കുസാറ്റ് ദുരന്തം; ഗേറ്റ് തുറന്നതും ഓഡിറ്റോറിയത്തിലേക്ക് വിദ്യാർഥികൾ ഓടിക്കയറി, ഒന്നിനുമേൽ ഒന്നായി വീണു

കൊച്ചി: കളമശ്ശേരി കുസാറ്റ് ക്യാംപസിൽ ടെക് ഫെസ്റ്റിനിടെ ദുരന്തമുണ്ടായത് ഓപ്പൺ എയർ ഓഡിറ്റോറിയത്തിലേക്കുള്ള ഗേറ്റ് തുറന്നതിന് പിന്നാലെ വിദ്യാർഥികൾ ഒന്നാകെ ഓടിക്കയറിയപ്പോൾ. ഗേറ്റ് കടന്ന ശേഷം താഴേക്കുള്ള പടികളിൽ വിദ്യാർഥികൾ വീഴുകയായിരുന്നു. പിന്നാലെ വന്നവർ ഇവർക്ക് മേൽ വീണു. കൂടുതൽ ആളുകൾ തള്ളിക്കയറിയതോടെ ദുരന്തത്തിന്‍റെ വ്യാപ്തി കൂടി.

കുസാറ്റിലെ സ്കൂൾ ഓഫ് എൻജിനീയറിങ്ങിന്‍റെ നേതൃത്വത്തിലാണ് വർഷം തോറുമുള്ള ടെക് ഫെസ്റ്റായ ധിഷ്ണ നടക്കുന്നത്. നവംബർ 24, 25, 26 തിയതികളിലാണ് പരിപാടി നിശ്ചയിച്ചത്.

ക്യാമ്പസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ പ്രശസ്ത ഗായിക നിഖിത ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഗാനസന്ധ്യയായിരുന്നു നടന്നുവന്നിരുന്നത്. ഓഡിറ്റോറിയത്തിനകത്ത് നിറയെ വിദ്യാർഥികളുണ്ടായിരുന്നു. എൻജിനീയറിങ് വിദ്യാർഥികൾ ഓഡിറ്റോറിയത്തിനകത്ത് ആദ്യം കയറി. പരിപാടിക്കായി മറ്റ് ഡിപ്പാർട്മെന്‍റുകളിലെ വിദ്യാർഥികൾക്ക് കയറാൻ ഗേറ്റിനടുത്ത് വൻ തിരക്ക് അനുഭവപ്പെട്ടു. പുറത്ത് മഴ പെയ്തതും കൂടുതൽ കുട്ടികൾ ഓഡിറ്റോറിയത്തിലേക്ക് വരാൻ കാരണമായി. 

 

ഗേറ്റ് തുറന്നതോടെ വിദ്യാർഥികൾ കൂട്ടമായി തിക്കിത്തിരക്കി ഉള്ളിലേക്ക് കടന്നു. ഒറ്റ വഴി മാത്രമേ അകത്തേക്ക് കടക്കാൻ ഉണ്ടായിരുന്നുള്ളൂ. ഗേറ്റ് കടക്കുന്നയുടൻ താഴേക്ക് സ്റ്റെപ്പുകളാണ്. ഈ സ്റ്റെപ്പിലാണ് ആദ്യം കുട്ടികൾ വീണത്. പിന്നാലെയെത്തിയവർ ഇവർക്ക് മേലെ വീണു. പിറകിൽ നിന്ന് വീണ്ടും വീണ്ടും തിരക്കുണ്ടായതോടെ വീണവർ അടിയിൽ കുടുങ്ങുകയായിരുന്നു. 

പരിപാടിയിൽ പങ്കെടുക്കാൻ വിദ്യാർഥികൾക്ക് പാസ് അനുവദിച്ചിരുന്നു. എന്നാൽ, മഴ പെയ്തതോടെ പാസ് ഇല്ലാത്തവർ ഉൾപ്പെടെ ഓഡിറ്റോറിയത്തിലേക്ക് തള്ളിക്കയറിയെന്ന് വിദ്യാർഥികൾ പറയുന്നു. 

 

നാല് പേർ മരിക്കുകയും 64 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവർ കൊച്ചിയിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ കളമശേരി മെഡിക്കല്‍ കോളജിലും എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചേര്‍ന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കൂടുതല്‍ ക്രമീകരണങ്ങളൊരുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി.

Tags:    
News Summary - CUSAT tech fest stampede death updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.