സി.ബി.ഐ അന്വേഷണത്തിന്​ കോടതി മേൽനോട്ടം വഹിക്കണമെന്ന് വാളയാർ പെൺകുട്ടികളുടെ മാതാവിന്‍റെ ഹരജി

കൊച്ചി: വാളയാറിൽ പീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടികളെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ സി.ബി.ഐ അന്വേഷണത്തിന്​ കോടതി മേൽനോട്ടം വഹിക്കണമെന്നാവശ്യപ്പെട്ട്​ ഹൈകോടതിയിൽ മാതാവിന്‍റെ ഹരജി. കുട്ടികളുടെ നഗ്​നദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുന്ന മാഫിയ ബന്ധം അന്വേഷിക്കണമെന്നും കൊലപാതക സാധ്യതകൾ അന്വേഷിക്കാൻ നിർദേശം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.

13 വയസ്സുകാരിയെ 2014 ജനുവരി 13നും ഒമ്പതു വയസ്സുകാരിയെ 2014 മാർച്ച് നാലിനും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് വലിയ മധു, ചെറിയ മധു, ഷിബു, പ്രദീപ് എന്നിവർക്കെതിരെ ആറ് കേസുകൾ രജിസ്റ്റർ ചെയ്​തു. പെൺകുട്ടികൾ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു കേസ്.

2019 ഒക്ടോബർ 25ന് പാലക്കാട് പോക്സോ കോടതി വലിയ മധു ഉൾപ്പെടെയുള്ള പ്രതികളെ വെറുതെവിട്ടിരുന്നു. ഇതിനെതിരെ സർക്കാറും പെൺകുട്ടികളുടെ അമ്മയും നൽകിയ ഹരജികളിൽ പ്രതികളെ വെറുതെവിട്ട വിചാരണ കോടതി വിധി 2021 ജനുവരി ആറിന് ഹൈകോടതി റദ്ദാക്കി. പുനർവിചാരണ നടത്താനും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടാൽ തുടരന്വേഷണം അനുവദിക്കാനും പോക്സോ കോടതിക്ക് നിർദേശവും നൽകി. ഇതിനിടെ പ്രദീപ് ആത്മഹത്യ ചെയ്തു.

പിന്നീട് പെൺകുട്ടികളുടെ അമ്മ നൽകിയ ഹരജിയിൽ സി.ബി.ഐ തുടരന്വേഷണം നടത്താൻ ഹൈകോടതി ഉത്തരവിട്ടു. സി.ബി.ഐ നൽകിയ റിപ്പോർട്ട് കഴിഞ്ഞ ആഗസ്റ്റിൽ തള്ളിയ വിചാരണ കോടതി വീണ്ടും അന്വേഷണത്തിനുത്തരവിട്ടു. എന്നാൽ, ആരുടെയോ സ്വാധീനത്താൽ അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ലെന്നാരോപിച്ചാണ് അമ്മ വീണ്ടും ഹൈകോടതിയെ സമീപിച്ചത്. പ്രതി പ്രദീപിന്‍റെയും സംശയ നിഴലിലായിരുന്ന ജോൺ പ്രവീണിന്‍റെയും മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 

Tags:    
News Summary - Death of girls in Walayar Rape: Mother's plea that the court supervise the CBI investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.