‘ആരൊക്കെയാണ് ആ തീവ്രവാദികൾ? എന്തെല്ലാമാണ് അവരുടെ തീവ്രവാദ പ്രവർത്തനം?’; പിണറായി വിജയൻ ജനങ്ങളെ ബോധ്യപ്പെടുത്തുമോയെന്ന് വി.ടി ബൽറാം

മുഖ്യമന്ത്രി പിണറായി വിജയൻ ‘ദ ഹിന്ദു’ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ ചോദ്യശരങ്ങളുമായി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബൽറാം. സംസ്ഥാന സർക്കാർ ഇസ്‍ലാമിസ്റ്റ് തീവ്രവാദികൾക്കെതിരെ പ്രവർത്തിക്കുമ്പോൾ അത് മുസ്‍ലിംകൾക്ക് എതിരെ എന്നാക്കി മാറ്റാനുള്ള ശ്രമം ഉണ്ടെന്ന മുഖ്യമന്ത്രിയുടെ വാദത്തെ ചോദ്യം ചെയ്ത ബൽറാം, മുഖ്യമന്ത്രിയുടെ വിലാപത്തിന്റെ അടിസ്ഥാനമെന്താണെന്നും കഴിഞ്ഞ എട്ട് വർഷത്തിനിടെ ഇങ്ങനെ എത്ര ‘മുസ്‍ലിം തീവ്രവാദികൾ’ക്കെതിരെ പിണറായി വിജയൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ആരൊക്കെയാണ് ആ തീവ്രവാദികളെന്നും എന്തെല്ലാമാണ് അവരുടെ തീവ്രവാദ പ്രവർത്തനമെന്നും പേര് സഹിതം കേരളത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്തുമോ എന്നാണ് ചോദിക്കുന്നത്.

150 കിലോ സ്വർണവും 123 കോടിയുടെ ഹവാല അനധികൃത പണവും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മലപ്പുറം ജില്ലയിൽനിന്ന് മാത്രം പിടിച്ചിട്ടുണ്ടെന്ന മുഖ്യമന്ത്രി​യുടെ വാദത്തോട്, ഇതിൽ ഏതെങ്കിലും ഒരു കേസിൽ സ്വർണം ആർക്ക് വേണ്ടിയാണ് കൊണ്ടുവന്നതെന്ന് അന്വേഷിച്ച് കണ്ടുപിടിക്കാൻ കേരള പൊലീസിന് കഴിഞ്ഞിട്ടുണ്ടോയെന്നും ഇത്രയധികം കേസ് പിടിച്ചിട്ടും ഒരു കേസിലും യഥാർഥ പ്രതികളിലേക്ക് അന്വേഷണം നീളാത്തതെന്തേയെന്നും ബൽറാം ചോദിക്കുന്നു.

സി.പി.എം-ആർ.എസ്.എസ് അവിശുദ്ധ ബാന്ധവത്തേക്കുറിച്ചുള്ളത് കേവലം ആക്ഷേപമല്ല, വ്യക്തമായ വസ്തുതകൾ വെച്ചുള്ള കേരളത്തിന്റെ ബോധ്യമാണ്. രക്തസാക്ഷികളുടെ പേര് പറഞ്ഞുള്ള ഇമോഷണൽ ബ്ലാക്ക്മെയിലിങ് അവസാനിപ്പിച്ച് ഭരണതലപ്പത്തുള്ളവരുടെ ആർ.എസ്.എസ് ബന്ധത്തെ കുറിച്ചുള്ള ഡയറക്റ്റ് ചോദ്യങ്ങൾക്ക് മറുപടി പറയാമോയെന്നും ബൽറാം ചോദിച്ചു.

Full View

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

മുഖ്യമന്ത്രി പിണറായി വിജയൻ 'ദ ഹിന്ദു'വിന് കൊടുത്ത ഇന്റർവ്യൂവിൽ പറയുന്ന കാര്യങ്ങൾ പലതും അദ്ദേഹം തന്നെ കൂടുതൽ വിശദീകരിക്കേണ്ടതാണ്.

