താമരശ്ശേരി: എറണാകുളം കളമശ്ശേരിയിലെ കൊച്ചിൻ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്) കാമ്പസിൽ തിക്കിലും തിരക്കിലുംപെട്ട് മരണമടഞ്ഞ താമരശ്ശേരി വയലപ്പള്ളില്‍ തോമസ് സ്കറിയ-കൊച്ചുറാണി ദമ്പതികളുടെ മകള്‍ സാറ തോമസിന്റെ (19) വിയോഗത്തിലൂടെ നാടിന് നഷ്ടമായത് വിദ്യാർഥി പ്രതിഭയെ. താമരശ്ശേരി അല്‍ഫോന്‍സാ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പൂര്‍വ വിദ്യാഥിയായ സാറ പാഠ്യപാഠ്യേതര വിഷയങ്ങളില്‍ വേറിട്ട കഴിവുകളുള്ള പ്രതിഭയായിരുന്നു. നൃത്തം, ചിത്രകല, പ്രസംഗം എന്നിവയിലെല്ലാം സാറ കഴിവുതെളിയിച്ചിരുന്നതായി അധ്യാപകൻ കെ.വി. സെബാസ്റ്റ്യൻ പറഞ്ഞു.
സ്കൂളിലെ ആഘോഷ പരിപാടികളിലെല്ലാം നിറഞ്ഞുനിന്ന സാറ നേതൃപാടവമുള്ള വിദ്യാർഥിയായിരുന്നു. ഒന്നുമുതല്‍ പന്ത്രണ്ടാം ക്ലാസുവരെ അല്‍ഫോന്‍സ സ്കൂളിലെ മികച്ച വിദ്യാർഥികളിലൊരാളായിരുന്ന സാറ 2022 ല്‍ നീറ്റ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടി കുസാറ്റില്‍ ബി.ടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷന്‍ മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥിയായിരുന്നു. കഴിഞ്ഞ പൂജാ അവധിക്കാണ് അവസാനമായി വീട്ടിലെത്തിയത്. ഈ അവസരത്തിലും താന്‍ പഠിച്ച സ്കൂളിലും സഹപാഠികളുടെ വീടുകളിലുമെത്തി സ്നേഹം പങ്കിടാന്‍ സാറ സമയം കണ്ടെത്തിയിരുന്നു.
ഞായറാഴ്ച വൈകുന്നേരം മൂന്നരക്ക് സ്കൂളില്‍ പ്രത്യേകം സജ്ജീകരിച്ച ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച ഭൗതികശരീരം അവസാന നോക്കുകാണാന്‍ മുഖ്യമന്ത്രിയും രാഷ്ട്രീയ നേതാക്കളും സഹപാഠികളും അധ്യാപകരും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിന് പേരാണ് എത്തിച്ചേര്‍ന്നത്. രാത്രി ഏഴരയോടെ താമരശ്ശേരി തുവ്വക്കുന്നിലെ വീട്ടിലേക്ക് മാറ്റിയ ഭൗതികശരീരം തിങ്കളാഴ്ച രാവിലെ 10.30ന് പുതുപ്പാടി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍ സംസ്കരിക്കും.
എം.കെ. രാഘവന് എം.പി, എം.എല്‍.എമാരായ ലിന്റോ ജോസഫ്, ഡോ.എം.കെ. മുനീര്‍, കെ.എം. സച്ചിന്‍ദേവ്, താമരശ്ശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, വികാരി ജനറാള്‍ മോണ്‍. അബ്രാഹാം വയലില്‍, അല്‍ഫോന്‍സ സ്കൂള്‍ പ്രിന്‍സിപ്പൽ ഫാ. ജില്‍സണ്‍ ജോസഫ് തയ്യില്‍, താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി. അബ്ദുറഹിമാന്, വൈസ് പ്രസിഡന്റ് സൗദാബീവി, ഗിരീഷ് ജോണ്‍, എ.പി. സജിത്ത്, എ.പി. മുസ്തഫ തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.
കോഴിക്കോട്: 12 വര്‍ഷം ചിരിച്ചുകളിച്ചുനടന്ന കോരങ്ങാട് അല്‍ഫോൻസ സ്കൂൾമുറ്റത്ത് സാറ തോമസിന്റെ ചേതനയറ്റ ശരീരം എത്തിയപ്പോള്‍ നാട് ഒന്നടങ്കം വിങ്ങിപ്പൊട്ടി. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ഗാനമേളക്കിടെ തിക്കിലും തിരക്കിലും മരിച്ച താമരശ്ശേരി കോരങ്ങാട് തൂവക്കുന്നുമ്മല്‍ വയലപ്പള്ളില്‍ സാറ ഒന്നു മുതല്‍ പ്ലസ്ടുവരെ പഠിച്ചത് താമരശ്ശേരി അല്‍ഫോന്‍സ സ്കൂളിലാണ്. സഹപാഠികളും അധ്യാപകരും തമ്മിലുള്ള ആത്മബന്ധവും വളരെ ആഴത്തിലുള്ളതായിരുന്നു. അവധിക്ക് നാട്ടിലെത്തിയാല്‍ അധ്യാപകരെ കാണാന്‍ സ്കൂളിലെത്തുന്ന സാറ, നീറ്റില്‍ റാങ്ക് നേടിയ സുഹൃത്ത് ആര്യയെ അനുമോദിക്കുന്ന ചടങ്ങിന് എത്തിയിരുന്നു. രണ്ടാഴ്ച മുമ്പ് അനിയത്തി സാനിയയുടെ രക്ഷാകര്തൃയോഗത്തിനും സാറ എത്തി സൗഹൃദം പങ്കിട്ടാണ് മടങ്ങിയതെന്ന് അധ്യാപകര്‍ പറഞ്ഞു.
ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ മൃതദേഹം പൊതുദര്‍ശനത്തിനായി എത്തിക്കുമ്പോള്‍ സഹപാഠികളും അധ്യാപകരും ബന്ധുക്കളുമായി നൂറുകണക്കിനു പേര് കാത്തിരിക്കുന്നുണ്ടായിരുന്നു. സാറയുടെ ചലനമറ്റ ശരീരം കണ്ടതോടെ സഹപാഠികളും അധ്യാപകരുമെല്ലാം നിയന്ത്രണംവിട്ട് കരഞ്ഞു. സുഹൃത്തുക്കളും അവരുടെ കുടുംബവുമായും അടുത്തബന്ധം കാത്തുസൂക്ഷിച്ചിരുന്ന സാറയെ ഒരു നോക്കുകാണാന്‍ അവരുടെ മാതാപിതാക്കളും എത്തിയിരുന്നു.
ശനിയാഴ്ച പ്ലസ് വണ്‍ വിദ്യാര്‍ഥികളുമായി വയനാട്ടിലേക്ക് വിനോദയാത്ര പോയിരുന്നുവെന്നും വിവരം അറിഞ്ഞ് യാത്ര റദ്ദാക്കി മടങ്ങുകയായിരുന്നുവെന്നും പ്രിന്‍സിപ്പല്‍ ഫാ. ജില്സന് ജോസഫ് പറഞ്ഞു. ഏഴു മണിവരെ സ്കൂളില്‍ പൊതുദര്‍ശനത്തിനു വെച്ച മൃതദേഹം തൂവക്കുന്നിലെ വാടക വീട്ടിലേക്ക് കൊണ്ടുപോയി. തിങ്കളാഴ്ച രാവിലെ പത്തരക്ക് പുതുപ്പാടി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലാണ് സംസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.