തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ കൈകൊണ്ടാവും സി.പി.എമ്മിന്റെ ഉദകക്രിയ നടക്കുകയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. തിരുവനന്തപുരത്ത് ബി.ജെ.പി ആസ്ഥാനത്ത് സംഘടിപ്പിച്ച പി.പി. മുകുന്ദൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്രാഞ്ച് സമ്മേളനത്തിൽ തന്നെ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ വിമർശനം തുടങ്ങി. ഇനി പാർട്ടി സമ്മേളനം കഴിയുമ്പോൾ എന്താകും അവസ്ഥ എന്ന് കണ്ടറിയേണ്ടി വരും. പാർട്ടി കോൺഗ്രസ് കഴിയുമ്പോൾ സി.പി.എമ്മിന്റെ അന്ത്യകൂദാശ ആകും സംഭവിക്കുകയെന്ന് ഉറപ്പാണ്.
മുഖ്യമന്ത്രി എല്ലാ ആരോപണങ്ങളിൽ നിന്നും തടി തപ്പുകയാണ്. വിശ്വസ്തർ താനറിയാതെ ചെയ്തു എന്ന് പറഞ്ഞ് എല്ലാറ്റിൽ നിന്നും രക്ഷപ്പെടാനുള്ള വിഫലമായ ശ്രമമാണ് അദ്ദേഹം നടത്തുന്നത്. പാർട്ടി സംവിധാനത്തെ മുഴുവൻ മുഖ്യമന്ത്രി നോക്കുകുത്തിയാക്കിയിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. രാഷ്ട്രീയ ഭേദമില്ലാത്ത ഇടപെടലുകളിലൂടെ പിപി മുകുന്ദൻ ബിജെപിയെ എല്ലാ മേഖലകളിലേയ്ക്കും വളർത്തിയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
മുൻ എം.എൽ.എ ഒ. രാജഗോപാൽ, സംസ്ഥാന ഉപാധ്യക്ഷ പ്രഫ. വി.ടി. രമ, സംസ്ഥാന സെക്രട്ടറിമാരായ കരമന ജയൻ, എസ്. സുരേഷ്, ജില്ലാ പ്രസിഡൻറ് വി.വി. രാജേഷ്, ന്യൂനപക്ഷ മോർച്ച ദേശീയ ഉപാധ്യക്ഷൻ ഡോ. അബ്ദുൾ സലാം, ഒ.ബി.സി മോർച്ച ദേശീയ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രൻ, ദേശീയ കൗൺസിൽ അംഗം പി. രാഘവൻ തുടങ്ങിയ നേതാക്കൾ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.