‘ശൈലജക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണം’: രൂക്ഷവിമര്‍ശനവുമായി മന്ത്രി രാജീവ്

തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തകരുടെ അശ്ലീല സൈബർ ആക്രമണത്തെ അപലപിച്ച് കൊണ്ട് മന്ത്രി പി. രാജീവ് രംഗത്ത്. വടകര പാർലമെന്റ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ സൈബർ ആക്രമണം നടക്കുന്നതായി ആക്ഷേപമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി ഫേസ് ബുക്കിലെഴുതിയ കുറിപ്പിലൂടെ പ്രതിഷേധം അറിയിച്ചത്.

കുറിപ്പ് പൂർണരൂപത്തിൽ

കോൺഗ്രസ് പ്രവർത്തകരുടെ അശ്ലീല സൈബർ ആക്രമണത്തെ അതിശക്തമായി അപലപിക്കുന്നു... ലോകത്തിനാകെ മാതൃകയായെന്ന് ഐക്യരാഷ്ട്രസഭയടക്കം വിശേഷിപ്പിച്ചിട്ടുള്ള "കേരളത്തിന്റെ കോവിഡ് മാനേജ്മെന്റ്" കാലത്ത് നമ്മുടെ ആരോഗ്യമന്ത്രിയായിരുന്നു കെ കെ ശൈലജ ടീച്ചർ. നിപ പോലെ ഏറെ ആപത്ത് വരുത്തുമായിരുന്ന വിപത്ത് കേരളം പ്രാരംഭ ഘട്ടത്തിൽ തടഞ്ഞുനിർത്തുമ്പോഴും ആരോഗ്യമന്ത്രി സ. ശൈലജ ടീച്ചറായിരുന്നു. കോവിഡ് മരണം നിയന്ത്രിക്കുന്നതിൽ രാജ്യം വലിയ പരാജയമായിരുന്നപ്പോൾ പോലും കേരള മോഡൽ കോവിഡ് മാനേജ്മെന്റ് ലോകശ്രദ്ധയാകർഷിച്ചു. രാജ്യാന്തര തലത്തിൽ കേരള മാതൃക കോവിഡ് നിയന്ത്രിക്കാൻ സഹായകമാണെന്ന് വിലയിരുത്തപ്പെട്ടു. ആരോഗ്യരംഗം വലിയ മുന്നേറ്റം കാഴ്ച വച്ച ഈ കാലഘട്ടത്തിൽ തന്നെയാണ് ആർദ്രം പദ്ധതിയും ഹൃദ്യം പദ്ധതിയുമെല്ലാം നടപ്പിലാക്കപ്പെടുന്നത്

ശൈലജ ടീച്ചർക്ക് കീഴിൽ സമാനതകളില്ലാത്ത മുന്നേറ്റം ആരോഗ്യരംഗത്ത് കേരളം കാഴ്ചവച്ചപ്പോൾ സ്വന്തം കുടുംബാംഗത്തിനെന്ന പോലെയുള്ള സ്വീകരണങ്ങളാണ് മലയാളികൾ ശൈലജ ടീച്ചർക്കായി ഒരുക്കിവച്ചത്. മട്ടന്നൂരിൽ നിന്ന് 2021ൽ നിയമസഭയിലേക്ക് മത്സരിച്ചപ്പോൾ 60,000ത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷം ആ നാട് നൽകിയതും ഇതിന്റെ തുടർച്ചയാണ്. ആ ശൈലജ ടീച്ചറെ അശ്ലീലപരാമർശങ്ങൾ ഉപയോഗിച്ചുകൊണ്ടും മനുഷ്യയുക്തിക്ക് ഒട്ടും നിരയ്ക്കാത്ത മോശം വാക്കുകൾ കൊണ്ടും സമൂഹമാധ്യമങ്ങളിലൂടെ തേജോവധം ചെയ്യുകയാണ് കോൺഗ്രസ് പ്രവർത്തകർ. പലയാവർത്തിയായി ശൈലജ ടീച്ചർക്കെതിരെ ഇത്തരം സൈബർ ആക്രമണങ്ങൾ കോൺഗ്രസ് നടത്തിവരികയാണ്. പുരോഗമന സമൂഹത്തിന് നിരയ്ക്കാത്ത ഇത്തരം ചെയ്തികളിൽ നിന്ന് പ്രവർത്തകരെ പിന്തിരിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കാതിരുന്നതിനാലാണ് തുടർച്ചയായ അശ്ലീല സൈബർ ആക്രമണങ്ങൾ അവരുടെ അണികൾ അഴിച്ചുവിടുന്നത്. ഇതിനെ അതിശക്തമായി അപലപിക്കുന്നു. ഈ വിഷയത്തിൽ കേരളത്തിലെ മുഴുവനാളുകളും ടീച്ചർക്കൊപ്പം നിലകൊള്ളും. കോൺഗ്രസിന്റെ സൈബർ അശ്ലീലസംഘത്തെ ഒറ്റപ്പെടുത്തും.

Tags:    
News Summary - Cyber attack by Congress workers against Shailaja Minister Rajeev strongly criticized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.