കൊട്ടാരക്കര: ഹൗസ് സർജൻ ഡോ. വന്ദന ദാസിനെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു.വന്ദനയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി കുടവട്ടൂർ ചെറുകരകോണം ശ്രീനിലയത്തിൽ ജി. സന്ദീപ് (42) കുത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.എം. ജോസാണ് കൊട്ടാരക്കര ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ 1050 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്.
സ്ഥിരം മദ്യപാനിയായ പ്രതി ബോധപൂർവം ആക്രമണം നടത്തുകയായിരുന്നു. ചെയ്യുന്ന കുറ്റകൃത്യത്തെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ടായിരുന്നെന്ന് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു.
വന്ദനയെ അക്രമിക്കുന്നത് നേരിൽ കണ്ട ആശുപത്രി ജീവനക്കാർ, രോഗികൾ, കൂട്ടിരിപ്പുകാർ എന്നിവരടക്കം 136 സാക്ഷികളുടെ പട്ടിക കുറ്റപത്രത്തിലുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച കത്രിക (സർജിക്കൽ സിസേഴ്സ്), സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ 110 തൊണ്ടിമുതലുകളാണുള്ളത്. ശാസ്ത്രീയ തെളിവുകൾ, പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ഫോറൻസിക് റിപ്പോർട്ട്, സന്ദീപിന്റെ ശാരീരിക-മാനസികനില പരിശോധിച്ച വിദഗ്ധ സംഘത്തിന്റെ മെഡിക്കൽ റിപ്പോർട്ട് എന്നിവയടക്കം 200 രേഖകളും കുറ്റപത്രത്തിനോടൊപ്പം സമർപ്പിച്ചു. പ്രതിക്കെതിരെ കൊലപാതകം, കൊലപാതക ശ്രമം, ആശുപത്രി ജീവനക്കാരെ ആക്രമിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി.
17 തവണയാണ് വന്ദനയെ പ്രതി സന്ദീപ് കുത്തിയത്. ഇതിൽ നാല് മുറിവുകൾ നെഞ്ചിലായിരുന്നു. ശ്വാസകോശത്തിനേറ്റ ആഴത്തിലെ മുറിവാണ് മരണകാരണം. കുറ്റപത്രം സ്വീകരിച്ച കോടതി കേസ് കൊല്ലം ജില്ല സെഷൻസ് കോടതിയിലേക്ക് കൈമാറും.
മേയ് 10ന് പുലർച്ച 4.45നായിരുന്നു വന്ദന കൊല്ലപ്പെട്ടത്. സംസ്ഥാനത്ത് ഡ്യൂട്ടിക്കിടെ ഡോക്ടർ കൊലചെയ്യപ്പെടുന്ന ആദ്യസംഭവം കൂടിയായിരുന്നു ഇത്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ സന്ദീപിനെ കാലിന് പരിക്കേറ്റ നിലയിലാണ് പൊലീസ് താലൂക്കാശുപത്രിയിലെത്തിച്ചത്. മുറിവ് വൃത്തിയാക്കിയിറങ്ങിയ ഉടൻ സന്ദീപ് അക്രമാസക്തനാകുകയായിരുന്നു. ബന്ധു രാജേന്ദ്രൻപിള്ളയെ ചവിട്ടിവീഴ്‌ത്തി ഡ്രസിങ് റൂമിലെ കത്രികയെടുത്ത് അവിടെയുണ്ടായിരുന്ന ബിനു, തടയാനെത്തിയ ഹോം ഗാർഡ് അലക്സ് കുട്ടി എന്നിവരെ കുത്തി. തുടർന്ന് അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വന്ദനയെയും ആക്രമിച്ചു.
വ്യവസായിയായ കോട്ടയം മുട്ടുചിറ പട്ടാളംമുക്ക് നമ്പിച്ചിറകാലായിൽ കെ.ജി. മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളായിരുന്നു വന്ദന. അധ്യാപകനായിരുന്ന സന്ദീപിനെ തുടർന്ന് വിദ്യാഭ്യാസവകുപ്പ് സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.