കണ്ണൂർ: എ.ഡി.എം കെ. നവീൻബാബുവിന്റെ മരണത്തിനു പിന്നാലെ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കുനേരെ ആളിക്കത്തി സൈബർ രോഷം. ക്ഷണിക്കാതെ യാത്രയയപ്പ് യോഗത്തിലെത്തിയ ദിവ്യയെ പരിഹസിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ നിറയകുയാണ്. സ്വന്തം പാർട്ടിയിലുള്ളവരടക്കം ദിവ്യക്കെതിരെ രംഗത്തെത്തി. ദിവ്യയുടെ ഫേസ്ബുക് പേജിലെ പോസ്റ്റുകൾക്കു താഴെ കമന്‍റുകളായാണ് ചോദ്യങ്ങൾ ഉയരുന്നത്.
‘കണ്ണൂരിൽ മുൻകാല പ്രാബല്യത്തോടെ കാലന്റെ കൊട്ടേഷൻ വർക്കുകൾ ഏറ്റെടുത്ത് നടത്തുന്ന സഖാത്തി.‘, ‘അഭിന്ദനങ്ങൾ ഒരു കുടുബത്തിന്റെ സന്തോഷം നശിപ്പിച്ചതിന്’, ’വിളിക്കാത്ത പരിപാടിക്ക് കയറിച്ചെന്ന് ഉദ്യോഗസ്ഥനെ ഇത്രയധികം അപമാനിച്ച് ആത്മഹത്യക്ക് പ്രേരിപ്പിച്ച ഇവർ കേരളത്തിന് അപമാനം, പൊതു രാഷ്ട്രീയരംഗത്തിന് അപമാനം, സി.പി.എം എന്ന പാർട്ടിക്ക് അപമാനം’, ‘മനുഷ്യനാകൂ എന്ന് പാട്ട് പാടിയാൽ മാത്രം പോര.. മനുഷ്യനാവുകയെങ്കിലും ചെയ്യണം..നവീൻ ബാബുവിന്റെ ചോരയുടെ മണം ജീവിതകാലം മുഴുവനും നിങ്ങളെ പിന്തുടരട്ടെ..’, ‘നിങ്ങൾക്ക് ഇപ്പോൾ സമാധാനം ആയല്ലോ അല്ലേ? നിങ്ങൾക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അത് ഒഫിഷ്യൽ ആയി അധികാരികളെ അറിയിക്കണമായിരുന്നു, അല്ലാതെ ഒരു മനുഷ്യനെ അയാളുടെ യാത്രയയപ്പ് ചടങ്ങിനു വന്ന് അവഹേളിക്കുക അല്ല ചെയ്യണ്ടത്.’,.. ഇങ്ങനെ നീളുകയാണ് പോസ്റ്റുകൾക്ക് താഴെ കമന്റുകൾ.
കണ്ണൂര്‍: എ.ഡി.എമ്മിന്റെ മരണത്തിന് ഇടയാക്കിയ പരാമർശം നടത്തിയ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ അനുകൂലിച്ചും തള്ളിപ്പറഞ്ഞും സി.പി.എം. ദിവ്യ പറഞ്ഞ കാര്യങ്ങളെല്ലാം നല്ലതാണെന്നും യാത്രയയപ്പ് വേളയിൽ അത്തരമൊരു പരാമർശം വേണ്ടിയിരുന്നില്ലെന്നുമാണ് സി.പി.എം നിലപാട്. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് വാർത്തക്കുറിപ്പ് ഇറക്കിയശേഷം അക്കാര്യം ജില്ല സെക്രട്ടറി എം.വി. ജയരാജൻ മാധ്യമങ്ങളോടും ആവർത്തിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞ കാര്യങ്ങള്‍ അഴിമതിക്കെതിരായ സദുദ്ദേശ്യപരമായ വിമര്‍ശനം മാത്രമാണ്. തെറ്റായ പ്രവണതകള്‍ അനുഭവത്തില്‍ ഉണ്ടായാല്‍ പലരും ജനപ്രതിനിധികളോട് വിവരിക്കാറുണ്ട്. ജനങ്ങളുടെ സങ്കടങ്ങള്‍ കേട്ടുള്ള പ്രതികരണമാണെങ്കിലും യാത്രയയപ്പ് യോഗത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു. ഉയര്‍ന്നുവന്ന പരാതികളെക്കുറിച്ചെല്ലാം സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ദിവ്യക്കെതിരെ നടപടിയുണ്ടാകുമോയെന്ന ചോദ്യത്തിൽനിന്ന് എം.വി. ജയരാജൻ ഒഴിഞ്ഞുമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.