കൊച്ചി: തൃശൂർ പാവറട്ടിയിൽ കസ്റ്റഡി മർദനത്തെത്തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ ഏഴ് എക്സൈസ് ഉദ്യോഗസ്ഥരെ പ്രതിയാക്കി സി.ബി.െഎ കുറ്റപത്രം സമർപ്പിച്ചു.
തൃശൂർ വെസ്റ്റ് എൻഫോഴ്സ്മെൻറ് ആൻറി നാർകോട്ടിക് സ്ക്വാഡ് പ്രിവൻറിവ് ഒാഫിസർ എം.ജി. അനൂപ് കുമാർ, ചാലക്കുടി റേഞ്ച് ഒാഫിസിലെ പ്രിവൻറിവ് ഒാഫിസർ അബ്ദുൽ ജബ്ബാർ, എക്സൈസ് ആൻറി നാർകോട്ടിക് സ്ക്വാഡ് സിവിൽ എക്സൈസ് ഒാഫിസർമാരായ നിധിൻ എം. മാധവൻ, കെ.യു. മഹേഷ്, വി.എം. സ്മിബിൻ, പ്രിവൻറിവ് ഒാഫിസർ വി.എ. ഉമ്മർ, സിവിൽ എക്സൈസ് ഒാഫിസർ എം.ഒ. ബെന്നി എന്നിവർക്കെതിരെയാണ് സി.ബി.െഎ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ കുറ്റപത്രം നൽകിയത്. പ്രതികൾക്കെതിരെ കൊലപാതകം, കുറ്റം സമ്മതിപ്പിക്കാനായി മാരകമായി മുറിവേൽപിക്കുക, അന്യായമായി തടഞ്ഞുവെക്കുക, വ്യാജരേഖ ചമക്കുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
2019 ഒക്േടാബർ ഒന്നിനാണ് കഞ്ചാവുമായി എക്സൈസ് പിടികൂടിയ മലപ്പുറം തിരൂർ തൃപ്രങ്ങോട് കരുമത്തിൽ വീട്ടിൽ രഞ്ജിത് കുമാർ മരിച്ചത്. ഗുരുവായൂരിൽനിന്ന് പിടികൂടിയ രഞ്ജിത്തിനെ കുറ്റം സമ്മതിപ്പിക്കാനായി എക്സൈസ് ചാവക്കാട്ടേക്ക് െകാണ്ടുപോവുകയും അവിടെ വെച്ച് കൂടുതൽ അളവിൽ കഞ്ചാവ് ഉണ്ടോ എന്ന് അന്വേഷിക്കുന്നതിെൻറ ഭാഗമായി മർദിക്കുകയുമായിരുന്നു.
അപസ്മാര ലക്ഷണങ്ങൾ കാണിച്ചതിനെത്തുടർന്ന് അവശനിലയിലായ രഞ്ജിത് കുമാറിനെ പിന്നീട് പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അബ്ദുൽ ജബ്ബാർ, വി.എ. ഉമ്മർ, കെ.യു. മഹേഷ്, സ്മിബിൻ എന്നിവർക്കെതിരെയാണ് െകാലപാതകമടക്കമുള്ള കുറ്റങ്ങളുള്ളത്.
അനൂപ് കുമാർ, നിധിൻ കെ. മാധവൻ, എം.ഒ. ബെന്നി എന്നിവർക്കെതിരെ കുറ്റം സമ്മതിപ്പിക്കാനായി മാരകമായി മുറിവേൽപിക്കുക, അന്യായമായി തടഞ്ഞുവെക്കുക, വ്യാജരേഖ ചമക്കുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. മർദനത്തെത്തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. സി.ബി.െഎ കേസ് എടുക്കും മുമ്പുതന്നെ പ്രതികളെല്ലാം ജാമ്യത്തിലിറങ്ങിയിരുന്നു. സി.ബി.െഎ തിരുവനന്തപുരം യൂനിറ്റ് എസ്.പി നന്ദകുമാർ നായരുടെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി ടി.പി. അനന്തകൃഷ്ണനാണ് കേസ് അന്വേഷിച്ചത്.
കുറ്റപത്രത്തിൽ പ്രതിചേർക്കാത്ത ഏതാനും പേർക്കെതിരെ വകുപ്പുതല നടപടിയും ശിപാർശ ചെയ്തിട്ടുണ്ട്. എക്സൈസ് ഇൻസ്പെക്ടർ ജിജോ ജോസിനെതിരെ കടുത്ത അച്ചടക്ക നടപടിയും ഡെപ്യൂട്ടി കമീഷണർ പി.കെ. സാനു, പാവറട്ടി സി.െഎ ഫൈസൽ, ചാവക്കാട് തഹസിൽദാർ സന്ദീപ് എന്നിവർക്കെതിരെ ചെറിയ രീതിയിലുള്ള ശിക്ഷയുമാണ് സി.ബി.െഎ ശിപാർശ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.