മാനന്തവാടി: നിർമാണത്തിലിരിക്കുന്ന വീട്ടിൽ അജ്ഞാത മൃതദേഹം കുഴിച്ചിട്ട നിലയിൽ. എടവക പൈങ്ങാട്ടിരി നല്ലൂർനാട് വില്ലേജ് ഓഫിസിന് എതിർവശം മാനന്തവാടി പട്ടികവർഗ വികസന ഓഫിസിലെ ക്ലർക്ക് ജഗദീഷിെൻറ വീട്ടിലാണ് ബുധനാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്. വീടിെൻറ പിറകുവശത്തെ മുറിയിൽ ചാക്കിൽ കയറുകൊണ്ട് കെട്ടി കുഴിച്ചിട്ട നിലയിലാണ്. ദുർഗന്ധം വമിക്കുന്നുമുണ്ട്. ഏകദേശം ഒരു മാസത്തെ പഴക്കം മൃതദേഹത്തിനുണ്ടെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം.
ഒരു മാസം മുമ്പ് ഈ മുറിയിൽ മണ്ണ് ഇളകിയ നിലയിൽ കണ്ടിരുന്നു. വീടുപണി എടുക്കുന്ന മണിയെന്ന ജോലിക്കാരൻ തറ നിരപ്പിൽനിന്ന് മണ്ണ് താഴ്ന്നുനിൽക്കുന്നത് കണ്ട് സംശയം തോന്നിയതിനെ തുടർന്ന് ബുധനാഴ്ച കരാറുകാരനെ അറിയിക്കുകയായിരുന്നു. തുടർന്ന് മണ്ണ് മാന്തി നോക്കിയപ്പോൾ ചാക്കിൽ കെട്ടിയ മൃതദേഹത്തിന് മുകളിൽ ചെങ്കല്ല് കയറ്റിെവച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞതിനെ തുടർന്ന് മാനന്തവാടി പൊലീസ് ഇൻസ്പെക്ടർ പി.കെ. മണിയുടെ നേതൃത്വത്തിലെ സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തുകയും തൊഴിലാളികളിൽനിന്നു മൊഴി ശേഖരിക്കുകയും ചെയ്തു.
മൃതദേഹം പുരുഷേൻറതാണെന്നാണ് സംശയിക്കുന്നത്. കൊലപാതകത്തിൽ ഒന്നിൽ കൂടുതൽ പേർക്ക് പങ്കുള്ളതായാണ് പൊലീസിെൻറ വിലയിരുത്തൽ. മറ്റെവിടെനിന്നോ കൃത്യം നടത്തിയതിനുശേഷം ഇവിടെ കൊണ്ടുവന്ന് കുഴിച്ചിട്ടതായിരിക്കാമെന്നാണ് കരുതുന്നത്. വ്യാഴാഴ്ച സബ് കലക്ടർ എൻ.എസ്.കെ. ഉമേഷിെൻറ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയശേഷം കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നുള്ള ഫോറൻസിക് അധികൃതർ സ്ഥലത്ത് പോസ്റ്റ്േമാർട്ടം നടത്തും. ‘ദൃശ്യം’ സിനിമ മോഡൽ കൊലപാതകത്തെ ഓർമപ്പെടുത്തുന്ന തരത്തിലാണ് സംഭവം. വിവരമറിഞ്ഞ് നിരവധി പേർ സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.