തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വകുപ്പ് മന്ത്രി വിളിച്ചുചേർത്ത ജീവനക്കാരുടെ സംഘടനകളുടെ യോഗത്തിൽ മാനേജ്മെന്റിന് രൂക്ഷവിമർശനം. വൈദ്യുതി ആവശ്യകത മുന്നിൽകണ്ട് വിതരണ ശൃംഖല ശക്തിപ്പെടുത്താൻ കൃത്യമായ ആസൂത്രണവും സമയബന്ധിത പദ്ധതികളും ഉണ്ടാകാതിരുന്നത് സ്ഥിതി വഷളാക്കിയെന്ന് ഭരണപക്ഷാനുകൂല സംഘടന പ്രതിനിധികളടക്കം കുറ്റപ്പെടുത്തി. മന്ത്രിയും സി.എം.ഡിയും തമ്മിലും ഡയറക്ടർമാർ തമ്മിലും ഏകോപനത്തോടെയുള്ള ഇടപെടലാണ് വേണ്ടത്. പ്രധാന പൊതുമേഖല സ്ഥാപനമെന്ന നിലയിൽ കെ.എസ്.ഇ.ബിയുടെ തലപ്പത്ത് അതില്ലെന്ന വിമർശനവും ഉയർന്നു. എല്ലാ ഡയറക്ടർമാരും ഒരുമിച്ചിരുന്ന് പ്രശ്നങ്ങൾ ചർച്ച ചെയ്യാനും പദ്ധതികൾ വിഭാവനം ചെയ്യാനും ശ്രമിക്കുന്നില്ല.
ഒരുമാസത്തിലേറെയായി പ്രതിസന്ധി തുടരവെ ഇപ്പോൾ മന്ത്രി യോഗം വിളിച്ചതിനെതിരെ വിമർശനമുയർന്നു. മഴ വൈകാതെ എത്തും. പ്രതിസന്ധി ചർച്ച ചെയ്യാനും നിർദേശങ്ങൾക്കുമായി നേരത്തേ തന്നെ യോഗം വിളിക്കേണ്ടതായിരുന്നു. ലോഡ് ഷെഡിങ് നടപ്പാക്കുന്നതിനോട് സംഘടന പ്രതിനിധികൾ വിയോജിച്ചു. ലോഡ്ഷെഡിങ് ഗുണകരമാണെങ്കിലും നീതി ആയോഗിന്‍റേതടക്കം കേന്ദ്രസഹായം, പദ്ധതികൾ, വായ്പ തുടങ്ങിയവയിൽ പരിഗണിക്കുന്നതിന് ‘നെഗറ്റീവ്’ ഘടകമാവും. ലോഡ്ഷെഡിങ്ങിന് പകരം നിലവിലെ പ്രാദേശിക നിയന്ത്രണങ്ങളും ബോധവത്കരണവും തുടരുകയാവും ഉചിതമെന്ന വിലയിരുത്തലാണുണ്ടായത്.
ആവശ്യമായ വൈദ്യുതി വാങ്ങിയാലും വിതരണം ചെയ്യാൻ കഴിയാത്തിന് കാരണം വിതരണ ശൃംഖല ശക്തിപ്പെടുത്താൻ കാര്യമായ ശ്രമം നടക്കാത്തതുകൊണ്ടാണെന്ന വിമർശനമുയർന്നു. ട്രാൻസ്ഫോർമറുകൾ, ഫീഡറുകൾ തുടങ്ങിയവയുടെ ശേഷി കൂട്ടുന്നതിൽ അനാസ്ഥയുണ്ടായി. ഇത് അപ്രതീക്ഷിത വൈദ്യുതി മുടക്കം, ട്രാൻസ്ഫോർമറുകൾ തകരാറിലാകൽ, ജീവനക്കാർക്ക് നേരെയുള്ള ഉപഭോക്താക്കളുടെ പ്രതിഷേധം എന്നിവക്ക് കാരണമായതായി സംഘടനകൾ കുറ്റപ്പെടുത്തി. വീടുകളിൽ ഇൻവെർട്ടർ ഉള്ളവർ പീക്ക് സമയത്ത് അരമണിക്കൂർ അതിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ചാൽ ഗുണകരമാവുമെന്ന നിർദേശവും ഉയർന്നു. മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് പുറമേ ഊർജ അഡീഷനൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, കെ.എസ്.ഇ.ബി ചെയർമാൻ രാജൻ എൻ. ഗോബ്രഗഡെ, ഡയറക്ടർമാർ തുടങ്ങിയവർ ഓൺലൈനായി ചേർന്ന യോഗത്തിൽ പങ്കെടുത്തു. പ്രാദേശിക നിയന്ത്രണമടക്കം വിലയിരുത്തുന്നതിന് ഉന്നതതലയോഗം വ്യാഴാഴ്ച ചേരും.
തിരുവനന്തപുരം: സംസ്ഥാനത്ത് സമാനതകളില്ലാത്തവിധം അന്തരീക്ഷ താപനില ഉയർന്നതിനെത്തുടര്‍ന്ന് വൈദ്യുതി മേഖലയിലുണ്ടായ പ്രശ്നങ്ങള്‍ ഉടൻ പരിഹരിക്കാന്‍ നടപടിയെടുക്കുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിളിച്ച കെ.എസ്.ഇ.ബി ജീവനക്കാരുടെയും ഓഫിസര്‍മാരുടെയും സംഘടന പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിസന്ധി നേരിടാൻ ഹ്രസ്വകാല-ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്കരിക്കേണ്ടതുണ്ട്. പമ്പ്ഡ് സ്റ്റോറേജ് പദ്ധതി സംയുക്ത മേഖലയില്‍ ആരംഭിക്കൽ, ആഭ്യന്തര വൈദ്യുതോൽപാദനം വർധിപ്പിക്കൽ, പുതിയ പദ്ധതികള്‍ തുടങ്ങൽ, സ്മാര്‍ട്ട് മീറ്റര്‍ നടപ്പാക്കൽ, പീക്ക് അവര്‍ ദീര്‍ഘിപ്പിക്കൽ എന്നിവ സംബന്ധിച്ച് ജീവനക്കാരുടെ സംഘടനകള്‍ അഭിപ്രായങ്ങള്‍ അറിയിക്കണമെന്ന് മന്ത്രി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.