കോഴിക്കോട് : എയ്ഡഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന കടുത്ത അനീതിയാണ് ദലിത് ഗവേഷക വിദ്യാർഥികൾ. കഴിഞ്ഞ അൻപതുവർഷമായി ഈ അനീതി തുടരുകയാണ്. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം പി.എസ്.സിക്കു വിടണമെന്ന വാദം ഉയർത്തിപ്പോഴാണ് കോടിയേരി അതിനെ തിരുത്തിയത്.
എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് ഉന്നതവിദ്യാഭ്യാസം നേടിയ പട്ടികജാതി-വർഗ വിഭാഗങ്ങളെ മാറ്റി നിർത്തുന്നത് എന്ത് ധാർമികതയുടെ പേരിലാണെന്ന് ഇടതുപക്ഷവും സി.പി.എമ്മും വ്യക്തമാക്കണമെന്ന് ഗവേഷകരും ഉദ്യോഗാർഥികളും ആവശ്യപ്പെട്ടു. കാലങ്ങളായി തുടരുന്ന ഈ അനീതി തുടരട്ടെയെന്നാണോ സർക്കാർ തീരുമാനമെന്നും അവർ ചോദിച്ചു.
സംസ്ഥാനത്തെ കോളജുകളിൽ 79 ശതമാനവും എയ്ഡഡ് മേഖലയിലാണ്. കോളജ് അധ്യാപകർക്കു സർക്കാർ നല്കുന്ന ശമ്പളത്തിന്റെ 75ശതമാനവും ഈ മേഖലയിലെ അധ്യാപകർക്കാണ് കിട്ടുന്നത്. 7199 പേർ എയ്ഡഡ് കോളജുകളിൽ അധ്യാപകരായിട്ടുണ്ട്. പട്ടിജാതി -വർഗവിഭാഗത്തിന് ലഭിക്കേണ്ട സംവരണ സീറ്റ് 719.9 എണ്ണമാണ്.
എന്നാൽ, എയ്ഡഡ് മേഖലയിൽ ഇവിടെ ജോലി ചെയ്യുന്ന പട്ടികജാതി- വർഗ വിഭാഗത്തിലെ അധ്യാപകരുടെ എണ്ണം11 ആണ്. ചുരുക്കത്തിൽ പൂജ്യം പോയിന്റ് ഒന്ന് അഞ്ച് ശതമാനമാണ് എസ്.സി-എസ്.ടി വിഭാഗത്തിന് ലഭിച്ചത്.
നിലവിൽ ഭിന്നശേഷി വിഭാഗങ്ങൾക്ക് എയ്ഡഡ് കോളജുകളിൽ സംവരണം അനുവദിച്ചുകഴിഞ്ഞു. അതിലൂടെ മാനേജ്മെന്റിന്റെ ജാതിയിൽപ്പെട്ട ഭിന്നശേഷിക്കാർക്ക് പ്രവേശനം ലഭിക്കും. എന്നിട്ടും
പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് സാമൂഹികനീതി ലഭിക്കുന്നില്ല. സർക്കാർ ശമ്പളം നൽകുന്ന എയ്ഡഡ് സ്ഥാപനങ്ങളിൽ പട്ടികജാതി-വർഗ സംവരണവും പ്രാതിനിധ്യവും ഉറപ്പു വരുത്തണമെന്ന യു.ജി.സി.യുടെ നിർദ്ദേശം പാലിക്കാനും സർക്കാർ തയാറല്ല.
എയ്ഡഡ് കോളജുകളിലെ അധ്യാപക-അനധ്യാപകരായി 11,958 പേരുണ്ട്. അതിൽ പട്ടിജാതി -വർഗ വിഭാഗത്തിന് കിട്ടേണ്ടത് 1195 എണ്ണമാണ്. നിലവിൽ സംവരണം ലഭിച്ചത് 65 പേർക്കാണ്. എയ്ഡഡ് കോളജുകളും സ്കൂളുകളും ചേർത്താൽ ജോലിചെയ്യുന്ന അധ്യാപക-അനധ്യാപകർ ആകെ 1,44,413 പേരാണ്. പട്ടികജാതി -വർഗവിഭാഗത്തിന് ലഭിക്കേണ്ടത് 14,441.3 പേർക്കാണ്. ഇപ്പോൾ നിലവിൽ സംവരണം ലഭിച്ചത് 560 പേർക്കാണ്.
വിദ്യാസമ്പന്നരായ ദലിത് തലമുറയെ അധികാര സംവിധാനങ്ങളിൽ നിന്ന് അകറ്റി നിർത്തുകയാണ്. വിദ്യാഭ്യാസവും അറിവുള്ളവരും, മെരിറ്റുള്ളവരും അധികപ്പറ്റായി മാറുന്നു. വംശീയതയിൽ അധിഷ്ഠിതമായ ജീർണബോധമാണ് സാമൂഹ്യനീതി നടപ്പാക്കുന്നതിൽ നിന്ന് രാഷ്ടീയപ്രസ്ഥാനങ്ങളെ തടയുന്നത്.
അധികാരഭരണ സംവിധാനങ്ങളുടെ വക്താക്കൾ യാതൊരു മറയുമില്ലാതെ സവർണ താൽപര്യങ്ങളുടെ സംരക്ഷകരാവുകയാണ്. ജനാധിപത്യ ബോധ്യത്തിലേക്കല്ല മറിച്ച് തുറന്ന വിഭാഗീയതയിലേക്കാണ് സഞ്ചരിക്കുന്നതെന്നും ഡോ.രാജേഷ് പാമ്പാടിയും ലിൻസി കെ. തങ്കപ്പൻ, ഡോ.എ.ബി മനോജ്, ഡോ.എ.കെ.വാസു, ഒ.പി രവീന്ദ്രൻ തുടങ്ങി നിരവധിപേർ ഫെയ്സ് ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.