പട്ടാമ്പി: മണ്ഡലത്തിൽ കെ.എസ്.ബി.എ തങ്ങളെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡൻറിന് അയച്ച കത്ത് വ്യാജമായി ചമച്ചതാണെന്ന് കത്തിൽ ഒപ്പിട്ട ഡി.സി.സി സെക്രട്ടറിമാർ. ഡി.സി.സി സെക്രട്ടറിമാരായ കമ്മുക്കുട്ടി എടത്തോൾ, പി.കെ. ഉണ്ണികൃഷ്ണൻ എന്നിവരാണ് രംഗത്തെത്തിയത്. എൽ.ഡി.എഫിെൻറ യുവ സ്ഥാനാർഥിക്കെതിരെ യുവാവായ സ്ഥാനാർഥിയെ മത്സരിപ്പിക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.
എന്നാൽ, സ്ഥാനാർഥിത്വം നേടാനായി ഡി.സി.സി വൈസ് പ്രസിഡൻറ് കെ.എസ്.ബി.എ തങ്ങൾ തങ്ങളുടെ പേരിൽ വ്യാജരേഖ ചമച്ച് മാധ്യമങ്ങൾക്കും കോൺഗ്രസ് നേതൃത്വത്തിനും അയക്കുകയായിരുന്നു.
വ്യാജപ്രസ്താവന നടത്തിയയാളെ ഒരിക്കലും സ്ഥാനാർഥിയായി പ്രഖ്യാപിക്കരുതെന്നും ദേശീയ നേതൃത്വത്തിന് അയച്ച കത്തിൽ നേതാക്കൾ ആവശ്യപ്പെട്ടു. വിവിധ മണ്ഡലം പ്രസിഡൻറുമാരും കത്തിൽ ഒപ്പിട്ടിട്ടുണ്ട്.എന്നാൽ, വിവാദം അത്ഭുതപ്പെടുത്തിയതായും വ്യാജരേഖ ചമച്ചെന്ന് തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കുമെന്നും കെ.എസ്.ബി.എ തങ്ങൾ പറഞ്ഞു. വിവാദത്തിന് പിന്നിൽ മുൻ എം.എൽ.എ സി.പി. മുഹമ്മദാണ്. തന്നെ പരിഗണിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞപ്പോൾ അടുത്ത തലമുറക്ക് കൈമാറുകയാണെന്നാണ് വിചാരിച്ചത്.
പക്ഷേ, സ്ഥാനാർഥിത്വം ലഭിക്കില്ലെന്നായപ്പോഴാണ് ആ തീരുമാനമെടുത്തതെന്ന് പിന്നീട് ബോധ്യമായി.
എനിക്ക് സീറ്റ് ലഭിക്കുമെന്നായപ്പോൾ കുതന്ത്രങ്ങളിലൂടെ അതില്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഗൂഢാലോചനയെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്നും തങ്ങൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.