ദേവസ്വം ബോർഡിലെ വ്യാജ നിയമനത്തിൽ കോടികളുടെ തട്ടിപ്പ്: പ്രതികളുമായി ഒത്തുകളിച്ച പൊലീസുകാർക്കെതിരെ നടപടി വരും

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലേക്ക് വ്യാജ നിയമന ഉത്തരവ് നൽകി നടത്തിയത് കോടികളുടെ തട്ടിപ്പ്. ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡിന്‍റെ മറവിൽ നടന്ന തട്ടിപ്പിൽ ഒട്ടേറെ പേർ ഇരയായെങ്കിലും പലരും പരാതി നൽകാൻ തയാറായിട്ടില്ല. ചെന്നൈയും കേരളത്തിന്‍റെ വിവിധ ഭാഗങ്ങളും കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്.

മുഖ്യപ്രതിയെന്ന് സംശയിക്കുന്ന വിനീഷിനെ സഹായിക്കാൻ പൊലീസുകാരും കൂട്ടുനിന്നതായി സ്പെഷൽ ബ്രാഞ്ച് കണ്ടെത്തി. ഇവർക്കെതിരെ നടപടി സ്വീകരിക്കാൻ നിർദേശം നൽകി. പൊലീസ് വീഴ്ചക്കെതിരെ ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് ചെയർമാൻ അഡ്വ.എം. രാജഗോപാൽ ഉൾപ്പെടെ രംഗത്തെത്തിയതോടെ ഡി.ജി.പി അനിൽ കാന്ത് സംഭവം അന്വേഷിക്കാൻ എറണാകുളം റേഞ്ച് ഡി.ഐ.ജിയെ ചുമതലപ്പെടുത്തി.

ദേവസ്വം ബോർഡിന്‍റെ ക്ഷേത്രങ്ങൾ, കോളജ്, കലാപീഠങ്ങൾ എന്നിവിടങ്ങളിലേക്കാണ് നിയമന ഉത്തരവുകൾ നൽകി തട്ടിപ്പ് നടന്നത്. ബോർഡിലെ ചിലരുടെ പിന്തുണയും ഇതിനുണ്ടെന്നും സംശയം ശക്തമാണ്. വൈക്കം ക്ഷേത്രകലാപീഠത്തിൽ ക്ല‍ർക്ക് തസ്തികയിലേക്കുള്ള നിയമന ഉത്തരവുമായി യുവതി ബോർഡിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. വ്യാജ ഉത്തരവ് ശ്രദ്ധയിൽപ്പെട്ട ബോർഡ് ചെയർമാൻ മാ‍ർച്ച് 23ന് ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. എന്നാൽ, മൂന്നു മാസത്തിനു ശേഷമാണ് അന്വേഷണം ആരംഭിച്ചത്.

തട്ടിപ്പിന്‍റെ മുഖ്യസൂത്രധാരനായ മാവേലിക്കര സ്വദേശി വിനീഷിനെതിരെ ആദ്യ കേസെടുത്തപ്പോൾ വിവരം സ്റ്റേഷനിലെ ഉദ്യോഗസ്ഥൻതന്നെ പ്രതിക്ക് ചോർത്തി നൽകി. വീണ്ടും പരാതികളെത്തിയെങ്കിലും കേസെടുത്തില്ല. മുങ്ങിയ വിനീഷ് പിന്നീട് കോടതിയിൽ കീഴടങ്ങി. സമ്മർദത്തിനൊടുവിൽ വിനീഷിനെതിരെ മാവേലിക്കര സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തത് 34 കേസാണ്. രണ്ടരക്കോടിയുടെ തട്ടിപ്പാണ് മാവേലിക്കരയിൽ മാത്രം നടന്നത്. വിനീഷ് ഉൾപ്പെടെ നാല് പേരാണ് തട്ടിപ്പിന്‍റെ സൂത്രധാരകർ എന്നാണ് വിവരം.

Tags:    
News Summary - Crores scam in Devaswom board fake appointment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.