നോട്ട്​ മാറ്റം: കച്ചവടം കുറഞ്ഞിട്ടും വില കുറഞ്ഞില്ല

കോഴിക്കോട്: നോട്ടു പ്രതിസന്ധി രണ്ടാഴ്ച പിന്നിടുമ്പോള്‍ ജില്ലയിലെ വ്യവസായിക, നിര്‍മാണ സേവന മേഖലകളെല്ലാം പ്രതിസന്ധിയില്‍. സ്വര്‍ണ വിപണി, നിര്‍മാണ മേഖലയില്‍ 80 ശതമാനവും ടെക്സ്റ്റൈല്‍, ഓട്ടോ മൊബൈല്‍ മേഖലകളില്‍ 60 ശതമാനവും മത്സ്യം, പച്ചക്കറി  മേഖലകളില്‍ 40 ശതമാനവും ഗതാഗത മേഖലയില്‍ 30 ശതമാനവുമാണ് വരുമാന നഷ്ടം.

ഗണ്യമായ നഷ്ടം നികുതി, വാടക അടക്കലിനെ ബാധിക്കുന്ന അവസ്ഥയിലാണ്. പാളയം പച്ചക്കറി മാര്‍ക്കറ്റ്, മിഠായിത്തെരുവ് എന്നിവിടങ്ങളിലെല്ലാം  പ്രതിസന്ധി ദൃശ്യമായി. എന്നാല്‍, അരി മൊത്ത വ്യാപാര കേന്ദ്രത്തെ അനുകൂലമായാണ് ബാധിച്ചത്. കച്ചവടം നാലിലൊന്നായി കുറഞ്ഞ സാഹചര്യത്തില്‍ നികുതിയടക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് ടി. നസിറുദ്ദീന്‍ പറഞ്ഞു.

കച്ചവടത്തില്‍ ഏറെയും സ്വര്‍ണമാറ്റമാണ്. ജില്ലയില്‍ നിരവധി ഹോട്ടലുകള്‍ കഴിഞ്ഞ ആഴ്ച അടച്ചിട്ട നിലയിലായിരുന്നുവെന്ന് ഹോട്ടല്‍ ആന്‍ഡ് റെസ്റ്റാറന്‍റ് അസോ. സെക്രട്ടറി വി. ആഷിഖ് പറയുന്നു. ബൈപ്പാസുകളിലുള്ള ഹോട്ടലുകളില്‍ കച്ചവടം 80 ശതമാനത്തോളം ഇടിഞ്ഞു. ആഡംബര ഭക്ഷണ വില്‍പന നന്നേ കുറഞ്ഞു. ഹോട്ടലുകളിലേക്ക് മത്സ്യം എത്തിക്കുന്നതില്‍ 40 ശതമാനത്തോളം കുറവുണ്ടായി. എന്നാല്‍, വിലകുറഞ്ഞില്ല. പാളയം മാര്‍ക്കറ്റിലെ കച്ചവടത്തിലും 40 ശതമാനത്തോളം കുറവുണ്ടായി. നേരത്തെ പ്രതിദിനം 15000 രൂപയുടെ കച്ചവടം ഉണ്ടായിരുന്ന ഒരു കച്ചവടക്കാരന് ഇപ്പോള്‍ ലഭിക്കുന്നത് എണ്ണായിരത്തോളം രൂപ മാത്രമാണെന്ന് കച്ചവടക്കാരനായ അബ്ദുല്‍ റസാഖ് പറഞ്ഞു.  

യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും 30 ശതമാനത്തോളം കുറവുണ്ടായതായി കോഴിക്കോട് ജില്ല പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് എം.കെ. സുരേഷ്ബാബു പറഞ്ഞു. നേരത്തെ പതിനായിരത്തോളം പ്രതിദിന വരുമാനമുണ്ടായിരുന്ന ബസില്‍ ഇപ്പോള്‍ ലഭിക്കുന്നത് ഏഴായിരത്തോളം രൂപയാണ്.  തൊഴിലാളികള്‍ ഓട്ടം നിര്‍ത്തുന്ന അവസ്ഥയാണെന്ന് ഓട്ടോ ഡ്രൈവേഴ്സ് കോഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹി മമ്മദ് കോയ പറഞ്ഞു. പലര്‍ക്കും  300 രൂപ പോലും കിട്ടാത്ത അവസ്ഥയാണെന്ന് ഇദ്ദേഹം പറഞ്ഞു.
 കെ.എസ്.ആര്‍.ടി.സിക്ക് മലബാര്‍ മേഖലയില്‍ 30 ശതമാനത്തോളം വരുമാന നഷ്ടമാണുള്ളത്. പ്രതിദിനം ഒരു ലക്ഷം മുതല്‍ നാല് ലക്ഷം വരെയാണ് മിക്ക ഡിപ്പോകളുടെയും വരുമാനക്കുറവ്. നോട്ടു മാറ്റത്തത്തെുടര്‍ന്ന് കഴിഞ്ഞ  ആഴ്ച വില്‍പന വര്‍ധിക്കുകയായിരുന്നുവെന്ന് വലിയങ്ങാടിയിലെ അരി മൊത്ത കച്ചവടക്കാരന്‍ ശ്യാം സുന്ദര്‍ പറഞ്ഞു. എന്നാല്‍, ഈ ആഴ്ച ഇത് പഴയ നിലയിലായി.  കഴിഞ്ഞ ആഴ്ച അരി വിലയില്‍ ഉണ്ടായ അഞ്ച് രൂപയോളം വര്‍ധന തുടരുകയാണ്.

Tags:    
News Summary - currency change

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.