ഭൂമിക്ക് വ്യാജ രേഖ ചമച്ച് 12.60 ലക്ഷം രൂപ വെട്ടിച്ച റവന്യു ഉദ്യോഗസ്ഥരെ കഠിന തടവിന് ശിക്ഷിച്ചു

തിരുവനന്തപുരം : ഭൂമിക്ക് വ്യാജ രേഖ ചമച്ച് 12,60,910 രൂപ വെട്ടിച്ച റവന്യു ഉദ്യോഗസ്ഥരെ കഠിന തടവിന് ശിക്ഷിച്ചു. 2004-2006 കാലഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ കേശവദാസപുരം-പട്ടം ഹൈവേ വികസനത്തിലാണ് വ്യാജ രേഖ ചമച്ച് വെട്ടിപ്പ് നടത്തിയത്. അന്നത്തെ നാഷണൽ ഹൈവേ ഭൂമി ഏറ്റെടുക്കൽ തഹസീൽദാറായിരുന്ന ദിവാകരൻ പിള്ളയെയും കവടിയാർ വില്ലേജ് അസിസ്റ്റന്റായിരുന്ന എസ്. രാജഗോപാലിനെയുമാണ് തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് കഠിന തടവിന് ശിക്ഷിച്ചത്.

കേസിൽ ഒന്നാം പ്രതിയായ സ്പെഷ്യൽ തഹസിൽദാറായിരുന്ന ദിവാകരൻ പിള്ളയെ വിവിധ വകുപ്പുകളിലായി 12 വർഷം കഠിന തടവിനും 2,35,000 രൂപ പിഴ അടക്കുന്നതിനും ശിക്ഷിച്ചു. മൂന്നാം പ്രതിയായ വില്ലേജ് അസിസ്റ്റന്റ് എസ്. രാജഗോപാലിനെ വിവിധ വകുപ്പുകളിലായി ആറ് വർഷം കഠിന തടവിനും 1,35,000 രൂപ പിഴ അടക്കുന്നതിനാണ് തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് ശിക്ഷിച്ചത്. ഒന്നാം പ്രതിയെ റിമാന്റ് ചെയ്ത് ജയിലിലടച്ചു.

കേശവദാസപുരം-പട്ടം ഭാഗത്ത് ഹൈവേ വികസനത്തിനായി സൗജന്യമായി വിട്ടുനൽകിയ ഭൂമി വസ്തു ഉടമകൾ അറിയാതെ മറ്റൊരു സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് തഹസീൽദാറായിരുന്ന ഒന്നാം പ്രതി ദിവാകരൻ പിള്ളയും കവടിയാർ വില്ലേജ് അസിസ്റ്റന്റായിരുന്ന എസ്. രാജഗോപാലും ചേർന്ന് ഗൂഢാലോചന നടത്തി വ്യാജ രേഖ ചമച്ചുവെന്ന അന്വേഷണത്തിൽ വിജിലൻസ് കണ്ടെത്തിയിരുന്നു. തിരുവനന്തപുരം വിജിലൻസ് യൂനിറ്റ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം നൽകിയ കേസിലാണ് ശിക്ഷിച്ചത്.

തിരുവനന്തപുരം വിജിലൻസ് യൂനിറ്റ് മുൻ ഡി.വൈ.എസ്.പി ആയിരുന്ന രാജേന്ദ്രൻ രജിസ്റ്റർ ചെയ്ത് ഇൻസ്‌പെക്ടറായിരുന്ന ഉജ്ജ്വൽ കുമാർ അന്വേഷണം നടത്തി, മുൻ ഡി.വൈ.എസ്.പി യും നിലവിലെ ഇന്റലിജൻസ് വിഭാഗം പൊലീസ് സൂപ്രണ്ടുമായ ആർ. മഹേഷ് കുറ്റപത്രം സമർപ്പിച്ച കേസിലാണ് പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തി ഇന്ന് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ വീണ സതീശൻ ഹാജരായി.

Tags:    
News Summary - Revenue officers sentenced to rigorous imprisonment for evading Rs 12.60 lakh by forging land documents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.