കുട്ടനാട്ടിൽ സി.പി.എം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി; ആറുപേർക്ക് പരിക്ക്; അഞ്ച് പേർ അറസ്റ്റിൽ

ആലപ്പുഴ: വിഭാഗീയത രൂക്ഷമായ കുട്ടനാട്ടിൽ സി.പി.എം പ്രവർത്തകർ തമ്മിൽ സംഘർഷം. ഇന്നലെ രാത്രിയുണ്ടായ സംഘർഷത്തിൽ ആറു പേർക്ക് പരിക്കേറ്റു. രാമങ്കരി ലോക്കൽ കമ്മിറ്റിയംഗം ശരവണൻ, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി രഞ്ജിത് രാമചന്ദ്രൻ എന്നിവരുൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്.

വിഭാഗീയത നിലനിൽക്കുന്ന രാമങ്കരിയിൽ ഇന്നലെയുണ്ടായ തർക്കത്തിന് പിന്നാലെയായിരുന്നു സംഘർഷം. സംഘർഷവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അടുത്തിടെ വിഭാഗീയതയെ തുടർന്ന് 300ഓളം പേർ പാർട്ടി വിടുന്നതായി പ്രചാരണമുണ്ടായിരുന്നു. ഇതിനിടയ്ക്കാണ് ചേരിതിരിഞ്ഞ് സംഘർഷം നടന്നത്. പരിക്കേറ്റ അഞ്ചിൽ രണ്ട് പേരുടെയും പരിക്ക് സാരമാണ്. രാമങ്കരി ലോക്കൽ കമ്മിറ്റിയംഗം ശരവണൻ, ഡി.വൈ.എഫ്.ഐ മേഖലാ ഭാരവാഹി രഞ്ജിത് രാമചന്ദ്രൻ എന്നിവരുടെ തലയ്ക്കാണ് പരിക്കേറ്റത്. ഇവരെ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു പേരെ മറ്റ് ആശുപത്രികളിലും പ്രവേശിപ്പിച്ചു.

വാഹനങ്ങളിൽ കമ്പിവടികളുമായെത്തി ഇരു വിഭാഗവും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നുവെന്ന് പറയുന്നു. ഔദ്യോഗിക വിഭാഗത്തേയും വിമത വിഭാഗത്തേയും പിന്തുണയ്ക്കുന്നവർ തമ്മിലിവിടെ ഏറെക്കാലമായി തർക്കം രൂക്ഷമാണ്. തർക്കം രാമങ്കരിയിൽ നിന്നും മറ്റ് ലോക്കൽ കമ്മിറ്റികളിലേക്കും പടരുകയായിരുന്നു. നേരത്തെ, വിഭാഗീയത പരിഹരിക്കാൻ സി.പി.എം സംസ്ഥാന നേതൃത്വം തന്നെ ഇടപെട്ടിരുന്നു. മന്ത്രി സജി ചെറിയാൻ അടക്കമുള്ളവർ കുട്ടനാട്ടിലെത്തുകയും ലോക്കൽ കമ്മിറ്റികളിൽ ചർച്ച നടത്തുകയും ചെയ്തിരുന്നു.

Tags:    
News Summary - CPM workers clashed in Kuttanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.