കോഴിക്കോട്: സംസ്ഥാനത്ത് റെയിൽ പാളങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. 2022ൽ പാലക്കാട് ഡിവിഷൻ പരിധിയിൽ മാത്രം 450 അപകടങ്ങളാണുണ്ടായത്. ഇതിൽ 321 പേർ മരിച്ചു. 139 പേർക്ക് പരിക്കേറ്റു. 2021ൽ 261 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 207 പേർ മരിച്ചു. 51 പേർക്ക് പരിക്കേറ്റു. ആത്മഹത്യകളും ഇതിൽ ഉൾപ്പെടുമെങ്കിലും അശ്രദ്ധയാണ് അപകടങ്ങളുടെ പ്രധാന കാരണമെന്ന് റെയിൽവേ അധികൃതർ പറയുന്നു. പാലക്കാട് മുതൽ മംഗളൂരു വരെയാണ് പാലക്കാട് ഡിവിഷന്റെ പരിധി. പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിലെ റെയിൽപാളങ്ങളിൽ മരണങ്ങൾ കൂടിവരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പന്നിയങ്കരയിൽ ട്രെയിനിടിച്ച് രണ്ടുപേർ മരിച്ചിരുന്നു.
സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തിയാൽ പാളങ്ങൾ മുറിച്ചുകടക്കുമ്പോൾ എതിരെവരുന്ന ട്രെയിനിടിക്കുന്നതും പതിവാണ്. ഓടുന്ന ട്രെയിനിൽനിന്ന് ഇറങ്ങുന്നതും ചാടിക്കയറുന്നതും പാളത്തിലിരുന്ന് മദ്യപിക്കുന്നതും സെൽഫിയെടുക്കലും എല്ലാം അപകടം വിളിച്ചുവരുത്തുന്നവയാണ്.
ഓടുന്ന ട്രെയിനിൽ കയറാനോ ഇറങ്ങാനോ ശ്രമിക്കുന്നതിനിടെയോ പാളം മുറിച്ചുകടക്കുമ്പോഴോ ഉണ്ടാകുന്ന അപകടങ്ങളിൽപെട്ടാണ് കൂടുതൽ പേരും മരിക്കുന്നത്. വാഷ്ബേസിനടുത്ത് പിടിക്കാതെ നിൽക്കുമ്പോൾ ട്രെയിനിനുണ്ടാകുന്ന ചെറിയ ഇളക്കം പോലും യാത്രക്കാർ പുറത്തേക്ക് തെറിച്ചുവീഴുന്നതിന് കാരണമാകാറുണ്ട്. മുമ്പ് ട്രെയിൻ എൻജിനുകൾക്ക് വലിയ ശബ്ദമുണ്ടായിരുന്നതിനാൽ ശബ്ദം കേട്ട് ആളുകൾ പാളത്തിൽ നിന്ന് ഓടിമറയുമായിരുന്നു. ഇപ്പോൾ ഇലക്ട്രിക് എൻജിനുകൾക്ക് ശബ്ദം കുറവാണ്.
പാളത്തിൽ അതിക്രമിച്ച് കടക്കുന്നത് ആറുമാസം വരെ തടവും 1000 രൂപ പിഴയും ലഭിക്കുന്ന കുറ്റമാണെങ്കിലും മാനുഷിക പരിഗണനയുടെ പേരിൽ റെയിൽവേ ഇതിനുനേരെ കണ്ണടക്കുകയാണ് പതിവ്. പാളത്തിൽ അതിക്രമിച്ചു കയറിയതിന്റെ പേരിൽ 2022ൽ 2261 കേസുകളാണ് രജിസ്റ്റർ ചെയ്തത്.
വാതിലിലെ പടികളിൽ ഇരുന്നോ നിന്നോ യാത്ര ചെയ്യുന്നത് പിടികൂടിയാൽ ആറുമാസംവരെ തടവും 500 മുതൽ 1000 വരെ പിഴയും കിട്ടാവുന്ന ശിക്ഷയാണ്. മേൽപാലത്തിലൂടെയും അടിപ്പാതയിലൂടെയുമല്ലാതെ പാളം മുറിച്ചുകടന്നാലും ശിക്ഷ ഇതുതന്നെ. പാളത്തിലിരുന്ന് മദ്യപിച്ചാൽ 2000 വരെയാണ് പിഴ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.