കാഞ്ഞിരപ്പള്ളി: അമല്‍ജ്യോതി എൻജിനീയറിങ് കോളജിലെ വിദ്യാര്‍ഥിനി ശ്രദ്ധ സതീഷിന്റെ മരണം സംബന്ധിച്ച് അന്വേഷണം പൂര്‍ത്തിയാകും മുമ്പ് കെട്ടുകഥകള്‍ മെനഞ്ഞ് അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം രാഷ്ട്ര നിയമങ്ങളെ ആദരിക്കുന്ന ജനാധിപത്യ സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് കാഞ്ഞിരപ്പള്ളി രൂപതയിലെ സംഘടനകളുടെ സംയുക്ത യോഗം അഭിപ്രായപ്പെട്ടു. ശ്രദ്ധയുടെ ജീവഹാനിയെ തുടര്‍ന്ന് അമല്‍ജ്യോതി കോളജില്‍ നടത്തുന്ന സംഘടിത ആക്രമണത്തിൽ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. വിദ്യാർഥിനിയുടെ മരണത്തില്‍ അനുശോചിക്കുകയും കുടുംബാംഗങ്ങളുടെയും സഹപാഠികളുടെയും അധ്യാപകരുടെയും ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നു. കോളജിനെ അപകീര്‍ത്തിപ്പെടുത്താനും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനും അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാജനകവുമായ വാര്‍ത്തകള്‍ ചിലര്‍ പ്രചരിപ്പിക്കുകയാണ്.
വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടത്തി സത്യാവസ്ഥ വെളിച്ചത്തുകൊണ്ടുവരാന്‍ എല്ലാവിധത്തിലും സഹകരിക്കുന്ന മാനേജ്മെന്റിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താൻ ചില തല്പരകക്ഷികള് ബോധപൂർവം ശ്രമിക്കുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസരംഗത്ത് അതുല്യ സംഭാവനകള്‍ നല്കുന്ന ക്രൈസ്തവ സമൂഹത്തെ ഒറ്റപ്പെടുത്തി ആക്രമിച്ച് നിശ്ശബ്ദരാക്കാനാവില്ല. ചില ഗൂഢസംഘങ്ങളുടെ ചട്ടുകങ്ങളായി വിദ്യാര്‍ഥി സംഘടനകള്‍ മാറരുത്. കോളജ് മാനേജ്മെന്റിന്റെയും അധ്യാപക-വിദ്യാര്‍ഥി സമൂഹത്തിന്റെയും മനോവീര്യം തകര്‍ക്കാനുള്ള ശ്രമങ്ങളെ ചെറുക്കും.
രൂപത എ.കെ.സി.സി പ്രസിഡന്റ് ജോമി കൊച്ചുപറമ്പില്‍ പ്രമേയം അവതരിപ്പിച്ചു.
പ്രഫ. സാജു എബ്രഹാം കൊച്ചുവീട്ടില്‍, മാതൃവേദി പ്രസിഡന്റ് മേരിക്കുട്ടി പൊടിമറ്റത്തില്‍, യുവദീപ്തി-എസ്.എം.വൈ.എം ഡയറക്ടര്‍ ഫാ. വര്‍ഗീസ് കൊച്ചുപുരയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു.
കാഞ്ഞിരപ്പള്ളി: രണ്ടാംവർഷ ഫുഡ് ടെക്നോളജി വിദ്യാർഥിനി ശ്രദ്ധ സതീഷിന്റെ മരണത്തെ തുടർന്ന് വിവിധ വിദ്യാർഥി സംഘടനകൾ അമൽജ്യോതി കോളജിലേക്ക് മാർച്ച് നടത്തി. കെ.എസ്.യു, എ.ബി.വി.പി, ഫ്രറ്റേണിറ്റി മൂവ്മെന്റ് തുടങ്ങിയ സംഘടനകളാണ് പ്രതിഷേധം ഉയർത്തിയത്.
കാമ്പസിനുള്ളിലേക്ക് കടക്കാൻ കെ.എസ്.യു പ്രവർത്തകർ നടത്തിയ ശ്രമം പൊലീസ് തടഞ്ഞതോടെ പ്രവർത്തകർ കാഞ്ഞിരപ്പള്ളി -എരുമേലി റോഡ് ഉപരോധിച്ചു. കെ.എസ്.യു ജില്ല പ്രസിഡന്റ് കെ.എൻ. നൈസാമിന്റെ നേതൃത്വത്തിലായിരുന്നു ഉപരോധം. എ.ബി.വി.പി പ്രവർത്തകർ നടത്തിയ പ്രകടനവും അക്രമാസക്തമായി. ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല കമ്മിറ്റി കോളജിലേക്ക് മാർച്ച് സംഘടിപ്പിച്ചു. മാർച്ച് ഗേറ്റിൽ പൊലീസ് തടഞ്ഞു. ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് അമീൻ റിയാസ് മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡന്റ് സമീർ ബിൻ ഷറഫ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.