തൃശൂര്‍: കഴിഞ്ഞ ആറ് മാസത്തിനിടെ തൃശൂര്‍ സിറ്റി പൊലീസ് പരിധിയില്‍ റിപ്പോര്‍ട്ട് ചെയ്തത് 190 ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് കേസുകള്‍. ഇതുവഴി 15,76,35,002 രൂപ തട്ടിയെടുത്തു. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏറ്റവുമധികം പണം നഷ്ടപ്പെട്ടത് ട്രേഡിങ് തട്ടിപ്പിലൂടെയാണ്. 9.32 കോടി രൂപയാണ് ഇത്തരത്തില്‍ തട്ടിയെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥരെന്ന വ്യാജേനെയുള്ള തട്ടിപ്പിലൂടെ 1.56 കോടി രൂപയും നിക്ഷേപ തട്ടിപ്പിലൂടെ 1.52 കോടി രൂപയും തട്ടിയെടുത്തുവെന്ന് സിറ്റി പൊലീസ് കമീഷണര്‍ ആര്‍. ഇളങ്കോ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം, 9.50 ലക്ഷം രൂപ മാത്രമാണ് പൊലീസിന് തിരിച്ചുപിടിക്കാന്‍ സാധിച്ചത്.
വിവിധ രീതിയിലുള്ള ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. വ്യാജ ലിങ്കുകള്‍ വഴിയുള്ള തട്ടിപ്പാണ് ഏറ്റവുമധികം (31). ഷെയര്‍ മാര്‍ക്കറ്റ് പോലുള്ള വ്യാപാര ഇടപാട് മുതലാക്കിയുള്ള ട്രേഡിങ് തട്ടിപ്പ് (30), ഒ.ടി.പി നമ്പര്‍ കൈക്കലാക്കിയുള്ള ഒ.ടി.പി തട്ടിപ്പ് (29) എന്നിവയാണ് പിന്നീട് വരുന്നത്.
അന്വേഷണ ഉദ്യോഗസ്ഥൻ ചമഞ്ഞ് വ്യാജ ഫോണ്‍/വിഡിയോ കോളിലൂടെ കബളിപ്പിക്കുന്ന ആള്‍മാറാട്ടം, സമ്മാനങ്ങള്‍ ലോട്ടറി എന്നിവയില്‍ ആകര്‍ഷിപ്പിക്കുന്ന ഗിഫ്റ്റ് തട്ടിപ്പ്, വ്യാജ അക്കൗണ്ട് തട്ടിപ്പ്, ഗൂഗ്ള്‍ പേ തട്ടിപ്പ്, വായ്പ ആപ്പ് തട്ടിപ്പ് എന്നീ രീതികളിലും പണം നഷ്ടപ്പെടുന്നതായി പൊലീസ് പറയുന്നു.
ജോലി തട്ടിപ്പ് (27), വ്യാജ ആ ള്‍മാറാട്ടം (11), ഷോപ്പിങ് തട്ടിപ്പ് (എട്ട്), വായ്പ തട്ടിപ്പ് (ആറ്), ആള്‍മാറാട്ടം (ആറ്), നിക്ഷേപ തട്ടിപ്പ് (അഞ്ച്), സമ്മാന തട്ടിപ്പ് (നാല്), ഗൂഗ്ള്‍ പേ തട്ടിപ്പ് (രണ്ട്), വ്യാജ അക്കൗണ്ട് തട്ടിപ്പ് (രണ്ട്), വായ്പ ആപ്പ് തട്ടിപ്പ് (ഒന്ന്) എന്നിങ്ങനെയാണ് വിവിധ കേസുകളുടെ എണ്ണം.
കുറ്റവാളികള്‍ പണം തട്ടാന്‍ പരമ്പരാഗതമായി പിന്തുടര്‍ന്നിരുന്ന ഭവനഭേദനത്തേക്കാള്‍ വളരെയധികമാണ് ഇപ്പോള്‍ സൈബര്‍ കുറ്റകൃത്യങ്ങളിലൂടെ തട്ടിയെടുക്കുന്ന പണമെന്നതാണ് ശ്രദ്ധേയം. ഈവര്‍ഷം നഗരത്തിൽ 110 കേസുകളിലായി 1,38,78,763 രൂപയാണ് ഇതുവരെ ഭവനഭേദനത്തിലൂടെ കവര്‍ന്നത്. എന്നാല്‍, സൈബര്‍ കുറ്റകൃത്യങ്ങളിലൂടെ തട്ടിയെടുത്ത പണം ഇതിന്റെ 15 ഇരട്ടിയിലധികമാണെന്ന് പൊലീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ആകെയുള്ള 190 കേസുകളില്‍ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ 64 കേസുകളും മറ്റു പൊലീസ് സ്റ്റേഷനുകളില്‍ 126 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. സൈബര്‍ തട്ടിപ്പില്‍ ഇരയാകുന്നവരുടെ എണ്ണം വർധിച്ചുവരികയാണെന്നും പുതിയതരം തട്ടിപ്പുകളെ കുറിച്ചും അതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ചും ബോധവാന്‍മാരാകേണ്ടത് അത്യാവശ്യമാണെന്നും സിറ്റി പൊലീസ് കമീഷണര്‍ ആര്‍. ഇളങ്കോ പറഞ്ഞു.
പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയുമുള്ള നിരന്തര ബോധവത്കരണത്തിലൂടെ ഇത്തരം കെണികളില്‍ അകപ്പെടുന്നതില്‍നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കാമെന്ന് പൊലീസ് പറയുന്നു. ഇത്തരം തട്ടിപ്പിന് ഇരയായവര്‍ തങ്ങള്‍ക്ക് ഉണ്ടായ ദുരനുഭവം മറ്റുള്ളവരുമായി പങ്കുവെച്ചാൽ ഇതേകുറിച്ച് കൂടുതല്‍ പേര്‍ക്ക് അറിയാനും മുൻകരുതൽ എടുക്കാനും സാധിക്കും.
പൊലീസിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ പിന്തുടര്‍ന്നാല്‍ ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്ന പുതിയ തരം തട്ടിപ്പുകളെ കുറിച്ച് അറിയാന്‍ കഴിയും. കഴിവതും സ്വകാര്യ-സാമ്പത്തിക വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്ക് വെക്കാതിരിക്കുക. തട്ടിപ്പിന് ഇരയാകുകയോ ഏതെങ്കിലും തരത്തില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി ഭീഷണി നേരിട്ടാലോ ഉടന്‍ ടോള്‍ ഫ്രീ നമ്പറായ 1930 വഴി പൊലീസിനെ ബന്ധപ്പെടുക. കൂടാതെ അടിയന്തര നമ്പറായ 112 വഴിയും വിവരം അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.