മതം ഏതായാലും പെൺ മക്കൾക്ക് പിതാവിൽ നിന്ന് വിവാഹച്ചെലവ് ലഭിക്കാൻ അർഹതയുണ്ട് -ഹൈകോടതി

കൊച്ചി: മതം ഏതായാലും പെൺ മക്കൾക്ക് പിതാവിൽ നിന്ന് വിവാഹച്ചെലവ് ലഭിക്കാൻ അർഹതയുണ്ടെന്ന് ഹൈകോടതി. അവിവാഹിതരായ പെൺമക്കളുടെ നിയമപരമായ ഈ അവകാശം മതത്തിന്‍റെ അടിസ്ഥാനത്തിൽ നിഷേധിക്കാനാവില്ലെന്ന് ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി. ജി. അജിത്കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ക്രിസ്ത്യൻ വിഭാഗത്തിൽ ഉൾപ്പെട്ട രണ്ട് പെൺമക്കൾ നൽകിയ ഹരജിയിലാണ് ഉത്തരവ്.വേർപിരിഞ്ഞ് കഴിയുന്ന ദമ്പതികളുടെ മക്കളായ ഹരജിക്കാർ അമ്മക്കൊപ്പമാണ് കഴിയുന്നത്.

സാമ്പത്തിക ശേഷിയുള്ള പിതാവിൽനിന്ന് വിവാഹ ചെലവിനായി 45 ലക്ഷം രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് മക്കൾ പാലക്കാട് കുടുംബ കോടതിയിൽ കേസ് നൽകി. എന്നാൽ, 7.50 ലക്ഷം രൂപ അനുവദിക്കാനായിരുന്നു ഉത്തരവ്. തുക കുറഞ്ഞുപോയെന്ന് ചൂണ്ടിക്കാട്ടിയാണ് പെൺമക്കൾ ഹൈകോടതിയെ സമീപിച്ചത്.

വിദ്യാഭ്യാസത്തിന് വൻ തുക ചെലവാക്കിയതാണെന്നും ഇനിയും പണം നൽകില്ലെന്നും പിതാവ് വാദിച്ചു. ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട ഹരജിക്കാരികൾക്ക് പിതാവിൽനിന്ന് വിവാഹച്ചെലവിന് അവകാശം ഉന്നയിക്കാനാകുമോ എന്ന കാര്യം തുടർന്ന് കോടതി പരിശോധിക്കുകയായിരുന്നു. ഹിന്ദു ഏറ്റെടുക്കൽ നിയമ പ്രകാരം അവിവാഹിതരായ ഹിന്ദു യുവതികൾ പിതാവിൽനിന്ന് വിവാഹ സഹായം ലഭിക്കുന്നതിന് അർഹരാണെന്ന് കോടതി വ്യക്തമാക്കി.

ഏത് മതത്തിൽപ്പെട്ട പിതാവിനും പെൺമക്കളുടെ വിവാഹത്തിന് ചെലവ് ചെയ്യാൻ ബാധ്യതയുണ്ടെന്ന് 2011ലെ ഇസ്മായിൽ -ഫാത്തിമ കേസിൽ ഹൈകോടതി ഉത്തരവുണ്ട്. അതിനാൽ, മതമേതായാലും മകളുടെ വിവാഹത്തിന് ധനസഹായം നൽകാൻ പിതാവ് ബാധ്യസ്ഥനാണെന്ന് കോടതി വ്യക്തമാക്കി. വിവാഹ ചെലവിനായി 15 ലക്ഷം നൽകാൻ കോടതി ഉത്തരവിട്ടു.

Tags:    
News Summary - Daughters entitled to get marriage expenses from father - High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.