അൽഖാഇദ ബന്ധമാരോപിച്ച് എറണാകുളത്തു നിന്നും ഇതരസംസ്ഥാന തൊഴിലാളികളെ പിടികൂടിയ എൻ.ഐ.എ നടപടിയിൽ സംശയമുന്നയിച്ച് വിവിധ സംഘടനകൾ. എൻ.ഐ.എയുടെ നടപടി ദുരൂഹമാണെന്നും രാഷ്ട്രീയ നേട്ടത്തിനായുള്ള നീക്കമാണോയെന്ന് പരിശോധിക്കണമെന്നും സംഘടനകൾ ചൂണ്ടികാണിക്കുന്നു.
ഭീകരവാദവും തീവ്രവാദവും ചേർത്ത് എൻ.ഐ.എ ഭാഷ്യങ്ങൾ പൊതുസമൂഹവും മാധ്യമങ്ങളും അപ്പടി ആവർത്തിക്കരുതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് നഹാസ് മാള. എൻ.ഐ.എ രൂപവത്കരിച്ചതുമുതലുള്ള ചരിത്രവും എൻ.ഐ.എ കേസുകളെക്കുറിച്ചുള്ള കോടതി നിരീക്ഷണങ്ങളും മാപ്പുസാക്ഷികളെവെച്ച് കേസ് നിലനിർത്താനുള്ള ശ്രമങ്ങളും വിലയിരുത്തിയാകണം നിലപാടുകൾ രൂപവത്കരിക്കേണ്ടത്. ജനാധിപത്യത്തിെൻറ അടിസ്ഥാന മൂല്യമായ പൗരാവകാശത്തെ യു.എ.പി.എ പോലുള്ള ഭീകര നിയമങ്ങളുപയോഗിച്ച് ഇല്ലാതാക്കുകയാണ് കേന്ദ്ര ഏജൻസികൾ.
സംഘ്പരിവാർ രാഷ്ട്രീയ നേട്ടത്തിനായി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുന്ന കാലമാണിത്. സംഘ്പരിവാർ താൽപര്യങ്ങൾ സംരക്ഷിക്കാനാണ് അറസ്റ്റുകളും കഥയുമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
തിരുവനന്തപുരം: കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ രാഷ്ട്രീയ താൽപര്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതായി സംശയിക്കുന്നതായി കെ.എം.വൈ.എഫ്. തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക തന്നെ വേണം. എന്നാൽ പലപ്പോഴും രാഷ്ട്രീയ ലക്ഷ്യം നേടുന്നതിനായി അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് സർക്കാർ കള്ളക്കേസുകൾ ചമച്ചുണ്ടാക്കുന്നത് പതിവായിരിക്കുകയാണ്. അൽഖാഇദ സംഘങ്ങളെ ആഗോളതലത്തിൽനിന്ന് പിഴുതെറിഞ്ഞിരിക്കുന്ന ഘട്ടത്തിൽ ബി.ജെ.പി ഇതര ഗവൺമെൻറുകൾ ഭരിക്കുന്ന ബംഗാളിലും കേരളത്തിലും നടന്ന അൽഖാഇദ ബന്ധമാരോപിച്ചുള്ള അറസ്റ്റുകൾ ദുരൂഹമാണ്. സംസ്ഥാന പ്രസിഡൻറ് ഇലവുപാലം ഷംസുദ്ദീൻ മന്നാനി അധ്യക്ഷത വഹിച്ചു.
കോഴിക്കോട്: ഭീകര സംഘടനകളുടെ സാന്നിധ്യമെന്നു പറഞ്ഞ് കേരളത്തിലും അന്യായമായ മനുഷ്യവേട്ടക്ക് കളമൊരുക്കുന്ന ദേശീയ അന്വേഷണ ഏജന്‍സികളുടെ ദുഷ്ടലാക്കിനെതിരെ കേരള ജനത ജാഗരൂകരാവണമെന്ന് കെ.എന്‍.എം മര്‍കസുദ്ദഅ്വ സംസ്ഥാന സമ്പൂര്‍ണ കൗണ്‍സില്‍ യോഗം അഭിപ്രായപ്പെട്ടു. ഭീകരതയുടെ കഥകള്‍ മെനഞ്ഞ് വര്‍ഗീയ ധ്രുവീകരണത്തിന് ആക്കംകൂട്ടാന്‍ ആരും മിനക്കെടരുത്. കേരളത്തെ ഭീകരതയുടെ താവളമാക്കി ചിത്രീകരിക്കാനുള്ള ആസൂത്രിത ശ്രമം ആത്മഹത്യപരമാണെന്ന് യോഗം മുന്നറിയിപ്പ് നല്കി. കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.