ചങ്ങരംകുളം: ചിറവല്ലൂർ ആമയം സ്വദേശി നമ്പ്രാണത്തേൽ ഹൈദ്രോസ് കുട്ടിയുടെ മകൻ ഷാഫി (42) എയർഗണ്ണിൽനിന്ന് വെടി കൊണ്ട് മരിച്ച സംഭവത്തിൽ പ്രതിയുമായി പെരുമ്പടപ്പ് പൊലീസ് തെളിവെടുപ്പ് നടത്തി. പെരുമ്പടപ്പ് പട്ടേരി ചിറവല്ലൂർ കടവിലെ സജീവ് അഹമ്മദിന്റെ വീട്ടിലും സംഭവം നടന്ന സ്ഥലത്തുമാണ് തെളിവെടുപ്പ് നടത്തിയത്. വെടിയേൽക്കുന്ന സമയത്ത് മരിച്ച ഷാഫി ഉൾപ്പെടെ സംഭവം നടക്കുന്ന സമയത്ത് നാലുപേരാണ് ഉണ്ടായിരുന്നത്.
വെടിവെച്ച തോക്കുടമ പെരുമ്പടപ്പ് പട്ടേരി പെരുമ്പംകാട്ടിൽ സജീവ് അഹമ്മദിനെതിരെ (38) 302 വകുപ്പുപ്രകാരമാണ് നരഹത്യ ചുമത്തി കേസെടുത്തിട്ടുള്ളത്. അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്ത പ്രതിയുമായാണ് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തിയത്.
വെടിവെക്കൽ പരിശീലിക്കുന്ന സമയത്താണ് അപകടം പറ്റിയതെന്നും പക്ഷികളെയും മറ്റും വെടിവെക്കുന്ന സമയത്ത് ഉന്നം പിഴച്ചതാണെന്നും പ്രതി പറയുന്നു. പ്രതിക്ക് അബദ്ധത്തിൽ വെടി കൊണ്ടതാണെന്ന് പറയുമ്പോഴും ആസൂത്രിതമായ കൊലയാണെന്ന് ബന്ധുക്കൾ ഉറപ്പിച്ചുപറയുന്നു. കൊലപാതകമാണെന്നും ഗൂഢാലോചന അന്വേഷിക്കണമെന്നും കാണിച്ച് ബന്ധുക്കൾ ഉന്നതാധികാരികൾക്കുൾപ്പെടെ സ്റ്റേഷനിൽ പരാതിയും നൽകിയിട്ടുണ്ട്.
ഷാഫിയെ ഫോണിൽ വിളിച്ചുവരുത്തിയതും പ്രതിയുടെ വീട്ടിൽ ആളില്ലാത്തതും, വെടികൊണ്ടതും ആശുപത്രിയിൽ കൊണ്ടുപോയതും മറ്റാരെയും അറിയിക്കാത്തതും മരണം നടന്നപ്പോൾ പ്രതികൾ രക്ഷപ്പെട്ടതും ദുരുഹത ഉയർത്തുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു. പോസ്റ്റ്മോർട്ട വിവരവും വിരലടയാള വിവരവും ശാസ്ത്രീയ പരിശോധനയുടെ പൂർണ വിവരവും ലഭിച്ചാൽ മാത്രമേ കൃത്യമായ വിവരം പറയാൻ കഴിയുകയുള്ളൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.