ആദിവാസി യുവാവിന്റെ മരണം; മർദിച്ചവരെ ഉടൻ അറസ്റ്റു ചെയ്യണമെന്ന് ബി.എസ്.പി

കൽപറ്റ : ഭാര്യയുടെ പ്രസവത്തിന് കോഴിക്കോട് മെഡിക്കൽ കോളജിലെത്തിയ വിശ്വനാഥൻ എന്ന ആദിവാസി യുവാവിന്റെ മരണത്തിൽ മർദിച്ചവരെ ഉടൻ അറസ്റ്റു ചെയ്യണമെന്ന് ബി.എസ്.പി നേതാക്കൾ വാർത്താസമ്മേളനത്തി ആവശ്യപ്പെട്ടു. മോഷണ കുറ്റം ആരോപിച്ച് നിരപരാധിയായ ആദിവാസി യുവാവിനെ ക്രൂരമായി മർദിക്കുകയും, മോഷ്ടാവെന്ന് മുദ്രയടിക്കുകയും മരണത്തിലേക്ക് തള്ളിവിടുകയും ചെയ്തവരെ പ്രതികളാക്കി ഉടൻ അറസ്റ്റ് ചെയ്യണം.

ദലിതരും ആദിവാസികളും കുറ്റവാളികളാണെന്ന പൊതുസമൂഹത്തിന്റെ ധാരണ അത്യന്തം അപകടകരമാണ്. പ്രതികൾ സംരക്ഷിക്കപ്പെടുകയോ രക്ഷപ്പെടുകയോ ചെയ്യുന്ന സ്ഥിതിയാണ് കേരളത്തിൽ നില നിൽക്കുന്നത്. 'അട്ടപ്പാടിയിലെ മധുവും, ആറ്റിങ്ങലിലെ പെൺകുട്ടിയും' ഉൾപ്പെടെ നിരവധിപേർ ഇതിന് ഉദാഹരണങ്ങളാണ്.

പിറന്നു വീണയുടൻ അച്ഛനെ നഷ്ടപ്പെട്ട വിശ്വനാഥൻ്റെ കുട്ടിക്കും, ആരുമില്ലാതായ വിശ്വനാഥൻ്റെ ഭാര്യയ്ക്കും, കുടുംബത്തിനും സംരക്ഷണം നല്കാൻ ഗവൺമെന്റ് തയാറാവണം.വിശ്വനാഥനെ മർദിക്കുന്നത് കണ്ടിട്ടും രക്ഷിക്കുവാനോ, മെഡിക്കൽ കോളജ് പോലീസിനെ അറിയിക്കാനോ തയാറാകാതിരുന്ന സെക്യൂരിറ്റി ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്യണം.

വിശ്വനാഥനെ കാണാനില്ലെന്ന പരാതിയുമായി ചെന്ന ബന്ധുക്കളെ പോലീസ് അധിക്ഷേപിച്ച്‌ ഇറക്കി വിടുകയാണുണ്ടായത്. പോലീസ് നീതിപൂർവ്വം പെരുമാറിയിരുന്നെങ്കിൽ വിശ്വനാഥനെ രക്ഷിക്കാമായിരുന്നു. കുറ്റകരമായ അനാസ്ഥയും , അവഗണനയും പോലീസിൻ്റെ ഭാഗത്തു നിന്നുണ്ടായി.

വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം. മെഡിക്കൽ കോളജിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വിശ്വനാഥനെ മർദിച്ചവരെ കണ്ടെത്തി നരഹത്യക്ക് അറസ്റ്റ് ചെയ്യണമെന്നും, മെഡിക്കൽ കോളജിലെ സി.സി.ടി.വി ദൃശ്യങ്ങൾ നഷ്ടപ്പെടാതെ സംരക്ഷിക്കുവാൻ അധികാരികൾ നടപടി സ്വീകരിക്കണമെന്നും ബഹുജൻ സമാജ് പാർട്ടി ആവശ്യപ്പെട്ടു. സംസ്ഥാന കൺവീനർ രമേഷ് നന്മണ്ട, ഗോപകുമാർ കാട്ടിക്കുളം, കെ.ടി.വാസു, മരിച്ച വശ്വനാഥന്റെ സഹോദരൻ വിനോദ് തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Death of tribal youth; BSP wants those who were beaten to be arrested immediately

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.