വൈറൽ ഫോട്ടോകളുടെയും വീഡിയോകളുടെയും കാലമാണിത്. എങ്ങനെയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടണം എന്നതാണ് ഓരോരുത്തരുടെയും ആഗ്രഹം. ഒരിക്കൽ വൈറലായാൽ പിന്നീട് ലഭിക്കുന്ന 'സെലിബ്രിറ്റി' പരിവേശമാണ് പലരെയും ഇതിനോട് മോഹമുള്ളവരാക്കി മാറ്റുന്നത്. ഇതിനായുള്ള ശ്രമത്തിനിടയിൽ സംഭവിച്ചിട്ടുള്ള അപകടങ്ങളെ കുറിച്ചും മരണങ്ങളെ കുറിച്ചും അധികം ആരും ബോധവാൻമാരും അല്ല. വൈറലാകാൻ സാധ്യതയുള്ള ചിത്രങ്ങൾക്കും വീഡിയോകൾക്കുമായി എന്ത് സാഹസികത നടത്താനും ചിലർ ഒരുക്കമാണ്. സെൽഫി ഭ്രമത്തിനിടെ ഏറ്റവും കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നത് നമ്മുടെ രാജ്യത്താണ് എന്നറിയുമ്പോഴാണ് ഇതിന്റെ ഗൗരവം എത്ര വലുതാണെന്ന് നമുക്ക് ബോധ്യമാകുക.
സമൂഹമാധ്യമങ്ങൾ കൈയ്യേറുന്ന ഒരു ലോകത്തിരുന്ന് വൈറൽ ഫോട്ടോകളെ വിമർശിക്കുന്ന യാഥാസ്ഥികതയെക്കുറിച്ച് നിങ്ങൾക്ക് സംശയമുണ്ടാകാം. പക്ഷേ കേവലം ഒരു വൈറൽ ഫോട്ടോക്ക് വേണ്ടി ജീവിതം മുഴുവന്‍ പണയംവെക്കേണ്ടി വരുന്ന ഈ അപകടം പിടിച്ച ട്രെൻഡുകളെയാണ് വിമർശനവിധേയമാക്കേണ്ടത്.
സമൂഹമാധ്യമഭ്രമത്തിന്‍റെ ഇരകൾ
സ്മാർട്ട്ഫോണുകളിൽ കാമറകൾ കടന്നുവന്നതോടെ പൊതുജനങ്ങൾ മുഴുവന്‍ അമച്വർ ഫോട്ടോഗ്രാഫർമാരാക്കുകയും ഫോട്ടോകളുടെ ഒരു അതിപ്രസരത്തിലേക്ക് ലോകം മാറുകയും ചെയ്തു. ഫോട്ടോഗ്രഫിയുടെ പുതിയ വഴികൾ സെൽഫികൾ ഉൾപ്പടെയുള്ള നവധാരകൾക്ക് വഴിതെളിച്ചു. ഇതിന് ആക്കം കൂട്ടി കടന്നുവന്ന സമൂഹമാധ്യമ തരംഗങ്ങൾ സാഹസിക ചിത്രങ്ങളെടുക്കുന്നതിലേക്ക് യുവാക്കളെ നയിച്ചു.
ദിനംപ്രതി ലക്ഷക്കണക്കിന് ചിത്രങ്ങൾ അപ്ലോഡ് ചെയ്യപ്പെടുന്ന ഒരു ബൃഹത്ത് സംവിധാനമാണ് സമൂഹമാധ്യമങ്ങൾ. അതുകൊണ്ടു തന്നെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധാകേന്ദ്രമാകണമെങ്കിലും തരംഗങ്ങൾ സൃഷ്ടിക്കണമെങ്കിലും മറ്റുള്ളവർ ചെയ്യുന്നതിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യേണ്ടത് അനിവാര്യമാണ്. എങ്ങനെയെങ്കിലും സമൂഹമാധ്യമ താരമാകണമെന്ന ഈ വ്യാമോഹമാണ് പലരെയും അപകടസാധ്യതകൾ കൂടിയ ഫോട്ടോകൾ എടുക്കുന്നതിലേക്ക് നയിക്കുന്നത്.
