ന്യൂനപക്ഷ വർഗീയത അപകടമല്ലെന്ന സി.പി.എം നിലപാട് കേരളത്തെ കശ്മീരാക്കും -കെ. സുരേന്ദ്രൻ

തിരുവനന്തപുരം: ന്യൂനപക്ഷ വർഗീയത ഭൂരിപക്ഷ വർഗീയത പോലെ അപകടമല്ലെന്ന മന്ത്രി എം.വി. ഗോവിന്ദന്റെ പരാമർശം കേരളത്തെ കശ്മീരാക്കാനുള്ള പോപ്പുലർ ഫ്രണ്ട് നീക്കത്തിനുള്ള പരസ്യ പിന്തുണയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പോപ്പുലർ ഫ്രണ്ട് നാടിന്റെ സമാധാനം നശിപ്പിക്കുമ്പോൾ സി.പി.എം അവരെ അനുകൂലിച്ച് രംഗത്ത് വരുന്നത് ജനങ്ങൾക്ക് ആശങ്കയുണ്ടാക്കുകയാണെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

വർഗീയ ശക്തികളുമായി ചേർന്നുള്ള സി.പി.എമ്മിന്റെ രാഷ്ട്രീയ കൂട്ടുകെട്ടാണ് ഗോവിന്ദന്റെ പ്രസ്താവനയിലൂടെ പുറത്ത് വന്നിരിക്കുന്നത്. രാജ്യം മുഴുവൻ പ്രവർത്തിക്കുന്ന പോപ്പുലർ ഫ്രണ്ടിന്റെ ന്യൂനപക്ഷ ഭീകരവാദം കുഴപ്പമില്ല എന്ന് പറയുന്ന സർക്കാറാണ് കേരളം ഭരിക്കുന്നത്.

രാജ്യവ്യാപകമായി ഇസ്ലാമിക ഭീകരർ ആക്രമണം നടത്തുന്നതിന്റെ തുടർച്ചയാണ് കേരളത്തിലും കാണുന്നത്. രാമനവമി ദിനത്തിലും ഹനുമാൻ ജയന്തി ദിനത്തിലും വിശ്വാസികളെ രാജ്യത്തിന്റെ പലഭാഗത്തും ആക്രമിച്ചത് പോപ്പുലർ ഫ്രണ്ടാണ്. അന്താരാഷ്ട്ര മതഭീകരവാദത്തിന്റെ ഇന്ത്യയിലെ ഏജൻസിയായ പോപ്പുലർ ഫ്രണ്ടിനെ സി.പി.എം സഹായിക്കുകയാണ്.

ജനങ്ങളെ ഭിന്നിപ്പിച്ച് വർഗീയ കലാപം നടത്തി രാജ്യം തകർക്കാൻ ശ്രമിക്കുന്ന സംഘടനയെ പരസ്യമായി വെള്ളപൂശുകയാണ് സിപിഎം. പുതിയ രാഷ്ട്രീയ സാഹചര്യമാണോ സി.പി.എമ്മിനെ ഇങ്ങനെ ചിന്തിപ്പിക്കുന്നതെന്ന് അവർ വ്യക്തമാക്കണം. പോപ്പുലർ ഫ്രണ്ട് ആർ.എസ്.എസിനും ബി.ജെ.പിക്കും മാത്രമല്ല ഈ നാടിന് തന്നെ ഭീഷണിയാണെന്ന് ബി.ജെ.പി അധ്യക്ഷൻ പറഞ്ഞു.

സഞ്ജിത്ത് വധകേസിൽ സി.ബി.ഐ അന്വേഷണത്തിനെതിരായ നിലപാട് സംസ്ഥാന സർക്കാർ സ്വീകരിച്ചത് പോപ്പുലർ ഫ്രണ്ടിനെ സഹായിക്കാനാണ്. പാലക്കാട് ആശുപത്രിയിൽ കാവി മുണ്ടുടുത്ത ഒരാളെ കൊല്ലെടാ എന്നും പറഞ്ഞ് ആക്രമിച്ച ഭീകരവാദികളെ പിന്തുണയ്ക്കുന്നതിലൂടെ സി.പി.എം എന്ത് സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നതെന്ന് സുരേന്ദ്രൻ ചോദിച്ചു. പോപ്പുലർ ഫ്രണ്ടിന് സംസ്ഥാനത്ത് എല്ലാ സ്ഥലത്തും ആസൂത്രിതമായ ആക്രമണം നടത്താൻ സാധിക്കുന്നത് പൊലീസിന്റെ നിഷ്ക്രിയത്വം കൊണ്ടാണ്.

സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന മതഭീകരവാദ പ്രവർത്തനത്തിനെതിരെ ബി.ജെ.പി പോരാട്ടം ശക്തമാക്കും. 29ന് തിരുവനന്തപുരത്ത് നടക്കുന്ന പാർട്ടി നേതൃയോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പങ്കെടുക്കും. ലൗജിഹാദ് പോലെ പൊതുസമൂഹത്തിന് ഭീഷണിയായ കാര്യങ്ങൾ അദ്ദേഹത്തോട് ചർച്ച ചെയ്യും. കേരളത്തിലെ മതഭീകരവാദത്തിന്റെ ഗൗരവം അഭ്യന്തമന്ത്രിയെ ധരിപ്പിക്കും. എസ്.സി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന അമിത്ഷാ റാലിയിലും പങ്കെടുക്കുമെന്ന് സുരേന്ദ്രൻ അറിയിച്ചു.

Tags:    
News Summary - CPM's stand that minority communalism is not dangerous will make Kerala Kashmir -K. Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.