വടശേരിക്കര: ചിറ്റാറിലെ മത്തായിയുടെ കസ്റ്റഡി മരണത്തിൽ ആറ് വനംവകുപ്പ് ഉദ്യോഗസ്ഥരെ സി.ബി.ഐ പ്രതിചേർത്തു. ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യുട്ടി റേഞ്ച് ഓഫീസർ ആർ.രാജേഷ് കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ കെ പ്രദീപ് കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എൻ സന്തോഷ്, വി .ടി അനിൽകുമാർ, വി. എം ലക്ഷ്മി, ട്രൈബൽ വാച്ചർ ഇ.വി പ്രദീപ് കുമാർ എന്നിവരാണ് പ്രതികൾ.
പതിനൊന്നുമാസത്തെ അന്വേഷണത്തിനു ശേഷമാണ് സി.ബി.ഐ നടപടി. നിലവിലെ അന്വേഷണത്തിൽ പൂർണ്ണവിശ്വാസമാണെന്ന് മത്തായിയുടെ കുടുംബം.
2020 ജൂലൈ 28നാണ് ചിറ്റാർ കുടപ്പനക്കുളം പടിഞ്ഞാറേ ചരുവിൽ പി.പി. മത്തായിയെ കുടുംബ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ആദ്യം അന്വേഷണം ഏറ്റെടുത്ത ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും മത്തായിയുടെ മരണം ആത്മഹത്യയാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്നുമായിരുന്നു കണ്ടെത്തിയത്.
തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടൽ,മനഃപൂർവമല്ലാത്ത നരഹത്യ,വ്യാജരേഖ ചമക്കൽ എന്നിവയുൾപ്പെടെ ഗുരുതര കുറ്റകൃത്യങ്ങൾ വനംവകുപ്പ് അധികൃതർ നടത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു.ദൃക്‌സാക്ഷികൾ ഇല്ലാത്ത കേസിൽ ശരീരത്തിലെ മുറിവുകളെപ്പറ്റി അറിയാൻ പോലീസ് ഡമ്മി പരീക്ഷണവും നടത്തിയിരുന്നു.
ഡി.വൈ .എസ്.പി യുടെ നേതൃത്വത്തിൽ ക്രൈം ബ്രാഞ്ച് സംഘം നടത്തിവന്ന അന്വേഷണത്തിൽ മരണപ്പെട്ട മത്തായിയുടെ കുടുംബം തൃപ്തരാണെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ ആശങ്ക ഉയർത്തിയിരുന്നു. ഇതോടെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മത്തായിയുടെ ഭാര്യ ഷീബ കോടതി മുൻപാകെ ഹർജി ഫയൽ ചെയ്തിരുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്യാൻ തയാറാകാത്ത സാഹചര്യത്തിൽ പ്രതിഷേധം വ്യാപകമായതോടെയാണ് ഹൈക്കോടതി സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത്.
മത്തായിയുടെ മരണം നടന്ന് 39 ാം ദിവസമായിരുന്നു സി.ബി.ഐ സംഘത്തിന്‍റെ മേൽനോട്ടത്തിൽ റി - പോസ്റ്റുമോർട്ടം നടന്നത്. വിദഗ്ധ ഡോക്ടർമാരടങ്ങിയ സംഘം നടത്തിയ പോസ്റ്റുമോർട്ടത്തിൽ ബന്ധുക്കൾ ആരോപിക്കുംവിധമുള്ള ചില സംശയങ്ങൾ ഉയർന്നിരുന്നു.ശ്വാസകോശത്തിൽ ചെളിയുടെ അംശം. തലയിൽ ഇടത് ഭാഗത്ത് ആഴത്തിലുളള ക്ഷതം. ഇടത് കൈമുട്ടിനോട് ചേർന്ന്, അസ്ഥിക്ക് പൊട്ടൽ. പൊട്ടലും ക്ഷതങ്ങളും തുടങ്ങിയവ വീഴ്ചയിൽ സംഭവിച്ചതാകാമെനന്നായിരുന്നു ഡോക്ടർമാരുടെ നിഗമനം. 41 ദിവസത്തോളം മൃതദേഹം സംസ്കരിക്കാതെ മോർച്ചറിയിൽ സൂക്ഷിച്ച കുടുംബം നടത്തിയ സമാനതകളില്ലാത്ത പോരാട്ടത്തിനൊടുവിലാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.