കോട്ടയം: ജില്ല പൊലീസ് മേധാവി കാണാൻ വിസമ്മതിച്ചെന്ന് ആരോപിച്ച് പ്ലക്കാർഡുമേന്തി എസ്.പി ഓഫിസിനുമുന്നിൽനിന്ന ദലിത് ഗവേഷക വിദ്യാർഥിനിയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ജില്ല പൊലീസ് മേധാവി കാണാൻ സമ്മതിക്കുന്നില്ലെന്ന് ഫേസ്ബുക്ക് ലൈവിലൂടെ പ്രതികരിക്കുന്നത് തടഞ്ഞ വനിത പൊലീസുകാരിയെ യുവതി കടിച്ചുപരിക്കേൽപ്പിച്ചു. എം.ജി സർവകലാശാലയിലെ ഗവേഷക വിദ്യാർഥി ദീപ പി. മോഹനനെയാണ് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു നാടകീയ രംഗങ്ങൾ. പൊലീസ് മർദിച്ചെന്ന് ആരോപിച്ച യുവതിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
സർവകലാശാലയിൽ ദലിത് പീഡനമാെണന്നും അധ്യാപകൻ ലാബിൽ കയറ്റാതെ പൂട്ടിയിട്ട് അപമാനിച്ചെന്നും ആരോപിച്ച് നൽകിയ പരാതി ഹൈേകാടതി തള്ളിയിരുന്നു. തുടർന്നാണ് ദീപ തിങ്കളാഴ്ച ജില്ല പൊലീസ് മേധാവി എൻ. രാമചന്ദ്രനെ കാണാനെത്തിയത്. ജില്ല പൊലീസ് മേധാവിയെ കാണുമെന്ന് ഫേസ്ബുക്കിൽ സ്റ്റാറ്റസിട്ട ദീപ, അദ്ദേഹം കാണാൻ അനുവദിക്കുന്നില്ലെന്നും ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചു. പ്ലക്കാർഡുമേന്തി ഫേസ്ബുക്ക് ലൈവിൽനിന്ന ദീപയെ വനിതസെൽ സി.ഐയുടെ നേതൃത്വത്തിൽ തടഞ്ഞു. ഇവരെ നീക്കാൻ ശ്രമിക്കുന്നതിനിടെയാണ് വനിത സെല്ലിലെ ഉദ്യോഗസ്ഥ പ്രിയങ്കയുടെ ഇടതുതോളിന് കടിയേറ്റത്. തുടർന്ന് കൂടുതൽ പൊലീസെത്തി ദീപയെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് യുവതിക്കെതിരെ കേസെടുത്തു. പ്രിയങ്കയെ കോട്ടയം ജനറൽ ആശുപത്രിയിൽ പൊലീസ് പരിശോധനക്ക് എത്തിച്ചപ്പോൾ േഡാക്ടർ വിദഗ്ധ പരിശോധനക്കായി മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു.
അതേസമയം, യുവതിയെ ഇതിന് മുമ്പ് രണ്ടുതവണ കണ്ടിരുന്നതാണെന്ന് ജില്ല പൊലീസ് മേധാവി എൻ. രാമചന്ദ്രൻ പ്രതികരിച്ചു. ദീപയുടെ പരാതി ഹൈകോടതി റദ്ദ് ചെയ്ത സ്ഥിതിക്ക് സുപ്രീംകോടതിയിൽ പോകുക മാത്രമേ വഴിയുള്ളൂവെന്ന് രണ്ടുതവണയും അറിയിച്ചതാണ്. പ്ലക്കാർഡുമായി വീണ്ടും എത്തിയത് ആസൂത്രിതമാണെന്നും എസ്.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.