തിരുവനന്തപുരം: ഡാറ്റാ ബാങ്കിൽ/ കരട് ഡാറ്റാ ബാങ്കിൽ നിലമോ തണ്ണീർത്തടമോ അല്ലാത്ത, റവന്യൂരേഖകളിൽ നിലമായി രേഖപ്പെടുത്തിയിട്ടുള്ള ഭൂമിയിൽ കെട്ടിട നിർമാണത്തിനുള്ള അപേക്ഷകളിൽ ഒരു മാസത്തിനകം തീർപ്പ് കൽപിക്കാൻ റവന്യൂ ഡിവിഷനൽ ഓഫിസർക്ക് സർക്കാർ നിർദേശം.
ഇക്കാര്യം അടിയന്തരമായി നടപ്പാക്കണമെന്ന് നിർദേശം നൽകി റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്. കുര്യൻ കലക്ടർമാർക്കും പഞ്ചായത്ത്-, കൃഷി ഡയറക്ടർമാർക്കും സർക്കുലർ അയച്ചു. ഡാറ്റാ ബാങ്കിൽ/ കരട് ഡാറ്റാ ബാങ്കിൽ നിലമോ തണ്ണീർത്തടമോ അല്ലാത്ത, റവന്യൂരേഖകളിൽ നിലമായി രേഖപ്പെടുത്തിയിട്ടുള്ള ഭൂമിയിൽ കെട്ടിടനിർമാണത്തിന് രൂപാന്തരപ്പെടുത്താൻ അനുമതി നൽകണമെന്നാണ് നിർദേശം.
ഇതുസംബന്ധിച്ച് ലഭിക്കുന്ന അപേക്ഷകളിൽ വില്ലേജ് ഓഫിസറുടെയും കൃഷി ഓഫിസറുടെയും റിപ്പോർട്ട് വാങ്ങി ഒരു മാസത്തിനുള്ളിൽ റവന്യൂ ഡിവിഷനൽ ഓഫിസർ തീർപ്പ് കൽപിക്കണം. നിലം നികത്തൽ സംബന്ധിച്ച് 1967ലെ ഭൂവിനിയോഗ ഉത്തരവും 2008ലെ നെൽവയൽ^തണ്ണീർത്തട സംരക്ഷണ നിയമവും ജലജ -ദിലീപ് കേസിലെ കോടതിവിധിയും ചൂണ്ടിക്കാണിച്ച് 2016 ഡിസംബറിൽ സർക്കുലർ ഇറക്കിയിരുന്നു.
അതിൽ നെൽവയൽ^തണ്ണീർത്തട സംരക്ഷണ നിയമത്തിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ ഡാറ്റാബാങ്കിൽ നിലത്തിലും തണ്ണീർത്തടത്തിലും ഉൾപ്പെടാത്ത, റവന്യൂ രേഖകളിൽ (ബി.ടി.ആർ) നിലമെന്ന് രേഖപ്പെടുത്തിയതുമായ ഭൂമിയിൽ ഉടമക്ക് സ്വന്തം വീട് നിർമിക്കാനാണ് അനുമതി നൽകിയത്. 1967ലെ കേരള ഭൂവിനിയോഗ ഉത്തരവിലെ സെക്ഷൻ ആറ് അനുസരിച്ച് വീടില്ലാത്ത സാധാരണക്കാർക്കും കർഷകർക്കും കോർപറേഷനിൽ മൂന്നും മുനിസിപ്പാലിറ്റിയിൽ അഞ്ചും ഗ്രാമപഞ്ചായത്തിൽ- പത്തും സെൻറ് വരെ നടപടിക്രമങ്ങൾ പാലിച്ച് വീട് നിർമാണത്തിന് ഉപയോഗിക്കാം.
തത്ത്വത്തിൽ 2008നുമുമ്പ് നെൽവയൽ നികത്തിയ കേസുകളിൽ ബി.ടി.ആറിൽ നിലമെന്ന് രേഖപ്പെടുത്തിയ ഭൂമിയിലും വീടുവെക്കാൻ അനുമതി നൽകാനായിരുന്നു നിർദേശം. നിയമത്തിലെ വ്യവസ്ഥ പാലിക്കാൻ കൃഷി ഓഫിസർ കൺവീനറായി പ്രാദേശികതല നിരീക്ഷണ സമിതിക്ക് (എൽ.എൽ.എം.സി) നൽകിയ അധികാരം പുനഃസ്ഥാപിക്കാനും നിർദേശം നൽകിയിരുന്നു.
കാലാവധി കഴിഞ്ഞതിനാൽ അടിയന്തരമായി പുതിയ കമ്മിറ്റികൾ രൂപവത്കരിക്കേണ്ടതുണ്ട്. നെൽവയൽ സംരക്ഷണ നിയമപ്രകാരം തീരുമാനിക്കേണ്ട അപേക്ഷകൾ കമ്മിറ്റികൾ പരിശോധിച്ച് നിയമാനുസൃതം തീർപ്പാക്കണം.
അതേസമയം, ഡാറ്റാബാങ്കിൽ നെൽവയൽ/ തണ്ണീർത്തടം എന്ന് രേഖപ്പെടുത്തിയ സ്ഥലങ്ങൾ പരിവർത്തനപ്പെടുത്താൻ അനുവദിക്കില്ല. അതുപോലെ 2008നുമുമ്പ് പരിവർത്തനപ്പെടുത്തിയ പ്രായമായ തെങ്ങ് മുതലായ മരങ്ങൾ നിൽക്കുെന്നന്ന് രേഖപ്പെടുത്തിയതും ഡാറ്റാബാങ്കിൽ ഉൾപ്പെട്ടതുമായ സ്ഥലങ്ങൾ ഭൂവിനിയോഗ ഉത്തരവുപ്രകാരം പരിഗണിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.