മലപ്പുറം: മലപ്പുറം മുണ്ടുപറമ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയ ദമ്പതികൾ മക്കളുടെ ജനിതക രോഗത്തെതുടർന്ന് മനോവിഷമത്തിലായിരുന്നുവെന്ന് സൂചന. ഇവരുടെ മൂത്തമകനായ ഹരിഗോവിന്ദിന് ജനിതക രോഗം സ്ഥിരീകരിച്ചിരുന്നു. ഇളയ കുട്ടിയുടെ ഫലത്തിനായി കാത്തിരിക്കുകയായിരുന്നു ദമ്പതികളെന്നാണ് സൂചന. ഇതിനിടെയാണ് നാടിനെ ഞെട്ടിച്ച് ഇരുവരുടേയും മക്കളുടേയും മരണവാർത്ത എത്തുന്നത്.
കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി സബീഷ്, ഭാര്യ ഷീന, മക്കളായ ഹരിഗോവിന്ദ് (6 ) ശ്രീവർദ്ധൻ (രണ്ടര ) എന്നിവരെയാണ് മുണ്ടുപറമ്പിലെ വാടകവീട്ടിൽ ഇന്നലെ രാത്രി മരിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജരാണ് സബീഷ്. എസ്.ബി.ഐ ബ്രാഞ്ച് മാനേജറാണ് ഷീന.
ഷീനയെ കഴിഞ്ഞ ദിവസം ഫോണിൽ വിളിച്ച് കിട്ടാതായപ്പോൾ ബന്ധുക്കൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു . തുടർന്ന് ഇവർ താമസിക്കുന്ന മുണ്ടുപറമ്പ് മൈത്രീ നഗറിലെ വാടക വീട്ടിലെത്തിയ പൊലീസാണ് കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. സബീഷും ,ഷീനയും രണ്ട് മുറികളിലെ ഫാനുകളിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. സബീഷിന്റെ മൃതദേഹം കണ്ടെത്തിയ മുറിയിലെ കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലായിരുന്നു ശ്രീവർധൻ. ഹരിഗോവിന്ദിന്റെ മൃതദേഹം നിലത്തെ മെത്തയിലുമാണ് കണ്ടെത്തിയത്. ഹരിഗോവിന്ദ് മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥിയാണ്. മരണത്തിൽ അന്വേഷണം ആരംഭിച്ചതായി മലപ്പുറം പൊലീസ് അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.