയിട്ട് സ്വീകരിച്ച യുവാവ് കഞ്ചാവുമായി എക്സൈസിന്റെ പിടിയില്‍. മലയാലപ്പുഴ മയിലാടുംപാറ സ്വദേശി യദുകൃഷ്ണനെയാണ് രണ്ടുഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാപ്പ കേസ് പ്രതി ശരണ്‍ ചന്ദ്രനടക്കം 62 പേർക്കൊപ്പം യദുകൃഷ്ണന് സി.പി.എമ്മില്‍ ചേര്‍ന്നത്.
ബി.ജെ.പി പ്രവർത്തകരായിരുന്നവർക്ക് സി.പി.എമ്മിൽ അംഗത്വം നൽകുകയായിരുന്നു. ഇതുസംബന്ധിച്ച വിവാദങ്ങളുടെ ചൂടാറുംമുമ്പാണ് തിങ്കളാഴ്ച മയിലാടുംപാറ ചരിവുകാലായില്‍ യദുകൃഷ്ണന് കഞ്ചാവുമായി പത്തനംതിട്ട എക്സൈസിന്റെ പിടിയിലായത്. പിന്നാലെ സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ എക്സൈസ് ഓഫിസില്‍നിന്ന് യദുവിനെ ജാമ്യത്തില്‍ ഇറക്കി. കഞ്ചാവിന്റെ അളവ് കുറവായതിനാല്‍ ജാമ്യമുള്ള വകുപ്പാണ് ചുമത്തിയത്.
ശരൺ ചന്ദ്രന് അംഗത്വം നൽകിയപ്പോൾ അയാളുടെ കേസുകൾ പഴയതാണെന്നും കാപ്പ നിലനിൽക്കില്ലെന്നും വാദിച്ച സി.പി.എമ്മിനേറ്റ തിരിച്ചടിയാണ് കഞ്ചാവ് കേസ്. സ്ഥിരം കുറ്റവാളികളും ക്രിമിനൽ ബന്ധമുള്ളവരുമായവർക്ക് മന്ത്രി തന്നെ പങ്കെടുത്ത് പാർട്ടി അംഗത്വം നൽകിയതുമായി ബന്ധപ്പെട്ട് പ്രവർത്തകർക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ട്.
ഇന്റലിജൻസ് വിഭാഗം പോലും അറിയാതെയാണ് മന്ത്രി ചടങ്ങിനെത്തിയതെന്നും പറയുന്നു. സ്ഥലം എം.എൽ.എകൂടിയായ കെ.യു. ജനീഷ് കുമാർ അംഗത്വ വിതരണ സമയത്ത് മാറിനിന്നതും ഏറെ ശ്രദ്ധേയമായി. യദുകൃഷ്ണനെ എക്സൈസ് കഞ്ചാവ് കേസിൽ കുടുക്കിയതാണെന്നാണ് പാർട്ടിയുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.