തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർഥന്റെ മരണത്തിൽ രണ്ടാഴ്ചക്ക് ശേഷം നടപടിയുമായി സർക്കാർ. ഗുരുതര വീഴ്ച വരുത്തിയതായി സർവകലാശാല രജിസ്ട്രാറുടെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയ കോളജ് ഡീൻ എം.കെ. നാരായണൻ, അസി. വാർഡൻ ഡോ.ആർ. കാന്തനാഥൻ എന്നിവരെ സസ്പെൻഡ് ചെയ്യാൻ മന്ത്രി ജെ. ചിഞ്ചുറാണി നിര്‍ദേശം നല്കി. സര്‍വകലാശാല വി.സി ഡോ.എം.ആര്. ശശീന്ദ്രനാഥിനെ, ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു.
എസ്.എഫ്.ഐക്കാര്‍ പ്രതികളായ കേസില്‍ സര്‍ക്കാര്‍ നിഷ്ക്രിയമാണെന്ന ആരോപണം വ്യാപകമായതിനു പിന്നാലെയാണ് സി.പി.ഐ നിയന്ത്രിക്കുന്ന വകുപ്പ് നടപടിക്ക് നിര്‍ദേശിച്ചത്. ഡോ. എം.ആര്. ശശീന്ദ്രനാഥിന് പകരം ഗവർണർ നിയോഗിച്ച പ്രഫ. പി.സി. ശശീന്ദ്രന് വി.സിയായി ചുമതലയേറ്റ ശേഷമാകും ഡീനും അസി. വാര്‍ഡനും എതിരേ നടപടി സ്വീകരിക്കുകയെന്ന് മൃഗസംരക്ഷണ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മുന്‍ വി.സി തയാറായിരിക്കേയാണ് അദ്ദേഹത്തെ ഗവര്‍ണര്‍ സസ്പെന്‍ഡ് ചെയ്തതെന്നാണ് മന്ത്രിയുടെ ഓഫിസ് പറയുന്നത്.
ഡീനിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചെന്നും വാര്ഡന് എന്ന നിലയില്‍ ഡീന്‍ ഹോസ്റ്റലില്‍ ഉണ്ടാകേണ്ടതായിരുന്നെന്നും മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ജീവനക്കാരുടെ കുറവിനെ കുറിച്ച് ഡീന്‍ പറയേണ്ട കാര്യമില്ല. ഡീന്‍ അദ്ദേഹത്തിന്റെ ചുമതല നിര്‍വഹിക്കുകയാണ് വേണ്ടത്. അത് ചെയ്തില്ല. സിദ്ധാര്‍ഥിന്റെ മരണത്തിലേക്ക് നയിച്ച മര്ദനമുറയുടെ പശ്ചാത്തലത്തില്‍ ഹോസ്റ്റലില്‍ സി.സി ടി.വി കാമറ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. വിവസ്ത്രനാക്കി ഭക്ഷണവും വെള്ളവും നല്‍കാതെ സിദ്ധാര്‍ഥിനെ ദിവസങ്ങളോളം മർദിച്ചിട്ടും ഹോസ്റ്റലിന്റെ ചുമതലയുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടപടിയെടുക്കാതിരുന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റമായി ചൂണ്ടിക്കാട്ടുന്നത്. പൊലീസ് റിപ്പോര്‍ട്ടിലും ഇവര്‍ക്കെതിരേ സൂചനയുണ്ട്.
അതേസമയം, ഹോസ്റ്റലിലെ സെക്യൂരിറ്റി സര്വിസല്ല തന്റെ ജോലിയെന്നായിരുന്നു ഡീൻ എം.കെ. നാരായണന്റെ പ്രതികരണം. ആത്മഹത്യാ വിവരമറിഞ്ഞ ഉടൻ ഹോസ്റ്റലിൽ എത്തിയിരുന്നു. സഹപാഠികൾ ബന്ധുക്കളെ വിളിച്ചത് താൻ ആവശ്യപ്പെട്ടിട്ടായിരുന്നു. വാര്‍ഡനല്ല, റെസിഡന്റ് ട്യൂറ്ററാണ് ഹോസ്റ്റലിനകത്ത് താമസിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.