പത്തനാപുരം: പൈനാപ്പിളിൽ പൊതിഞ്ഞ് ഉഗ്രശേഷിയുള്ള പടക്കം വെച്ച് മാംസ വേട്ടനടത്തുന്ന സംഘത്തിന് മുന്നിൽ ഇരയായത് കാട്ടാന. കൊല്ലം ജില്ലയിലെ അമ്പനാര്‍ കോട്ടക്കയം മേഖലയില്‍ കഴിഞ്ഞ ഏപ്രിലില്‍ കാട്ടാന ചരിഞ്ഞ സംഭവം പന്നിപ്പടക്കം പൊട്ടിത്തെറിച്ചതിലൂടെയാണെന്ന് പ്രഥമികാന്വേഷണത്തില്‍ തെളിഞ്ഞു. പിടിയിലായ പ്രതികളുടെ മൊഴിയും ഇത് സാക്ഷ്യപ്പെടുത്തുന്നു.
മേഖലയില്‍ വേട്ടക്കാര്‍ കാട് കൈയടക്കുകയാണ്. ഇറച്ചിക്കായി പന്നിയെയും മ്ലാവിനെയും ലക്ഷ്യംവെച്ച് തയാറാക്കുന്ന കെണികളില്‍ മിക്കപ്പോഴും ചെന്നുപെടുന്നത് ആനയോ മറ്റ് വന്യമൃഗങ്ങളോ ആണ്. കൃഷിയിടത്തിലിറങ്ങുന്ന പന്നിയെയും ആനയെയും പടക്കം പൊട്ടിച്ച് ഭയപ്പെടുത്തി കാടുകയറ്റി വിടാന്‍ മാത്രമാണ് കൃഷിക്കാർക്ക് അനുവാദം ഉള്ളത്. എന്നാൽ, പന്നിപ്പടക്കവും വൈദ്യുതി വേലികളുമെല്ലാം മൃഗങ്ങളെ അപായപ്പെടുത്താനും വേട്ടയാടാനുമുള്ള വഴികളായി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
കൈതച്ചക്ക, ചക്ക, അത്തിപ്പഴം, തേങ്ങ എന്നിങ്ങനെ വന്യമൃഗങ്ങള്‍ക്ക് ഇഷ്്ടപ്പെട്ട ആഹാരവസ്തുക്കളിലാണ് പടക്കം വെക്കുന്നതെന്നാണ് പ്രതികളുടെ മൊഴി. കഴിഞ്ഞ ദിവസം കുളത്തൂപ്പുഴയില്‍നിന്ന് പിടികൂടിയ എസ്റ്റേറ്റ് ജീവനക്കാരില്‍നിന്ന് നിരവധി തോക്കുകളാണ് വനംവകുപ്പ് കണ്ടെടുത്തത്.
മ്ലാവിറച്ചിയും പെരുമ്പാമ്പിെൻറ നെയ്യുമെല്ലാം ഇപ്പോള്‍ സുലഭമാണ്. കഴിഞ്ഞ വര്‍ഷം മാങ്കോട് പന്നിയെ പിടികൂടാനായി തയാറാക്കിയ വൈദ്യുതി വേലിയില്‍ കാല്‍ കുരുങ്ങി യുവാവ് മരണപ്പെട്ടിരുന്നു. വല്ലപ്പോഴും പിടികൂടുന്ന മൃഗവേട്ടസംഘം തുച്ഛമായി ശിക്ഷാനടപടികള്‍ കഴിഞ്ഞ് വീണ്ടും എത്തുന്നുണ്ട്.
കാട്ടാന ചെരിഞ്ഞ സംഭവത്തില്‍ പിടിയിലായ സംഘം മുമ്പും നിരവധി തവണ വനംകേസുകളില്‍ ശിക്ഷ അനുഭവിച്ചവരാണെന്ന് റേഞ്ച് ഓഫിസര്‍ പറഞ്ഞു. മൃഗങ്ങളുടെ തലയോട്ടിയോട് ചേര്‍ന്ന് മുഖം പൊട്ടിത്തെറിക്കും വിധത്തിലാണ് പഴങ്ങളിൽ സ്ഫോടകവസ്തു വെക്കുന്നത്. ഇങ്ങനെ വരുമ്പോൾ അധികം അധ്വാനിക്കാതെ തന്നെ ഇവയെ പിടികൂടാം. തല അറുത്ത് മാറ്റി ചെറിയ കഷ്ണങ്ങളാക്കിയാണ് വില്‍പന.
കാടുകയറിയുള്ള മൃഗവേട്ട ഇപ്പോള്‍ വ്യാപകമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.