‘എട്ടാം ക്ലാസോ പത്താം ക്ലാസോ പഠിച്ച മുസ്‍ലിം ആൺകുട്ടികൾ പി.ജിക്കാരായ ക്രിസ്ത്യൻ, ഹിന്ദു പെൺകുട്ടികളെ വിവാഹം ചെയ്യുന്നു’; ചർച്ചയായി ഡോ. ജാൻസി ജെയിംസിന്റെ വിദ്വേഷ പ്രസംഗം

എട്ടാം ക്ലാസോ പത്താം ക്ലാസോ പഠിച്ച മുസ്‍ലിം ചെറുപ്പക്കാർ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ക്രിസ്ത്യൻ, ഹിന്ദു പെൺകുട്ടികളുമായി വിവാഹം രജിസ്റ്റർ ചെയ്യുന്നെന്ന തരത്തിൽ വിദ്വേഷ പ്രസംഗവുമായി മഹാത്മാ ഗാന്ധി സർവകലാശാല മുൻ വൈസ് ചാൻസലറും കേരളത്തിലെ ആദ്യ വനിത വി.സിയുമായ ​ഡോ. ജാൻസി ജെയിംസ്. ക്രൈസ്തവ വിശ്വാസികൾക്കായി നടത്തിയ ചടങ്ങിലെ പ്രസംഗത്തിലാണ് സുപ്രീം കോടതിയടക്കം തള്ളിയ ‘ലവ് ജിഹാദ്’ ആരോപണത്തിലേക്ക് ഇവർ വീണ്ടും വിരൽ ചൂണ്ടുന്നത്. ഡാറ്റയെ വിശ്വസിക്കാൻ പറ്റുന്ന ഒരു കാലമല്ലെങ്കിലും നാം വിചാരിക്കാത്ത ഒരുപാട് ഇടങ്ങളിലേക്ക് അധിനിവേശം സംഭവിക്കുന്നുണ്ടെന്നും ഇവർ പറയുന്നു. എന്നാൽ, ഏത് ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പറയുന്നതെന്ന് വെളിപ്പെടുത്തുന്നുമില്ല. എന്ന് നടത്തിയ പ്രസംഗമാണെന്നോ എവിടെ നടന്നതാണെന്നോ വ്യക്തമല്ലെങ്കിലും വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

‘ക്രിസ്റ്റ്യൻ എജുക്കേഷൻ’ എന്ന ഇൻസ്റ്റഗ്രാം ഐ.ഡിയിൽ സെപ്റ്റംബർ 14നാണ് വിഡിയോ പങ്കു​വെച്ചത്. ‘ആരും കേൾക്കാതെ പോകരുത്. മറ്റുള്ളവർക്ക് ഈ ​മെസേജ് പ്രയോജനം ആകുമെന്ന് തോന്നുന്നുവെങ്കിൽ തീർച്ചയായും പങ്കുവെക്കുക’ എന്ന കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘ഇക്കഴിഞ്ഞ ദിവസം ഒരു സ്റ്റാറ്റിസ്റ്റിക്സ് കാണുകയുണ്ടായി. 487 പേർ വിവാഹ രജിസ്റ്റർ ചെയ്തിട്ടുള്ളവയിൽ ഭൂരിഭാഗവും മുസ്‍ലിം ആൺകുട്ടികളെ കല്യാണം കഴിച്ച ക്രിസ്ത്യാനി കുട്ടികളും അതുപോലെ ഹിന്ദു കുട്ടികളും ആയിരുന്നു. ഈ പെൺകുട്ടികൾ കൂടുതൽ പേരും പോസ്റ്റ് ഗ്രാജ്വേറ്റ്സാണെങ്കിൽ ഇസ്‍ലാം മതത്തിലുള്ള ആൺകുട്ടികൾ എട്ടാം ക്ലാസോ പത്താം ക്ലാസോ പഠിച്ചവരാണ്. ഡാറ്റയെ വിശ്വസിക്കാൻ പറ്റുന്ന ഒരു കാലമല്ല, എങ്കിലും അധിനിവേശത്തിന്റെ കാര്യം പറയുമ്പോൾ നാം വിചാരിക്കാത്ത ഒരുപാട് ഇടങ്ങളിലേക്ക് അധിനിവേശം സംഭവിക്കുന്നുണ്ട്’ -എന്നിങ്ങനെയായിരുന്നു പ്രസംഗം.

Tags:    
News Summary - Dr. Jancy James' hate speech against Muslim Youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.