‘കാക്കയുടെ നിറമാണ്, മോഹിനിയാട്ടത്തിന് കൊള്ളില്ല’; കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണനെ അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ

തൃശ്ശൂർ: കലാഭവന്‍ മണിയുടെ സഹോദരന്‍ ഡോ. ആര്‍.എല്‍.വി. രാമകൃഷ്ണനെതിരെ നിറത്തിന്‍റെ പേരിൽ അധിക്ഷേപവുമായി നര്‍ത്തകി കലാമണ്ഡലം സത്യഭാമ. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നും സ്വകാര്യ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സത്യഭാമ പറഞ്ഞു. സൗന്ദര്യമുള്ള പുരുഷന്മാര്‍ വേണം മോഹിനിയാട്ടം അവതരിപ്പിക്കാനെന്നും സത്യഭാമ അഭിമുഖത്തിൽ വ്യക്തമാക്കി.

കലാമണ്ഡലം സത്യഭാമ പറഞ്ഞത്

''മോഹിനിയായിരിക്കണം എപ്പോഴും മോഹിയാട്ടം കളിക്കുന്ന ആൾക്കാര്. ഇയാള് കണ്ട് കഴിഞ്ഞാല് കാക്കയുടെ നിറം. കാൽ കുറച്ച് അകത്തിവെച്ച് കളിക്കുന്ന ഒരു ആർട്ട്ഫോം ആണ്. ഒരു പുരുഷൻ കാലും കവച്ചുവെച്ച് മോഹനിയാട്ടം കളിക്കുക എന്ന് പറഞ്ഞാൽ ഇതുപോലൊരു അരോചകമില്ല. എന്‍റെ അഭിപ്രായം, മോഹനിയാട്ടം ആൺപിള്ളേർക്ക് പറ്റുന്നെങ്കിൽ അതുപോലെ സൗന്ദര്യം ഉണ്ടാകണം. ആൺപിള്ളേരിലും സൗന്ദര്യമുള്ളവരില്ലേ. അവരായിരിക്കണം. ഇവനെ കണ്ട് കഴിഞ്ഞാൽ ദൈവം പോലും പെറ്റ തള്ള പോലും സഹിക്കില്ല.''  

അഭിമുഖത്തിലെ പരാമർശം വിവാദമായതോടെ വിശദീകരണവുമായി കലാമണ്ഡലം സത്യഭാമ രംഗത്തെത്തി. തന്‍റെ പരാമർശം വ്യക്തിയെ കുറിച്ചല്ലെന്നും ആര്‍.എല്‍.വി. എന്ന സ്ഥാപനത്തെ കുറിച്ചാണെന്നും സത്യഭാമ വിശദീകരിച്ചു. തന്‍റെ വാക്കുകൾ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും സത്യഭാമ വ്യക്തമാക്കി. 

സത്യഭാമയുടെ അധിക്ഷേപത്തെ കുറിച്ച് ഫേസ്ബുക്കിലൂടെ ആർ.എൽ.വി രാമകൃഷ്ണൻ പ്രതികരിച്ചു.

ആർ.എൽ.വി രാമകൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

പ്രിയ കലാ സ്നേഹികളെ,

കലാമണ്ഡലം എന്ന അതുല്യനാമം പേരോടു ചേർത്ത ഒരു കലാകാരി എന്നെ വീണ്ടും വീണ്ടും ആക്ഷേപിച്ചു കൊണ്ടിരിക്കുകയാണ്. ഞാൻ കാക്ക പോലെ കറുത്തവനാണെന്നും ശരീരത്തിന് നിറവും സൗന്ദര്യവും ഉള്ളവൻ മാത്രമെ മോഹിനിയാട്ടം കളിക്കാൻ പാടുള്ളൂ എന്നും. എന്നെ കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല എന്നും. സുന്ദരികളായ സ്ത്രീകൾ മാത്രമെ മോഹിനിയാട്ടം കളിക്കാൻ പാടുള്ളൂ എന്നും. എനിക്ക് വിദ്യാഭ്യാസ യോഗ്യതയില്ല എന്നൊക്കെയാണ് ഇവർ ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്.

ഞാൻ ഏതോ ഒരു സ്ഥാപനത്തിൽ എന്തോ ഒന്ന് പഠിച്ചു എന്നാണ് അവർ പുലമ്പുന്നത്. എന്നാൽ സത്യസന്ധതയോടെ പഠിച്ച് വിജയിച്ചിട്ടാണ് ഞാൻ ഈ രംഗത്ത് നിലയുറപ്പിച്ചിട്ടുള്ളത്. 1996 മുതൽ തൃപ്പൂണിത്തുറ RLV കോളേജിൽ മോഹിനിയാട്ട കളരിയിൽ നിന്ന് പഠിച്ചിറങ്ങിയ കലാകാരനാണ് ഞാൻ. 4 വർഷത്തെ ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും കഴിഞ്ഞതിനു ശേഷം എം.ജി യൂണിവേഴ്സിറ്റിയിൽ നിന്ന് MA മോഹിനിയാട്ടം ഒന്നാം റാങ്കോടെ പാസ്സായിട്ടുണ്ട്.

ഇതുകൂടാതെ ഇവർ പറയുന്ന കേരള കലാമണ്ഡലത്തിൽ നിന്ന് പെർഫോമിങ്ങ് ആർട്സിൽ Mphil Top Scorer ആയി പാസാവുകയും ഇതേ സ്ഥാപനത്തിൽ തന്നെ മോഹിനിയാട്ടത്തിൽ Phd പൂർത്തിയാക്കുകയും ചെയ്തു.UgCയുടെ അസിസ്റ്റന്‍റ് പ്രഫ. ആകുന്നതിനുള്ള നെറ്റ് പരീക്ഷയും വിജയിച്ചിട്ടുണ്ട്. ഇതുകൂടാതെ ദൂരദർശൻ കേന്ദ്രം A graded ആർട്ടിസ്റ്റായി തിരഞ്ഞെടുക്കുകയും ചെയ്തു.

15 വർഷത്തിലധികമായി കാലടി സംസ്കൃത സർവകലാശാലയിലും RLV കോളജിലും മോഹിനിയാട്ട വിഭാഗം ഗസ്റ്റ് ലക്ചററായും സേവനം ചെയ്തിട്ടുണ്ട്. കലാമണ്ഡലം പേരോടു ചേർത്ത ഈ അഭിവന്ദ്യ ഗുരു എന്നെ നേരത്തെയും കലാമണ്ഡലത്തിൽ വച്ച് ആക്ഷേപിച്ചിട്ടുണ്ട്. ഞാൻ മോഹിനിയാട്ട രംഗത്ത് നിലകൊള്ളുന്നതും മോഹിനിയാട്ടത്തിൽ Phd നേടുന്നതും ഇവർക്ക് ഒട്ടും താൽപര്യമില്ലായിരുന്നു.

ഇങ്ങനെയുള്ള വ്യക്തികൾ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നിൽക്കാൻ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളത്. ഇതുപോലെയുള്ള ജീർണ്ണിച്ച മനസുള്ളവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരിക തന്നെ ചെയ്യും.

Tags:    
News Summary - Dancer Sathyabhama insulted Kalabhavan Mani's brother RLV Ramakrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.