തിരുവനന്തപുരം: 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചതോടെ സംസ്ഥാനത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്ന ‘കോടി’കളുടെ കാര്യത്തില്‍ തീരുമാനമാകുന്നു. തൊണ്ടിമുതലായി കണ്ടുകെട്ടിയ തുക എത്രയുംവേഗം ബന്ധപ്പെട്ട ട്രഷറികളില്‍ അടയ്ക്കാന്‍ വേണ്ട നടപടി കൈക്കൊള്ളാന്‍ ഹൈകോടതി കീഴ്കോടതികള്‍ക്ക് നിര്‍ദേശം നല്‍കി. ഡിസംബര്‍ 31നകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.
സംസ്ഥാനത്തെ വിവിധ കോടതികളില്‍ കോടിക്കണക്കിന് രൂപയാണ് തൊണ്ടിമുതലായി കണ്ടുകെട്ടി സൂക്ഷിച്ചിരിക്കുന്നത്. വിചാരണ പൂര്‍ത്തിയായി കേസ് തീര്‍പ്പാകാതെ ഈ പണം ഉടമസ്ഥര്‍ക്ക് തിരികെ ലഭിക്കില്ല.
മിക്ക കേസിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുമ്പോഴേക്കും വര്‍ഷങ്ങള്‍ കഴിയും. അപ്പോഴേക്കും നോട്ടുകള്‍ മാറിയെടുക്കാന്‍ റിസര്‍വ് ബാങ്ക് അനുവദിച്ച കാലാവധി കഴിയും. ഈ സാഹചര്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ അനുമതിയോടെ തുക ട്രഷറിയിലേക്ക് മാറ്റുന്നത്. ബന്ധപ്പെട്ട കോടതിയുടെ പ്രത്യേക അനുമതിയോടെയാകും തുക മാറ്റുക. വിചാരണ പൂര്‍ത്തിയാകുന്ന മുറക്ക് ഉടമസ്ഥന് ഈ തുക ട്രഷറിയില്‍നിന്നുതന്നെ ലഭ്യമാകുന്ന തരത്തിലാണ് നടപടിക്രമങ്ങള്‍. ചില കേസില്‍ ശാസ്ത്രീയ തെളിവിനും മറ്റുമായി പൊലീസ് പിടിച്ചെടുത്ത പണവും കോടതികളിലുണ്ട്. ഇവ ട്രഷറിയില്‍ അടയ്ക്കാന്‍ സാധ്യമല്ല. ഇത്തരം കേസുകളില്‍ വിചാരണ പൂര്‍ത്തിയാകുന്ന മുറക്ക് മാത്രമാകും ഉടമസ്ഥന് പണം തിരികെ ലഭിക്കുക. അപ്പോഴേക്കും കാലഹരണപ്പെട്ട തുക ഉടമസ്ഥന് മാറ്റിയെടുക്കാനാകില്ല.
വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ അധികൃതര്‍ തൊണ്ടിമുതലായി കോടതിയില്‍ സമര്‍പ്പിച്ച നോട്ടുകളും മാറ്റിയെടുക്കാന്‍ സാധിക്കില്ല. കൈക്കൂലിക്കാരെ കുടുക്കാന്‍ നടത്തിയ ‘ട്രാപ്’ കേസുകളില്‍ തൊണ്ടിയായി പിടികൂടിയ ലക്ഷക്കണക്കിന് രൂപയാണ് വിവിധ വിജിലന്‍സ് കോടതികളിലുള്ളത്. ഫിനോഫ്തലിന്‍ പുരട്ടിയ നോട്ടുകളുടെ നിറം മാറിയ നിലയിലാണ്. ഈ നിറംമാറ്റമാണ് കേസിന് പിന്‍ബലമാകുന്ന ശാസ്ത്രീയ തെളിവ്. ഇവ മാറ്റിയെടുത്താല്‍ കേസ് നിലനില്‍ക്കില്ല. അതേസമയം, വിവിധ ഓഫിസുകളില്‍നിന്ന് റെയ്ഡിനിടെ കണ്ടെടുത്ത പണം നേരത്തേതന്നെ ട്രഷറികളിലെ സസ്പെക്ടഡ് അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.