⭕ സംസ്ഥാന ഗവണ്മെന്റ് ഇസ്‍ലാമിസ്റ്റ് തീവ്രവാദികൾക്ക് എതിരെ പ്രവർത്തിക്കുമ്പോൾ അത് മുസ്‍ലിംകൾക്ക് എതിരെ എന്നാക്കി മാറ്റാൻ ഉള്ള ശ്രമം ഉണ്ട്.

✅​മുഖ്യമന്ത്രിയുടെ വിലാപത്തിന്റെ അടിസ്ഥാനമെന്താണ്? കഴിഞ്ഞ 8 വർഷത്തിനുള്ളിൽ ഇങ്ങനെ എത്ര "Muslim extremist elements"നെതിരെ പിണറായി വിജയൻ നടപടി സ്വീകരിച്ചിട്ടുണ്ട്? ആരൊക്കെയാണ് ആ തീവ്രവാദികൾ? എന്തെല്ലാമാണ് അവരുടെ തീവ്രവാദ പ്രവർത്തനം? പേര് സഹിതം പിണറായി വിജയന് കേരളത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്താമോ?

⭕ 150 കിലോ സ്വർണവും, 123 കോടിയുടെ ഹവാല അനധികൃത പണവും, കഴിഞ്ഞ 5 വർഷത്തിനുള്ളിൽ മലപ്പുറം ജില്ലയിൽ നിന്ന് മാത്രം പിടിച്ചിട്ടുള്ളത്.

✅ഇതിൽ ഏതെങ്കിലും ഒരു കേസിൽ ഈ സ്വർണം ആർക്ക് വേണ്ടിയാണ് കൊണ്ടുവന്നതെന്ന് അന്വേഷിച്ച് കണ്ടുപിടിക്കാൻ കേരള പൊലീസിന് കഴിഞ്ഞിട്ടുണ്ടോ? ഒന്നോ രണ്ടോ കേസിലാണെങ്കിൽ പ്രതികൾ സഹകരിച്ചില്ല എന്ന് പറയാം. പക്ഷേ ഇത്രയധികം കേസ് പിടിച്ചിട്ടും ഒരു കേസിലും യഥാർഥ പ്രതികളിലേക്ക് അന്വേഷണം നീളാത്തതെന്തേ?

പിടിച്ചെടുത്ത സ്വർണം ഭൂരിഭാഗവും പൊലീസ് തന്നെ അടിച്ചുമാറ്റി ബാക്കിയുള്ളത് മാത്രമേ കണക്കിൽ കാണിക്കുന്നുള്ളൂ എന്നതാണല്ലോ ഉയർന്നുവന്നിട്ടുള്ള ആക്ഷേപം. ഇത് ജനങ്ങൾ വിശ്വസിക്കുന്നത് പൊലീസ് പിടിയിലായ പ്രതികളെ കേന്ദ്രീകരിച്ച് ശരിയായ തുടരന്വേഷണം നടത്തി കള്ളക്കടത്തിന്റെ യഥാർഥ ഗുണഭോക്താക്കളിലേക്ക് എത്തുന്നതിൽ പരാജയപ്പെടുന്നതുകൊണ്ടല്ലേ?

⭕ ഇവ കേരളത്തിൽ എത്തുന്നത് സംസ്ഥാനത്തിന്റെ താൽപര്യത്തിന് എതിരായും അതുവഴി രാജ്യത്തിന് എതിരെയും ഉള്ള പ്രവർത്തനങ്ങൾ നടത്താനും ആണ്.

✅ഒരു സംശയവുമില്ല. എന്നിട്ടും എന്തുകൊണ്ടാണ് കേരള പൊലീസ് ഇടപെട്ട കേസുകളെ പോലും ഒരു ലോജിക്കൽ കൺക്ലൂഷനിലേക്ക് എത്തിക്കുന്നതിൽ പരാജയപ്പെടുന്നത്? വിവിധ കേസുകളിലെ കേന്ദ്ര ഏജൻസികളുടെ അന്വേഷണവും ഇടക്ക് വച്ച് ട്രാക്ക് മാറുന്നത് എന്തുകൊണ്ട്?