2011 ഒക്‌ടോബറിനും 2017 നവംബറിനുമിടയിൽ അപകടസാധ്യതകൾ നിറഞ്ഞ ചിത്രങ്ങളെടുക്കാൻ ശ്രമിക്കുന്നതിനിടെ 259 പേർ മരിച്ചതായി ജേർണൽ ഓഫ് ഫാമിലി മെഡിസിൻ ആൻഡ് പ്രൈമറി കെയറിന്‍റെ പഠനം സൂചിപ്പിക്കുന്നുണ്ട്. ഇതിൽ 72.5 ശതമാനം പുരുഷന്മാരും 27.5 ശതമാനം സ്ത്രീകളുമാണുള്ളത്. സാഹസികത നിറഞ്ഞ സെൽഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടവരുടെ ഒരു നീണ്ട നിര തന്നെ വിക്കിപീഡിയ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആഗോളതലത്തിൽ നടക്കുന്ന സെൽഫി മരണങ്ങളിൽ പകുതിയിലേറെയും ഇന്ത്യയിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യക്ക് ശേഷം യഥാക്രമം റഷ്യ, യുനൈറ്റഡ് സ്റ്റേറ്റ്സ്, പാകിസ്താൻ എന്നീ രാജ്യങ്ങളാണ് ഇത്തരത്തിലുള്ള മരണങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സാഹസികചിത്രങ്ങളുടെ ആരംഭം
സെൽഫികളോടും വൈറൽ ഫോട്ടോകളോടുമുള്ള അഭിനിവേശം ആളുകളെ ചുറ്റുപാടുകളുടെ അപകടസ്ഥിതി മനസ്സിലാക്കുന്നതിൽ നിന്ന് ശ്രദ്ധ തിരിക്കുന്നു. എങ്ങനെയെങ്കിലും വൈറലാകണമെന്ന ചിന്ത മാത്രമാണ് ഇത്തരക്കാരിൽ പൊതുവെ പ്രകടമാകാറുള്ളത്. 2011ൽ ടോം റിയാബോയ് എന്ന കനേഡിയക്കാരന്‍ ടൊറന്റോയിലെ ഒരു ഉയരമുള്ള കെട്ടിടത്തിന്റെ അരികിൽ കാലുകൾ തൂക്കിയിട്ടിരിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് ഇങ്ങനെയൊരു പുതിയ ധാരക്ക് സമൂഹമാധ്യമങ്ങളിൽ സ്വീകാര്യത ലഭിച്ച് തുടങ്ങിയത്. "ഞാൻ എന്നെ പ്രശസ്തനാക്കും" എന്ന അടിക്കുറിപ്പോടെ അദ്ദേഹം പങ്കുവെച്ച ഫോട്ടോ നിമിഷങ്ങൾക്കകമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ചിത്രം പോസ്റ്റ് ചെയ്ത് ഒരു ദിവസത്തിനുള്ളിൽ തന്നെ ബി.ബി.സി, ആർ.ടി.എൽ, നാഷനൽ ജിയോഗ്രാഫിക് യു.എസ്.എ തുടങ്ങിയ പ്രമുഖ വാർത്താമാധ്യമങ്ങളെല്ലാം അഭിമുഖത്തിനായി അദ്ദേഹത്തെ ക്ഷണിക്കുകയുണ്ടായി.
പിന്നീട് റിയാബോയുടെ പാത പിന്‍തുടർന്ന് നിരവധിപേർ വൈറലാകാനായി ഉയർന്ന കെട്ടിടങ്ങളുടെയും മലകളുടെയും പാറക്കെട്ടുകളുടെയും മുകളിൽ നിന്ന് ഫോട്ടോകളെടുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാന്‍ തുടങ്ങി. തുർക്കിയിലെ ഗവേഷകർ നടത്തിയ സമൂഹമാധ്യമ വിശകലനത്തിൽ 2015 മുതൽ അപകടസാധ്യതയുള്ള ഫോട്ടോകൾ എടുക്കുന്നതിൽ മൂന്നിരട്ടി വർധനയുണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട്.
അപകടസാധ്യത നിറഞ്ഞ ഫോട്ടോകൾ എടുക്കാന്‍ ശ്രമിക്കുന്നതിലൂടെ ജീവന്‍ നഷ്ടപ്പെടേണ്ടി വന്ന 10 സംഭവങ്ങൾ പരിശോധിക്കാം
ഫോട്ടോയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഏഴ് യുവാക്കൾ മുങ്ങിമരിച്ചത്
2015 മാർച്ചിൽ ഇന്ത്യയിലെ കാഹി താലൂക്കിലെ മംഗുൾ തടാകത്തിൽ വെച്ച് ഗ്രൂപ്പ് സെൽഫി എടുക്കാൻ ശ്രമിക്കുന്നിതിനിടെ ഏഴ് യുവാക്കൾ മുങ്ങിമരിക്കുകയുണ്ടായി. വിനോദയാത്രക്ക് പോയ ഇവർ സെൽഫിയെടുക്കാൻ ബോട്ടിന്‍റെ ഒരു വശത്തേക്ക് തടിച്ചുകൂടിയതാണ് ബോട്ട് മറിയാന്‍ കാരണമായത്. യുവാക്കൾ വെള്ളത്തിലേക്ക് വീഴുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഒഴുക്ക് കാരണം സാധിച്ചില്ല. പിറ്റേ ദിവസമാണ് ഇവരുടെ മൃതദേഹം പുറത്തെടുക്കുന്നത്
റൊമാനിയൻ കൗമാരക്കാരിയുടെ മരണം
2015 മേയിൽ റോമിലെ ലസിയിൽ ആന്‍ ഉർസുവെന്ന കൗമാരക്കാരി തന്‍റെ സുഹൃത്തിനൊപ്പം ട്രെയിനിന് മുകളിൽ കയറി സെൽഫി എടുക്കാന്‍ ശ്രമിക്കുന്നിതിനിടെയാണ് മരണപ്പെടുന്നത്. ഫോട്ടോക്ക് പോസ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മുകളിലുണ്ടായിരുന്ന 27,000 വോൾട്ടിന്റെ ലൈവ് വയറിൽ ഉർസുവിന്‍റെ കാലുകൾ തട്ടുകയും തൽക്ഷണം വൈദ്യുതാഘാതമേറ്റ് മരിക്കുകയും ചെയ്തു.
കരടിയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം
2018 മേയിൽ ഒഡിഷയിൽ കരടിക്കൊപ്പം സെൽഫിയെടുക്കാന്‍ ശ്രമിക്കുന്നിതിനിടെയാണ് യുവാവ് കൊല്ലപ്പെടുന്നത്. കരടിയുടെ അടുത്തേക്ക് പോകരുതെന്ന നാട്ടുകാരുടെ മുന്നറിയിപ്പ് വകവെക്കാതെ സെൽഫിയെടുക്കാന്‍ ചെന്ന യുവാവിനെ കരടി ആക്രമിക്കുകയും അയാൾ സംഭവസ്ഥത്ത് വെച്ച് തന്നെ മരണപ്പെടുകയും ചെയ്തു
സെൽഫിയെടുക്കുന്നിതിനിടെ വെടിയേറ്റ് മരിച്ചത്
2016 മാർച്ചിൽ യു.എസിലെ വാഷിങ്ടണിൽ തോക്ക് മുഖത്തോട് ചേർത്ത് സെൽഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അബദ്ധത്തിൽ വെടിയേറ്റ് മധ്യവയസ്കന്‍ മരിക്കുന്നത്. ഒരു വെടിയുണ്ട തോക്കിൽ അവശേഷിക്കുന്നുണ്ടെന്ന് അറിയാതെ ഫോട്ടോക്ക് പോസ് ചെയ്ത 43 കാരനാണ് മരണപ്പെട്ടത്.
സെൽഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനിടിച്ച് യുവാക്കൾ മരിച്ച സംഭവം
2019ൽ റെയിൽവേ ട്രാക്കിൽ നിന്ന് ഫോട്ടോയെടുക്കുന്നിതിനിടെയാണ് നാല് കൗമാരക്കാർ ട്രെയിനിടിച്ച് മരിക്കുന്നത്. രണ്ടു ട്രാക്കിലും ഒരുമിച്ച് ട്രെയിനുകൾ വന്നതോടെ രക്ഷപ്പെടാന്‍ കഴിയാതെ നാലുപേരും മരണപ്പെടുകയായിരുന്നു.
അണക്കെട്ടിൽ നിന്ന വീണ് നവവധു മരിച്ച സംഭവം
2019ൽ തമിഴ്നാട്ടിൽ വിവാഹം കഴിഞ്ഞ് കുടുംബാംഗങ്ങളോടൊപ്പം വിനോദയാത്രക്ക് പോകുന്നതിനിടെയാണ് നവവധുവും മൂന്ന് കുടുംബാംഗങ്ങളും മുങ്ങിമരിക്കുന്നത്. അണക്കെട്ടിന് സമീപത്ത് നിന്ന് സെൽഫിയെടുക്കാന്‍ ശ്രമിക്കുന്നതിനെടെയാണ് ഒഴുക്കിൽപ്പെട്ട് നാലുപേരും മുങ്ങി മരിക്കുന്നത്.
എയർസ്ട്രിപ് അപകടം
2017ൽ മെക്സിക്കോയിലെ ചിഹുവാഹയിൽ എയർസ്ട്രിപ്പിൽ ഇറങ്ങുകയായിരുന്ന ചെറുവിമാനത്തിന്റെ ചിറകുകളിലൊന്നിൽ ഇടിച്ച് കൗമാരക്കാരികളായ നിറ്റ്‌സിയ മെൻഡോസ കോറൽ, ക്ലാരിസ മോർക്വെക്കോ മിറാൻഡ എന്നിവർ മരിക്കുകയുണ്ടായി. എയർസ്ട്രിപ്പിൽ നിന്ന് സെൽഫിയെടുക്കുന്നിതിനിടെ വിമാനം ലാന്‍ഡ് ചെയ്യുന്നത് ശ്രദ്ധയിൽപെടാത്തതാണ് പെൺകുട്ടികളുടെ മരണത്തിന് വഴിയൊരുക്കിയത്.
