മലപ്പുറം: കേരളത്തിൽ ഓരോ ദിവസവും വാഹനാപകടങ്ങളിൽ പൊലിയുന്നത് 11 ജീവനുകളെന്ന് കേരള റോഡ് സുരക്ഷ അതോറിറ്റിയുടെ കണക്ക്. പ്രതിദിനം ശരാശരി 120 അപകടങ്ങൾ നിരത്തുകളിൽ നടക്കുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. മഴക്കാലം എത്തിയതോടെ റോഡപകടങ്ങൾ വർധിക്കാനാണ് സാധ്യത. അമിത വേഗവും അശ്രദ്ധയുമെല്ലാം മഴക്കാലത്ത് കൂടുതൽ അപകടങ്ങൾ വരുത്തിവെക്കുന്നുണ്ട്.
ലഭ്യമായ കണക്കുകൾ പ്രകാരം 2023ൽ സംസ്ഥാനത്ത് 16,528 റോഡപകടങ്ങളിലായി 1447 പേർക്കാണ് ജീവൻ നഷ്ടമായത്. 19,015 പേർക്ക് പരിക്കേറ്റു. കഴിഞ്ഞ വർഷം സംസ്ഥാനത്ത് 43,910 റോഡപകടങ്ങളിൽ 4317 പേർക്ക് ജീവൻ നഷ്ടമായിരുന്നു.
വിവിധ റോഡുകളിൽ മഴക്കാലത്തും അറ്റകുറ്റപ്പണികളും വികസനവും നടക്കുന്നതിനാൽ വെള്ളം നിറഞ്ഞ് അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. പ്രതികൂല കാലാവസ്ഥയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 33 അപകടങ്ങളിലായി ഏഴുപേർ മരിച്ചതായും 27 പേർക്ക് ഗുരുതരമായി പരിക്കേറ്റതായും പൊലീസ് നൽകുന്ന വിവരങ്ങളിലുണ്ട്. എന്നാൽ, ഇതിലധികം അപകടങ്ങൾ മഴക്കാലത്തും പ്രതികൂല കാലാവസ്ഥയിലും സംഭവിക്കുന്നുണ്ടെന്നാണ് യാഥാർഥ്യം. കഴിഞ്ഞ വർഷം ജൂണിൽ മാത്രം 3714 അപകടങ്ങളിൽ 344 പേർ സംസ്ഥാനത്ത് മരിച്ചിരുന്നു. 2022ൽ ദേശീയ പാതയിൽ 9576 അപകടങ്ങളും സംസ്ഥാനപാതയിൽ 9441 അപകടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വർഷക്കാലത്തെ അപകടങ്ങൾ കുറക്കാൻ പൊലീസും മോട്ടോർ വാഹന വകുപ്പുമടക്കം സുരക്ഷ നിർദേശങ്ങളുമായി രംഗത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.