കൊച്ചി: നടിയെ ആക്രമിച്ച സംഭവം അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപും കൂട്ടരും ഗൂഢാലോചന നടത്തിയെന്ന കേസിൽ തന്നെയും അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്ന് കാട്ടി കോഴിക്കോട് സ്വദേശിയായ സൈബർ വിദഗ്ധൻ സായ് ശങ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി ചൊവ്വാഴ്ച പരിഗണിക്കും. ദിലീപിന്റെ ഫോണിൽനിന്ന് ചില നിർണായക രേഖകൾ മായിച്ചുകളഞ്ഞെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ചോദ്യംചെയ്യലിന് ഹാജരാകാൻ സായ് ശങ്കറിന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. ദിലീപിനുവേണ്ടി ഹാജരാകുന്ന സീനിയർ അഭിഭാഷകനെതിരെ വ്യാജ തെളിവുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും തന്നെയും കുടുംബത്തെയും ക്രൈംബ്രാഞ്ച് വേട്ടയാടുകയാണെന്നും സായ് ശങ്കർ ആരോപിച്ചു. കസ്റ്റഡിയിൽ മൂന്നാംമുറ നേരിടേണ്ടിവരുമെന്ന് ഭയമുണ്ടെന്നും ഹരജിയിൽ പറയുന്നു. ജസ്റ്റിസ് പി. ഗോപിനാഥാണ് ഹരജി പരിഗണിക്കുന്നത്.
ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നെന്ന് ആരോപിച്ച് സായ് ശങ്കർ നൽകിയ മറ്റൊരു ഹരജി ജസ്റ്റിസ് അനു ശിവരാമനും ചൊവ്വാഴ്ച പരിഗണിക്കും. ഹരജിയിൽ മറുപടി നൽകാൻ പ്രോസിക്യൂഷൻ സമയം തേടിയിരുന്നു. ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് ക്രൈംബ്രാഞ്ച് നൽകിയ നോട്ടീസിലെ തുടർനടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഉപഹരജി കൂടി സായ് നൽകിയിട്ടുണ്ട്.
കോവിഡ് ബാധ സംശയിക്കുന്നതായും ഹാജരാകാൻ പത്തുദിവസം വേണമെന്നും നോട്ടീസിന് മറുപടി നൽകിയിരുന്നു. ഭാര്യമാതാവിനോട് ചോദ്യംചെയ്യലിന് ഹാജരാകാൻ ഫോണിൽ നിർദേശിച്ചെന്നും നോട്ടീസില്ലാതെ ചോദ്യംചെയ്യലിന് ഹാജരാകാനാകില്ലെന്ന് മറുപടി നൽകിയെന്നും ഉപഹരജിയിൽ പറയുന്നു. ദിലീപിന്റെ ഫോണിൽനിന്ന് ചില നിർണായക വിവരങ്ങൾ മായിച്ചുകളഞ്ഞത് സായ് ശങ്കറാണെന്നും ഈ വിവരങ്ങൾ ഇയാളുടെ പക്കലുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.