കിണറ്റിൽ വീണ് യുവതി മരിച്ച സംഭവം
2019 നവംബറിൽ ചെന്നൈയിൽ കിണറിന് സമീപത്ത് നിന്ന് സെൽഫിയെടുക്കാന്‍ ശ്രമിക്കുന്നിതിനിടെയാണ് യുവതി കിണറ്റിൽ വീണ് മരിക്കുന്നത്. കാണ്ടിഗൈ ഗ്രാമത്തിനടുത്തുള്ള ഒരു ഫാമിലെ കിണറ്റിന്‍റെ പടിയിലിരുന്ന് സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ യുവതി ബാലന്‍സ് തെറ്റി വീഴുകയായിരുന്നു.
ട്രെയിനിന്‍റെ മേൽക്കൂരയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചത്
2014 മാർച്ചിൽ സ്പെയിനിലെ ആന്‍ഡുജാറിൽ നിർത്തിയിട്ട ട്രെയിനിനു മുകളിൽ കയറി ഫോട്ടെയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഉയർന്ന വോൾട്ടേജ് കമ്പിയിൽ തട്ടി വൈദ്യുതാഘാതമേറ്റ് 21കാരന്‍ മരിക്കുകയുണ്ടായി.
സിനിമ സീന്‍ അനുകരിച്ച് യുവാവ് ട്രെയിനിടിച്ച് മരിച്ചത്
2015 എപ്രിലിൽ സെർബിയയിൽ ബേക്കിങ് അറ്റ് ദ സ്റ്റാർസ് എന്ന സെർബിയൻ സിനിമയിലെ കഥാപാത്രത്തിന്‍റെ സ്റ്റണ്ട് സീന്‍ അനുകരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് 22കാരനായ യുവാവ് മരിക്കുന്നത്. ട്രെയിനിനൊപ്പം ഓടുന്ന സെൽഫിയെടുക്കുന്നതിനിടെയാണ് യുവാവ് ട്രെയിന്‍ തട്ടി മരിക്കുന്നത്.
ലോകത്തിലെ പല സ്ഥലങ്ങളിലും അപകടകരമായ ഫോട്ടോഗ്രാഫിക്കെതിരെ ഭരണകൂടം കർശന നടപടി സ്വീകരിച്ച് വരുന്നുണ്ട്. സാഹസിക ഫോട്ടോഗ്രഫിക്ക് തുടക്കമിട്ട റിയാബോയെ വരെ 2015ൽ ടൊറന്റോയിൽ റൂഫ്‌ടോപ്പിങ് ഫോട്ടോഗ്രഫി നടത്തുന്നതിലെ അപകട സാധ്യത കാരണം അറസ്റ്റ് ചെയ്തിരുന്നു. ഗോവയിൽ അപകടസാധ്യതയുള്ള സെൽഫിയെടുക്കുന്നത് തടയാൻ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പാറക്കെട്ടുകൾ, ബീച്ചുകൾ, എന്നിങ്ങനെയുള്ള 24 സ്ഥലങ്ങളിൽ "സെൽഫി നിരോധന മേഖലകൾ" അധികൃതർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ നടപടികളിലൂടെ ഫോട്ടെയെടുക്കാനുള്ള യുവാക്കളുടെ പ്രവണതയെ നിർത്താനാവില്ല.
സമൂഹമാധ്യമങ്ങൾ തന്നെ ഈ പ്രവണതക്കെതിരെ മുന്നോട്ട് വരേണ്ടതുണ്ട്. ജീവന്‍ വരെ അപകടത്തിലാക്കുന്ന ചിത്രങ്ങളിലൂടെ മാത്രമേ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധാകേന്ദ്രമാകൂവെന്ന ധാരണ തിരുത്താന്‍ ഇവർ തയ്യാറാകേണ്ടതുണ്ട്. എല്ലാത്തിനുമുപരിയായി ഇത്തരം ചിത്രങ്ങളെടുക്കുമ്പോൾ ഉണ്ടാകാന്‍ സാധ്യതയുള്ള അപകടങ്ങളെക്കുറിച്ച് നാം സ്വയം ബോധവാന്മാരാകേണ്ടതുണ്ട്. സമൂഹമാധ്യമങ്ങളിൽ നമ്മൾ സൃഷ്ടിച്ചെടുക്കുന്ന വ്യക്തിഗത ബ്രാന്‍ഡുകളെക്കാൾ നമ്മുടെ ജീവിതത്തിന് വില നൽകാന്‍ ഓരോരുത്തരും പഠിക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.