മലപ്പുറം: തെരഞ്ഞെടുപ്പ് അടുത്തതോടെ ക്രിസ്ത്യൻ-മുസ്ലിം സമുദായങ്ങൾക്കിടയിൽ ഭിന്നതകളുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടക്കുന്നതായി ഒാർത്തഡോക്സ് സഭ അഹമ്മദാബാദ് ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത. സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കത്തോലിക്ക ബാവയുടെ നിർദേശപ്രകാരം പാണക്കാട്ട് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരു സമുദായങ്ങൾക്കിടയിൽ ഭിന്നതകളില്ലെന്ന് വ്യക്തമാക്കുന്നതിെൻറ ഭാഗം കൂടിയായിരുന്നു സന്ദർശനം. സൗഹൃദ സന്ദർശനമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ക്രിസ്ത്യൻ വിഭാഗങ്ങൾക്കുള്ള ആനുകൂല്യം മുസ്ലിംകൾ പിടിച്ചുപറ്റുന്നുവെന്ന പ്രചാരണം ആരോപണം മാത്രമാണ്. തെരഞ്ഞെടുപ്പ് സമയത്ത് മതസൗഹാർദം നഷ്ടപ്പെടുന്ന കാര്യങ്ങളൊന്നും ഉണ്ടാകരുത്. ഒാർത്തഡോക്സ് സഭക്ക് എല്ലാ മതവിഭാഗങ്ങളും സാമുദായിക സംഘടനകളുമായി നല്ല ബന്ധമാണ്. നിരന്തരം എല്ലാവരെയും കാണാറുമുണ്ട്.
ഇൗ സമയത്ത് പരസ്പരം പ്രയാസങ്ങൾ പറയാറുണ്ട്- ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. പള്ളിതർക്കവുമായി ബന്ധപ്പെട്ട് വിശദമായി ചർച്ച നടത്തിയിട്ടില്ല. ഈ വിഷയത്തിൽ നീതിപൂർവകമായ ഇടപെടൽ നടത്താമെന്ന് ലീഗ് നേതൃത്വം അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.