കുസാറ്റിൽ ഇന്നലെ അപകടമുണ്ടായ ഓപ്പൺ എയർ ഓഡിറ്റോറിയം 

കുസാറ്റ് ദുരന്തം: അന്വേഷണ റിപ്പോർട്ടിന് സാവകാശംതേടി സർക്കാർ

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) സംഗീതപരിപാടിക്ക് തൊട്ടുമുമ്പുണ്ടായ തിക്കിലും തിരക്കിലും നാലുപേർ മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം പൂർത്തിയായില്ലെന്നും റിപ്പോർട്ട് നൽകാൻ സമയം വേണമെന്നും സർക്കാർ ഹൈകോടതിയിൽ. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ നൽകിയ ഹരജിയിലാണ് സർക്കാറിന്‍റെ മറുപടി. ഇതേതുടർന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹരജി ഈ മാസം 21ന് പരിഗണിക്കാൻ മാറ്റി.അന്വേഷണം വിദ്യാർഥികളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലാകരുതെന്ന് നേരത്തേ സിംഗിൾ ബെഞ്ച് നിർദേശിച്ചിരുന്നു. ഇത് അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്ന് സർക്കാർ വ്യക്തമാക്കി.

എന്നാൽ, കുട്ടികളെ ഭയപ്പെടുത്തുന്ന തരത്തിലെ നടപടികൾ പാടില്ലെന്നാണ് ഉദ്ദേശിച്ചതെന്നും കുറ്റക്കാരുണ്ടെങ്കിൽ അവരെ കണ്ടെത്താൻ ഉത്തരവ് തടസ്സമല്ലെന്നും സിംഗിൾ ബെഞ്ച് വ്യക്തത വരുത്തി. ഹരജിയിൽ കക്ഷിചേരാൻ സ്കൂൾ ഒാഫ് എൻജിനീയറിങ് മുൻ പ്രിൻസിപ്പൽ ഡോ. ദീപക് കുമാർ സാഹു നൽകിയ ഉപഹരജി ഹൈകോടതി അനുവദിച്ചു.

കുസാറ്റിലെ സ്കൂൾ ഒാഫ് എൻജിനീയറിങ് വിദ്യാർഥികൾ സംഘടിപ്പിച്ച ‘ധിഷ്‌ണ 2023’ടെക് ഫെസ്റ്റിന്റെ സമാപന ദിനമായ നവംബർ 25ന് ബോളിവുഡ് ഗായിക നികിത ഗാന്ധിയുടെ സംഗീതപരിപാടി തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ഓപൺ എയർ ഓഡിറ്റോറിയത്തിൽ ദുരന്തമുണ്ടായത്.

Tags:    
News Summary - Cusat Disaster: For Inquiry Report Govt seeking time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.