പെരുമ്പാവൂര്‍: ടാര്‍ജറ്റ് നേടാത്തതിന്റെ പേരില്‍ അറക്കപ്പടിയിലെ സ്വകാര്യ മാർക്കറ്റിങ് സ്ഥാപനത്തില്‍ മൃഗീയ തൊഴില്‍പീഡനം നടന്ന സംഭവത്തില്‍ ഒരാള്‍ക്കെതിരെ കേസെടുത്തു. യുവതിയുടെ പരാതിയില്‍ സ്ഥാപന മാനേജര്‍ മനാഫിനെതിരെയാണ് പെരുമ്പാവൂര്‍ പൊലീസ് കേസെടുത്തത്.
കഴുത്തില്‍ ബെൽറ്റിട്ട് നായ്ക്കളെപ്പോലെ നടത്തിക്കാനും മുട്ടിലിഴഞ്ഞ് നാണയം നക്കിയെടുപ്പിക്കാനും തന്നെയും നിര്‍ബന്ധിച്ചെന്നാണ് യുവതിയുടെ പരാതി. ഞായറാഴ്ചയാണ് യുവതി പരാതി നല്‍കിയത്. ഇതിനിടെ പീഡനത്തിനിരയായ യുവാക്കള്‍ നടന്ന സംഭവങ്ങള്‍ സ്റ്റേഷനിലെത്തി പൊലീസിനെ ധരിപ്പിച്ചു. സംഭവത്തെക്കുറിച്ച് തൊഴില്‍ വകുപ്പ് അന്വേഷിക്കുന്നുണ്ട്.
തിരുവനന്തപുരം: കൊച്ചിയിലെ തൊഴില്‍ പീഡനം സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് മന്ത്രി വി. ശിവൻകുട്ടി. പ്രചരിക്കുന്നത് നാലു മാസം മുമ്പുള്ള സംഭവമാണെന്നും പുറത്തുവന്നതുപോലുള്ള സ്ഥിതിയല്ല ഇപ്പോഴെന്നും ജില്ല ലേബർ ഓഫിസർ പറഞ്ഞു. തുടർന്ന് വിശദമായി അന്വേഷിക്കാനും രണ്ടു ദിവസത്തിനകം റിപ്പോർട്ട് നൽകാനും നിർദേശിച്ചിട്ടുണ്ട്. സംഭവത്തില്‍ വ്യക്തിവൈരാഗ്യ വിഷയവുമുയര്ന്നിട്ടുണ്ട്. ഇതേക്കുറിച്ചെല്ലാം അന്വേഷിക്കും. സംഭവം കണ്ടവരാരും പരാതിപ്പെട്ടിട്ടില്ല.
റിപ്പോര്‍ട്ട് തൃപ്തികരമല്ലെങ്കില്‍ ഐ.എ.എസ് തലത്തിലുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കാൻ തയാറാണെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.