⭕ കേരളത്തിൽ ഹിന്ദുത്വ തീവ്രവാദികൾക്ക് എതിരെ നിലപാട് സ്വീകരിച്ചതിന് ഏറ്റവും കൂടുതൽ സഖാക്കളെ നഷ്ട്ടപ്പെട്ട പാർട്ടി ആണ് സി.പി.ഐ(എം).

✅പാവപ്പെട്ട സഖാക്കളെക്കുറിച്ചല്ല ആക്ഷേപം. അവരുടെ പോരാട്ടങ്ങളുടെയും രക്തസാക്ഷിത്വങ്ങളുടെയും മറവിൽ പിണറായി വിജയനും കുടുംബവും നടത്തുന്ന സംഘ് പരിവാർ പ്രീണനത്തേക്കുറിച്ചാണ് ആക്ഷേപം. രക്തസാക്ഷികളുടെ പേര് പറഞ്ഞുള്ള ഇമോഷണൽ ബ്ലാക്ക്മെയിലിങ് അവസാനിപ്പിച്ച് ഭരണതലപ്പത്തുള്ളവരുടെ RSS ബന്ധത്തേക്കുറിച്ചുള്ള ഡയറക്റ്റ് ചോദ്യങ്ങൾക്ക് മറുപടി പറയാമോ?

⭕ നാളുകളായി ന്യൂനപക്ഷം യു.ഡി.എഫിന്റെ കൂടെയായിരുന്നു നിന്നിരുന്നത്. പക്ഷെ ഇപ്പോൾ അവർ എൽ.ഡി.എഫിനെ പിന്തുണക്കുന്നുണ്ട്.. ഇത് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഒരുപാട് നഷ്ടങ്ങൾ ഉണ്ടാക്കുമെന്ന് മനസ്സിലാക്കി അവർക്കിടയിൽ ഒരു ആശയക്കുഴപ്പം ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പൊൾ ആർ.എസ്.എസിനെതിരെ മൃദുവായ സമീപനം ആണ് സി.പി.ഐ(എം) എടുക്കുന്നത് എന്ന് വരുത്തി തീർക്കുകയാണ് ലക്ഷ്യം..

✅ന്യൂനപക്ഷങ്ങളുടെയും ഭൂരിപക്ഷത്തിന്റേയുമൊക്കെ അഭൂതപൂർവമായ പിന്തുണയോടെയാണ് 20ൽ 18 സീറ്റിലും യു.ഡി.എഫ് വൻ വിജയം നേടിയത്. പിണറായി വിജയനിലോ സി.പി.എമ്മിലോ ഇന്ന് കേരളത്തിലെ ഒരു വിഭാഗം ജനങ്ങളും പ്രതീക്ഷയർപ്പിക്കുന്നില്ല. സി.പി.എം-ആർ.എസ്.എസ് അവിശുദ്ധ ബാന്ധവത്തേക്കുറിച്ചുള്ളത് കേവലം ആക്ഷേപമല്ല, വ്യക്തമായ വസ്തുതകൾ വെച്ചുള്ള കേരളത്തിന്റെ ബോധ്യമാണ്.

⭕ രാഷ്ട്രീയ നേട്ടം മാത്രമാണ് അവരുടെ ലക്ഷ്യം.. അതിന് കൂട്ടുനിന്ന് വർഗീയ വിഭജനം നടത്താൻ വേണ്ടി ചില തീവ്രവാദ പ്രസ്ഥാനങ്ങളും പണിയെടുക്കുന്നുണ്ട്.. ‼️

✅ സി.പി.എം-ആർ.എസ്.എസ് കൂട്ടുകച്ചവടവും തൃശൂർ പൂരം കലക്കലുമൊക്കെ കൊണ്ട് രാഷ്ട്രീയ നേട്ടം ഉണ്ടായത് ബി.ജെ.പിക്കാണ്. പിണറായി കുടുംബത്തിന് വ്യക്തിപരമായ നേട്ടവും ഉണ്ടായിട്ടുണ്ട്. നഷ്ടം മതേതര കേരളത്തിന്.

Tags:    
News Summary - VT Balram questions Pinarayi Vijayan's staments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.