എടക്കര (മലപ്പുറം): മാസ്ക് ധരിക്കാത്ത വയോധികക്ക് കോവിഡ് സ്ക്വാഡ് ഉദ്യോഗസ്ഥര്‍ നോട്ടീസ് നൽകുന്നതും പിഴയടക്കാൻ നിർദേശിക്കുന്നതുമായ വിഡിയോ പ്രചരിപ്പിച്ചതിനെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം. മൂത്തേടം പഞ്ചായത്തിലെ കാരപ്പുറം ചോളമുണ്ട സ്വദേശിനിയായ 85കാരിയായ ആയിഷയോട് ഉദ്യോഗസ്ഥർ സംസാരിക്കുന്നതാണ് വിഡിയോ.
വീടിന് 200 മീറ്ററോളം അകലെയുള്ള മകളുടെ വീട്ടിലേക്ക് പോവുേമ്പാഴാണ് കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്ക്വാഡ് ആയിഷയോട് മാസ്ക് ധരിക്കാത്തതിനെക്കുറിച്ച് സംസാരിച്ചത്. മക്കൾക്ക് നൽകണമെന്ന് പറഞ്ഞ് ഇവർക്ക് വെള്ളപേപ്പറിൽ നോട്ടീസ് നൽകുന്നതും വിഡിേയായിലുണ്ട്. ദൃശ്യങ്ങൾ മണിക്കൂറുകൾക്കകം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. വയോധികയോടുള്ള ഉദ്യോഗസ്ഥരുടെ ഇടപെടലും പിഴയടക്കണമെന്നുള്ള നിർദേശവുമാണ് പ്രതിഷേധം ഉയര്‍ത്തിയത്. വിഡിയോ പ്രചരിച്ചതോടെ പുറംനാടുകളില്‍ നിന്നുപോലും നിരവധി പേര്‍ വിളിച്ചെന്നും കുടുംബത്തിന് അപമാനമുണ്ടായെന്നും ആയിഷയുടെ മക്കള്‍ പറഞ്ഞു.
എന്നാല്‍, പിഴ ഈടാക്കിയിട്ടില്ലെന്നും വീട്ടുകാരുടെ ശ്രദ്ധക്കായി പേപ്പറില്‍ താക്കീത് എഴുതി നല്‍കുകയേ ഉണ്ടായിട്ടുള്ളൂവെന്നും കോവിഡ് സ്ക്വാഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്ടറല്‍ മജിസ്ട്രേറ്റ് പറഞ്ഞു. വിഡിയോ എടുത്തത് താനോ കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനോ അറിഞ്ഞില്ലെന്നും അവർ പറഞ്ഞു.
പരിഹാസമായല്ല വിഡിയോ ചിത്രീകരിച്ചതെന്നാണ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിലെ ഡ്രൈവറുടെ വിശദീകരണം. സംഭവത്തിൽ മാപ്പ് പറഞ്ഞ് ഡ്രൈവർ രംഗത്തെത്തുകയും ചെയ്തു. സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥയോട് തഹസില്‍ദാര്‍ രേഖാമൂലം വിശദീകരണം തേടി.
അതേസമയം, കഴിഞ്ഞ ഞായറാഴ്ച എടക്കരയിലെ ഒരു വീട്ടില്‍ കോവിഡ് മാനദണ്ഡങ്ങൾ കാറ്റില്‍പറത്തി അമ്പതോളം പേര്‍ സംഘം ചേര്‍ന്നിട്ടും അധികൃതർ ശക്തമായ നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.