ഡി.ബി. കോളജ് സംഘർഷം: കൊല്ലത്ത് തിങ്കളാഴ്ച വരെ നിരോധനാജ്ഞ

കൊല്ലം: കൊല്ലം റൂറലില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശാസ്താംകോട്ട ഡി.ബി കോളജിലെ സംഘര്‍ഷം കാമ്പസിന് പുറത്തേക്കും വ്യാപിച്ച പശ്ചാത്തലത്തിലാണ് നടപടി. തിങ്കളാഴ്ച വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതോടെ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.

കേരള പൊലീസ് ആക്ട് 2011 വകുപ്പ് 79 പ്രകാരമുള്ള നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രീയ യോഗങ്ങള്‍, പ്രകടനങ്ങള്‍, സമാധാന ലംഘനത്തിന് കാരണമാകുന്ന പ്രവൃത്തികള്‍ക്ക് നിരോധനമുണ്ട്. നാലില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടുന്നതിന് വിലക്കുണ്ട്. അതേസമയം മതപരമായ ചടങ്ങുകള്‍ക്ക് വിലക്കില്ല. സമാധാനലംഘനത്തിനു കാരണമാകുന്ന പ്രവൃത്തികൾ തിങ്കളാഴ്ച രാവിലെ 11 വരെ നിരോധിച്ചിട്ടുണ്ട്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വിവിധ സ്ഥലങ്ങളില്‍ രാഷ്ട്രീയ സംഘടനകള്‍ യോഗങ്ങള്‍ ചേരാന്‍ തീരുമാനിച്ചിരുന്നു. ഇത് പ്രകോപനമുണ്ടാക്കുമെന്ന ആശങ്കയാണ് നിരോധനാജ്ഞ പുറപ്പെടുവിക്കാൻ കാരണം. പ്രകോപനപരമായ മുദ്രാവാക്യം വിളികൾ ഉണ്ടാകൻ സാധ്യതയുണ്ടെന്നും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് വരുത്തുന്ന സാഹചര്യം ഉണ്ടായേക്കും എന്നതും പരിഗണിച്ചാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം ഡി.ബി.കോളേജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 11 വിദ്യാര്‍ഥികളെ ശാസ്താംകോട്ട പോലീസ് കസ്റ്റഡിയിലെടുത്തു. കോളേജിനുള്ളിലും പുറത്തും നടന്ന ആക്രമണങ്ങളിൽ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് എസ്.എഫ്.ഐ.യിലും കെ.എസ്.യു.വിലും ഉള്‍പ്പെട്ടവരെ കസ്റ്റഡിയിലെടുത്തത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.