ക്രൈംബ്രാഞ്ച്​ ഇനി രണ്ട് ഐ.ജിമാരുടെ കീഴില്‍ ഇരുവിഭാഗം

കോഴിക്കോട്: പ്രമാദമായ കേസുകളുടെ അന്വേഷണം ത്വരിതഗതിയിലാക്കാന്‍ ക്രൈംബ്രാഞ്ചിനെയും രണ്ട് വിഭാഗമാക്കി. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ മേല്‍നോട്ടത്തില്‍ രണ്ട് ഐ.ജിമാരുടെ നേതൃത്വത്തിലാണ് ക്രമസമാധനരംഗത്തെന്നപോലെ ഉത്തരമേഖല, ദക്ഷിണമേഖല എന്നിങ്ങനെ വിഭജിച്ചത്. ലോക്കല്‍ പൊലീസിന്‍െറ അന്വേഷണത്തില്‍ കണ്ടത്തൊനാവാത്ത കൊലപാതകമുള്‍പ്പെടെ പ്രധാന കേസുകളാണ് പ്രത്യേക നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നത്.

കേസുകളുടെ എണ്ണക്കൂടുതലും ഉദ്യോഗസ്ഥരുടെ അഭാവവും പലപ്പോഴും പ്രധാന കേസന്വേഷണത്തെ ബാധിക്കുകയും വിവിധ സര്‍ക്കാറുകളെവരെ പ്രതിരോധത്തിലാക്കുകയും ചെയ്തിരുന്നു. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കാര്യക്ഷമമായ അന്വേഷണം നടത്താന്‍പോലും ഉദ്യോഗസ്ഥര്‍ക്ക് താല്‍പര്യമില്ലാത്തത് ചൂണ്ടിക്കാട്ടി മുന്‍ ഐ.ജി ബല്‍റാംകുമാര്‍ ഉപാധ്യായ കര്‍ശനനടപടി സ്വീകരിച്ചത് ഈ സാഹചര്യത്തിലാണ്.

കേസ് രജിസ്റ്റര്‍ ചെയ്ത് 15 ദിവസത്തിനുള്ളില്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു പ്രധാന നിര്‍ദേശം.
രണ്ട് മേഖലയായി തിരിച്ചതോടെ ക്രൈംബ്രാഞ്ച് അന്വേഷണം കൂടുതല്‍ കാര്യക്ഷമവും സമയബന്ധിതവുമായി തീരുമെന്നാണ് ആഭ്യന്തരവകുപ്പിന്‍െറ പ്രതീക്ഷ. നിലവില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ പ്രധാന യൂനിറ്റുകളാണ് ക്രൈംബ്രാഞ്ചിനുള്ളത്. ഓരോ യൂനിറ്റിലും ഓരോ എസ്.പിമാരുടെ കീഴില്‍ സാമ്പത്തികം (ഇ.ഒ.ഡബ്ള്യു), സംഘടിതം (ഒ.സി.ഡബ്ള്യു), കൊലപാതകം (എച്ച്.എച്ച്.ഡബ്ള്യു) തുടങ്ങിയ വ്യത്യസ്ത വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.

മൂന്നു യൂനിറ്റുകളെയും അതിനുള്ളിലെ ഉപവിഭാഗങ്ങളെയും ഏകോപിക്കാനും കേസന്വേഷണം വേഗത്തിലാക്കാനുമായി രണ്ട് ഐ.ജിമാരെ ലഭിച്ചതാണ് വിഭജനത്തിന്‍െറ പ്രധാന നേട്ടം. നേരത്തേ മൂന്നു വിഭാഗങ്ങളുടെയും ചുമതല വഹിച്ചിരുന്ന ഐ.ജി ബല്‍റാംകുമാര്‍ ഉപാധ്യായയെ സ്ഥലം മാറ്റിയതോടെയാണ് ഉത്തരമേഖലയുടെ ചുമതല ദിനേന്ദ്രകശ്യപിനും ദക്ഷിണമേഖലയുടെ ചുമതല എസ്. ശ്രീജിത്തിനുമായത്.

Tags:    
News Summary - crimebranch now under two IGs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.